Latest News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ.കെ അനന്തഗോപന്‍ ചുമതലയേറ്റു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അഡ്വ.കെ അനന്തഗോപന്‍ ചുമതലയേറ്റു
X

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.15ന് തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

സിപിഎം മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറയും സിപിഎം സംസ്ഥാനകമ്മിറ്റിയംഗവുമാണ് അഡ്വ. കെ അനന്തഗോപന്‍. ബോര്‍ഡ് അംഗമായി സിപിഐ നോമിനി അഡ്വ.മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മനോജ് ചരളേലിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

രാവിലെ 10ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തിയ ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും ജീവനക്കാര്‍ ഊഷ്മളമായി വരവേറ്റു. ബോര്‍ഡ് കെട്ടിടത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് അംഗം പിഎം തങ്കപ്പനും ദേവസ്വം സെക്രട്ടറി എസ് ഗായത്രീ ദേവി,ദേവസ്വം കമ്മീഷണര്‍ ബിഎസ് പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുധീഷ് കുമാര്‍, രാജേന്ദ്രപ്രസാദ് എന്നിവരും ചേര്‍ന്ന് പുതിയ പ്രസിഡന്റിനെയും അംഗത്തെയും സ്വീകരിച്ചു. 10.15ന് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് അഡ്വ.കെ അനന്തഗോപന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ദേവസ്വം സെക്രട്ടറി എസ് ഗായത്രീ ദേവിയാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തത്. ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ സുനില്‍ അരുമാനൂര്‍ പുതിയ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു.

മന്ത്രി ജിആര്‍ അനില്‍,എം.എല്‍.എ മാരായ മാത്യു ടി തോമസ്, ജിനീഷ് കുമാര്‍ ,ദേവസ്വം ബോര്‍ഡ് അംഗം പിഎം തങ്കപ്പന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ അഡ്വ.എന്‍ വാസു, എ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ അഡ്വ.കെഎസ് രവി, കെ പി ശങ്കരദാസ്, എന്‍ വിജയകുമാര്‍, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ദേവസ്വം ബോര്‍ഡിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പഠിച്ച് ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it