Latest News

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ

ഗുരുതര കുറ്റകൃത്യങ്ങള്‍ നടത്തിയത് തെളിഞ്ഞെന്ന് ബംഗ്ലാദേശ് കോടതി

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ
X

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. ദ ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വര്‍ഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

കൊലപാതകത്തിന് പ്രേരണ നല്‍കുക, കൊലപാതകത്തിന് ഉത്തരവിട്ടു എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. 2024 ലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങളുടെ സൂത്രധാരി എന്നാണ് ട്രൈബ്യൂണല്‍ അവരെ വിശേഷിപ്പിച്ചത്. 12 പേരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അസദുസ്സമാന്‍ ഖാനും കോടതി വധശിക്ഷ വിധിച്ചു.അതേസമയം, മൂന്നാം പ്രതിയായ മുന്‍ ഐജിപി അബ്ദുള്ള അല്‍-മാമുന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.

പോലിസുമായും അവാമി ലീഗുമായും ബന്ധപ്പെട്ട ആയുധധാരികളായ ആളുകളെ സാധാരണക്കാരെ ആക്രമിക്കാന്‍ ഹസീന പ്രേരിപ്പിച്ചുവെന്നും അക്രമത്തെ പ്രോല്‍സാഹിപ്പിച്ചുവെന്നും അത് തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിക്കാന്‍ ഹസീന ഉത്തരവിട്ടെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

കൊലപാതകങ്ങള്‍ക്ക് ഹസീന നേരിട്ട് ഉത്തരവിട്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 5 അഞ്ച് പ്രതിഷേധക്കാരെ വെടിവച്ചു കൊന്നുവെന്നും ഒരാള്‍ക്ക് പരിക്കേറ്റു എന്നുമാണ് കുറ്റപത്രത്തിലുള്ളത്. ആ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കത്തിച്ചുവെന്നും ഒരു പ്രതിഷേധക്കാരനെ ജീവനോടെ കത്തിച്ചുവെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്.

ബംഗ്ലാദേശിലുള്ള ഷെയ്ഖ് ഹസീനയുടെയും അസദുസ്സമാന്‍ കമാലിന്റെയും സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടി. ഷെയ്ഖ് ഹസീനയും അസദുസ്സമാന്‍ കമാലും കഴിഞ്ഞ 15 മാസമായി ഇന്ത്യയില്‍ താമസിച്ചുവരികയാണ്. അതേസമയം, ഇരുവര്‍ക്കും അഭയം നല്‍കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it