Latest News

'സ്ഥാനാര്‍ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ല'; മുന്നറിയിപ്പുമായി കെ സി വേണുഗോപാല്‍

സ്ഥാനാര്‍ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ല; മുന്നറിയിപ്പുമായി കെ സി വേണുഗോപാല്‍
X

തിരുവനന്തപുരം: സ്ഥാനാര്‍ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. കെപിസിസി നേതൃയോഗത്തിലാണ് കെ സി വേണുഗോപാലിന്റെ താക്കീത്. കേന്ദ്ര നിരീക്ഷകന്‍ സച്ചിന്‍ പൈലറ്റ് കൂടി പങ്കെടുത്ത യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. സെമിഫൈനലില്‍ കോണ്‍ഗ്രസ് ജയിച്ചെന്നും ഫൈനലിലും കപ്പടിക്കുമെന്നും യോഗശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും തോറ്റാല്‍ പിന്നീട് പരിഗണിക്കില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയപ്പെടുന്നവരെ കോര്‍പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ മുന്നറിയിപ്പ്. പ്രേംകുമാറിനെ പോലുള്ളവരെ ചേര്‍ത്തുനിര്‍ത്തുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. നടന്‍ ജയന്‍ ചേര്‍ത്തലയും കെ സിയുമായി കൂടിക്കാഴ്ച നടത്തി. നാളെ കോട്ടയത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും.

എല്ലാവര്‍ക്കും സ്പേസുള്ള സാഹചര്യം കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഉണ്ടാകും. അവസരങ്ങള്‍ എല്ലാവരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളില്‍ എല്ലാവരുമായി ചര്‍ച്ച നടക്കുന്നു. കേരളത്തില്‍ പിആര്‍ കൊണ്ട് ജീവിക്കുന്നയാള്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ വിലക്കയറ്റം ഒരു തിരഞ്ഞെടുപ്പ് വിഷയമാണ്. അത് തിരഞ്ഞെടുപ്പ് ക്യാംപയിനാണ്. അതിനാണ് വീടുകളില്‍ പോയത്. അത് എങ്ങനെ പി ആറാകും. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഗിഗ് വര്‍ക്കേഴ്സിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ദേശീയ നയമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗിഗ് വര്‍ക്കേഴ്സിന് അനുകൂലമായ നയമുണ്ട്. കേരള സര്‍ക്കാര്‍ പറ്റിക്കുന്നു എന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it