Latest News

കോഴിക്കോട്ടേത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കും; ഡിസിസി റിപോര്‍ട്ടിന് ശേഷം നടപടിയെന്നും കെ സുധാകരന്‍

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം ദുഖകരമാണ്. ആക്രമണം വളരെ മോശമായിപ്പോയി. ഡിസിസിയുടെ റിപോര്‍ട്ട് മറ്റന്നാള്‍ ലഭിക്കും

കോഴിക്കോട്ടേത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കും; ഡിസിസി റിപോര്‍ട്ടിന് ശേഷം നടപടിയെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: കോഴിക്കോട് നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡിസിസിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കും. ഗ്രൂപ്പ് യോഗങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ല. ഡിസിസി റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം അതീവ ദുഖകരമാണ്. ആക്രമണം വളരെ മോശമായിപ്പോയി. ഡിസിസിയുടെ റിപോര്‍ട്ട് മറ്റന്നാള്‍ കിട്ടും. ആവശ്യമെങ്കില്‍ കെപിസിസി വീണ്ടും അന്വേഷണം നടത്തും. ശക്തമായ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് എ വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിരുന്നു.

അതേസമയം, തിരുവനന്തപുരത്തെ ശക്തനായ എ ഗ്രൂപ്പ് നേതാവ് എംഎ ലത്തീഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയെ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സുധാകരന്‍ ന്യായീകരിച്ചു. ലത്തീഫിനെതിരായ നിരവധി പരാതികള്‍ കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണവിധേമായിട്ടാണ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ആരെയെങ്കിലും ലക്ഷ്യമിട്ടോ ആരേയും ദ്രോഹിക്കാനോ അല്ല സസ്‌പെന്‍ഷന്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി സെക്രട്ടറിയായിരുന്ന എംഎ ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത് കെപിസിസി നേതൃത്വത്തിന് പരസ്യപ്രതിഷേധം നടന്നിരുന്നു. ആറ്റിങ്ങല്‍, പെരുമാതുറ, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ എംഎ ലത്തീഫിനെ അനുകൂലിച്ച് പ്രകടനം നടന്നിരുന്നു.

സംഘടന തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ എ ഗ്രൂപ്പിലെ പ്രമുഖനായ നേതാവിനെ വെട്ടിയത് തലസ്ഥാനത്തെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുകയാണ്.


Next Story

RELATED STORIES

Share it