Latest News

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നാ സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നാ സുരേഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
X

കൊച്ചി: സ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസില്‍ സ്വപ്‌നാ സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സ്വപ്‌ന നല്‍കിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി സ്വപ്‌നാ സുരേഷ് നല്‍കിയ 164 മൊഴിയിലാണ് ഇഡി തുടര്‍നടപടികളിലേക്ക് കടക്കുന്നത്. ആദ്യപടിയായാണ് ഇന്ന് രാവിലെ 11 മണിക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സ്വപ്‌നാ സുരേഷിന് ഇഡി നിര്‍ദേശം നല്‍കിയത്.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹവസ്തുക്കള്‍ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്‌ന നല്‍കിയത്. മുന്‍മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164 മൊഴിയില്‍ വെളിപ്പെടുത്തലുകളുണ്ട്. മൊഴി പകര്‍പ്പ് കേന്ദ്ര ഡയറക്ടറേറ്റ് പരിശോധിച്ച ശേഷമാണ് തുടരന്വേഷണവുമായി മുന്നോട്ടുപോവാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ സ്വപ്‌നാ സുരേഷ് കസ്റ്റംസിനു നല്‍കിയ 164 മൊഴിയും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌ന കസ്റ്റംസിനു നല്‍കിയ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹരജി ഇന്ന് സാമ്പത്തിക കുറ്റന്വേഷണ കോടതി പരിഗണിക്കുന്നുണ്ട്. സമാനമായ മൊഴി കസ്റ്റംസിന് നേരത്തെ നല്‍കിയിട്ടും അന്വേഷിച്ചില്ലെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി ഇഡി കോടതിയെ സമീപിച്ചത്. തനിക്ക് ഭീഷണിയുണ്ടെന്നും കേന്ദ്രസുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‌ന നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it