Latest News

'ഈ അമ്മയുടെ നിലവിളി കേള്‍ക്കാനല്ലെങ്കില്‍ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങള്‍?': അനുപമ ചന്ദ്രന് നീതി ഉറപ്പുവരുത്തണമെന്ന് കെ കെ രമ എംഎല്‍എ

ഈ അമ്മയുടെ നിലവിളി കേള്‍ക്കാനല്ലെങ്കില്‍ നമുക്കെന്തിനാണീ നീതിന്യായ സംവിധാനങ്ങള്‍?: അനുപമ ചന്ദ്രന് നീതി ഉറപ്പുവരുത്തണമെന്ന് കെ കെ രമ എംഎല്‍എ
X

തിരുവനന്തപുരം: അനുപമ ചന്ദ്രന്‍ എന്ന അമ്മയുടെ നിലവിളിക്ക് പരിഹാരം കാണാനായില്ലെങ്കില്‍ അത്തരമൊരു നീതിന്യായ സംവിധാനം കൊണ്ട് എന്തുഗുണമെന്ന് കെ കെ രമ എംഎല്‍എ. ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത നടപടിയെ അവര്‍ അപലിപിക്കുകയും ചെയ്തു. ഫേസ് ബുക്കിലാണ് വടകര എം എല്‍എ കെ കെ രമയുടെ പ്രതികരണം.

മനസ്സാക്ഷിയുള്ളവര്‍ക്ക് നെഞ്ചു പൊളളിക്കൊണ്ടല്ലാതെ നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാനുള്ള ഈ അമ്മയുടെ നിലവിളി കേട്ടു നില്‍ക്കാനാവില്ലെന്നും അനുപമ ചന്ദ്രന്‍ എന്ന യുവതിയുടെ കുഞ്ഞിനെ പിറന്ന ഉടനെ അമ്മയില്‍ വേര്‍പെടുത്തിയത് മറ്റാരുമല്ല സ്വന്തം രക്ഷിതാക്കള്‍ തന്നെയാണെന്ന് ആ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലവിളിച്ച് പറഞ്ഞതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

''സ്വന്തം കുഞ്ഞുങ്ങളെ ഇത്തരമൊരു സംവിധാനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് മാതൃശിശു സൗഹൃദപരമായ ഏറെ വ്യവസ്ഥകളാണ് നമ്മുടെ നിയമങ്ങളിലുള്ളത്. അതിന് മുന്നോടിയായി നടക്കേണ്ട കൗണ്‍സിലിങ്ങോ സാഹചര്യ പഠനങ്ങളോ നടക്കാതെ,ഏതോ ഒരു രഹസ്യ കേന്ദ്രത്തില്‍ വച്ച് ഏതോ നോട്ടറി വക്കീല്‍ എഴുതിയുണ്ടാക്കി എന്ന് അനുപമയുടെ അച്ഛന്‍ അവകാശപ്പെടുന്ന വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായ സ്ഥാപനമുള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് സമഗ്ര അന്വേഷണം നടക്കണം... മുഖ്യമന്ത്രി മുതല്‍ ഈ നാട്ടിലെ എല്ലാ നീതിനിര്‍വ്വഹണ സംവിധാനങ്ങളുടെയും വാതിലില്‍ ഈ അമ്മ മുട്ടിയിട്ടും അവയൊന്നും കണ്ണു തുറക്കാതായതിന് ഒറ്റക്കാരണമേയുളളൂ. സിപിഎം നേതാവായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ ഉന്നതതല സ്വാധീനം''- കെ കെ രമ പറഞ്ഞു.

സിപിഎം സംസ്ഥാനകമ്മിറ്റിയംഗവും തിരുവനന്തപുരത്തെ പ്രധാന നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ മകനും നിലവില്‍ ഏരിയാ കമ്മിറ്റിയംഗവുമാണ് ജയചന്ദ്രന്‍.

''വനിതകളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന പി.ആര്‍ പണിയില്‍ തീരുമോ സര്‍ക്കാരിന്റെയും അതാത് വകുപ്പുകളുടെയും ഉത്തരവാദിത്തം? വടക്കേ ഇന്ത്യന്‍ മാടമ്പി രാഷ്ട്രീയത്തെ നാണിപ്പിക്കും വിധം നടന്ന ഈ മനുഷ്യത്വ വിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഉള്ളുകള്ളികള്‍ മുഴുവന്‍ ജനാധിപത്യ, നിയമ വിചാരണയ്ക്ക് വിധേയമാവണം''- അനുപമ ചന്ദ്രന് കുഞ്ഞിനെ ഉടന്‍ തിരിച്ചു കിട്ടണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it