ബാബരി: നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം (വീഡിയോ)

'ബാബരി മസ്ജിദോ രാമ ജന്മ ഭൂമിയോ?' എന്ന പുസ്തകത്തിന്റെ രചയിതാവും തേജസ് ന്യുസ് എഡിറ്ററുമായ പിഎഎം ഹാരിസ് വിഷയാവതരണം നടത്തി.

ബാബരി: നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം (വീഡിയോ)

ദമ്മാം: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നും പുറപ്പെടുവിച്ച വിചിത്രവും നീതിയുക്തവുമല്ലാത്ത വിധിക്കെതിരേ നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കണമെന്ന് 'നീതി തേടുന്ന ബാബരി' വിഷയത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ദമ്മാമില്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു.


അല്‍ റയാന്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി നാസര്‍ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദിനോടും മുസ്‌ലിംകളോടും ഭരണകൂടത്തിനും നീതി പീഠത്തിനും നീതിപുലര്‍ത്തണമെങ്കില്‍ ബാബരി മസ്ജിദ് അയോധ്യയില്‍ പുനര്‍ നിര്‍മിക്കുന്നതിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. ക്രുരന്മാരായ ഭരണാധികാരികള്‍ക്ക് മുന്നില്‍ കീഴൊതുങ്ങിക്കൊടുക്കാതെ നീതിക്കുവേണ്ടി ആര്‍ജ്ജവത്തോടെ നിലകൊള്ളാനും ധിക്കാരികളായ ഭരണകൂടങ്ങള്‍ക്കു മുന്നില്‍ തല ഉയര്‍ത്തിനിന്ന പ്രവാചകന്‍മാരുടെ ചരിത്രം മാതൃകയാക്കണമെന്നും അബ്ദുല്‍ സലാം മാസ്റ്റര്‍ ആഹ്വാനം ചെയ്തു.


'ബാബരി മസ്ജിദോ രാമ ജന്മ ഭൂമിയോ?' എന്ന പുസ്തകത്തിന്റെ രചയിതാവും തേജസ് ന്യുസ് എഡിറ്ററുമായ പിഎഎം ഹാരിസ് വിഷയാവതരണം നടത്തി. 1528ല്‍ ഭരണാധികാരിയായ ബാബറിന്റെ സൈനിക മേധാവിയായിരുന്ന മീര്‍ബാഖിയാണ് അവധില്‍ ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന് കൃത്യമായ ചരിത്ര രേഖകളുണ്ട്.

1570 മാര്‍ച്ച് 30നു തുളസീദാസ് രചിച്ച രാമചരിതമാനസത്തില്‍ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി ഒരിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യ സമരത്തെ വഴിതിരിച്ചുവിടാന്‍ 1854ല്‍ ബ്രിട്ടീഷുകാരാണ് ഹിന്ദു മുസ്‌ലിം കലാപം ലക്ഷ്യമിട്ടു അവിടെ തെറ്റായ ചില നടപടികള്‍ക്കു തുടക്കമിട്ടത്. 400 വര്‍ഷത്തിലധികം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ചുവന്നിരുന്ന മസ്ജിദ് 1992 ഡിസംബര്‍ 6നു ഹിന്ദുത്വ വാദികള്‍ തകര്‍ത്തത്തിലൂടെ രാജ്യത്ത് സമാധാനം തകര്‍ന്നു. 2019ല്‍ പരമോന്നത കോടതിയില്‍ നിന്നും വന്ന വിചിത്രമായ വിധിയിലൂടെ അനീതിയാണ് സംഭവിച്ചിട്ടുള്ളത്. ഏതൊരു സമൂഹത്തിലും സമാധാനമുണ്ടാകണമെങ്കില്‍ അവിടെ നീതി പുലരണമെന്നും നീതിക്കായുള്ള പോരാട്ടത്തില്‍ സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കണമെന്നും പിഎഎം ഹാരിസ് പറഞ്ഞു.

പരിപാടിയില്‍ മത സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രതിനിധീകരിച്ച് ഷാജഹാന്‍ എം കെ(പ്രവാസി), നിസാം വെള്ളാവില്‍ (പിസിഎഫ്), നസറുള്ളാഹ് അബ്ദുല്‍ കരീം ( ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), മൂസക്കുട്ടി കുന്നേക്കാടന്‍ (ഫ്രറ്റേണിറ്റി ഫോറം), പി ടി അലവി (ജീവന്‍ ടി വി), ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ), സിറാജുദ്ദീന്‍ ശാന്തിനഗര്‍ (തേജസ് ന്യുസ്), അഹ്മദ് യൂസുഫ്, ഷാഫി വെട്ടം സംസാരിച്ചു. മന്‍സൂര്‍ ആലംകോട്, ഷജീര്‍ ആറ്റിങ്ങല്‍, അലി മാങ്ങാട്ടൂര്‍, മുനീര്‍ ഖാന്‍ കൊല്ലം, റെനീഷ് പാണക്കാട് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top