Latest News

സ്വര്‍ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം ഭക്തജനങ്ങളെ കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം ഭക്തജനങ്ങളെ കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും മറുപടി പറയണം. ഉണ്ണികൃഷ്ണന്‍ പോറ്റി ആരുടെ ബിനാമിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോടാനുകോടി ആളുകളാണ് ശബരിമലയില്‍ എത്തുന്നത്. ഭക്തജനങ്ങള്‍ ആശങ്കയിലാണ്. ഇത് ഗൗരവമുള്ള വിഷയമാണ്. എന്നിട്ടും എന്താണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണം കൊണ്ടൊന്നും ഇത് കണ്ടു പിടിക്കില്ല. കട്ട മുതല് കണ്ടെത്താന്‍ കള്ളന്‍മാരെതന്നെ ഏല്‍പ്പിച്ചിട്ട് കാര്യമില്ല. ഹൈക്കോടതിയുടെ കീഴില്‍ സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നില്‍ വലിയ ഗൂഡാലോചന ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം വരെ അടിച്ചുമാറ്റാനുള്ള മനസിനു പിന്നിലുള്ളത് കപട ഭക്തിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം ആര് അടിച്ചുമാറ്റി എന്നതില്‍ ഉത്തരം പറയേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ഭക്തജനങ്ങളെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണികളുമായ ബന്ധപ്പെട്ട സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ പെട്ടെന്ന് ധനികനായി മാറുകയും ശബരിമലയിലെ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തിരുവനന്തപുരത്തു മാത്രം കോടികളുടെ ഭൂമി ഇടപാടുകളുണ്ടെന്നാണ് വിവരം. മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം 30 കോടിയിലധികം രൂപയുടെ ഭൂമി കച്ചവടങ്ങള്‍ നടന്നതിന്റെ തെളിവുകളും പോലിസിന് ലഭിച്ചു. ഇയാള്‍ സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് വിവരം.

2019 ജുലായ് 20ന് പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസം സ്വര്‍ണ പാളികള്‍ എവിടെയായിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കേണ്ടി വരും. തിരികെ കൊണ്ടുവന്നപ്പോള്‍ നാലുകിലോഗ്രാം കുറഞ്ഞത് മഹസറില്‍ രേഖപ്പെടുത്താത്തതിനെക്കുറിച്ച് ദേവസ്വം ജീവനക്കാരും മറുപടി പറയേണ്ടിവരും.

Next Story

RELATED STORIES

Share it