Latest News

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി
X

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) വൈസ് ചാന്‍സലര്‍ നിയമനം സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിസിയെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവും സ്‌റ്റേയും ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചാന്‍സലറായ ഗവര്‍ണര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസിനും നിര്‍ദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിസിയുടെ പേര് ശുപാര്‍ശ ചെയ്യാനുളള അവകാശം സര്‍ക്കാരിനാണെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.

താല്‍ക്കാലിക നിയമനങ്ങള്‍പോലും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചേ നിയമിക്കാനാകൂ എന്നായിരുന്നു ഗവര്‍ണറുടെ അഭിഭാഷകന്റെ വാദം. സമാനമായ മറ്റൊരു കേസുകൂടി ഉണ്ടെന്നും അതിനൊപ്പം ഈ ഹരജി നാളെ പരിഗണിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. യുജിസിയെക്കൂടി ഹരജിയില്‍ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യപ്പെട്ടു. നിയമനം ഇപ്പോള്‍ സ്‌റ്റേ ചെയ്യാനാവില്ലെന്നും വെളളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി മറുപടി നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഡോ.സിസ തോമസിന് വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കിയത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസാ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വിസിയുടെ ചുമതല നല്‍കിയത്. വൈസ് ചാന്‍സലറായിരുന്ന ഡോക്ടര്‍ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.

Next Story

RELATED STORIES

Share it