Latest News

പോലിസിന്റെ കൊവിഡ് നിയന്ത്രണം: ജനജീവിതത്തിനു ഭീഷണിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി

പോലിസിന്റെ കൊവിഡ് നിയന്ത്രണം: ജനജീവിതത്തിനു ഭീഷണിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പോലിസ് ഏറ്റെടുത്തതോടെ ജനജീവിതം ദുസ്സഹമായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാനത്ത് പോലിസ് രാജ് നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉരുട്ടിക്കൊലകളിലും മൂന്നാം മുറകളിലും പ്രാഗല്‍ഭ്യം തെളിയിച്ച കേരളാ പോലിസിനെ കയറൂരി വിടുന്ന സര്‍ക്കാര്‍ നടപടി സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങളാണ് പോലിസ് ഏര്‍പ്പെടുത്തുന്നത്. പല പ്രദേശങ്ങളിലും പ്രധാന റോഡുകള്‍ മാത്രമല്ല ഇടവഴികള്‍ വരെ പോലിസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. പ്രളയത്തിലും രോഗാവസ്ഥയിലും രക്ഷാപ്രവര്‍ത്തിനു പോലും സാധിക്കുന്നില്ല.

കനത്ത മഴയില്‍ വീട്ടില്‍ വെള്ളംകയറുമ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ കഴിയുന്നില്ല. പാസ് ഉണ്ടായിട്ടും ബംഗളൂരുവില്‍ നിന്നെത്തിയ യുവാവിനെ വയനാട് തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ പോലിസ് ആറ് മണിക്കൂര്‍ തടഞ്ഞുവെക്കുകയും വയനാട് കലക്ടര്‍ നേരിട്ടെത്തി അതിര്‍ത്തി കടത്തിവിടുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പുവരെ കൊവിഡ് സജീവ ചര്‍ച്ചയായി നിലനിര്‍ത്താനും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും തടയാനുമാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെവന്യൂ, ആരോഗ്യ വകുപ്പുകളെ നോക്കുകുത്തിയാക്കി രോഗനിയന്ത്രണം പോലിസിനെ ഏല്‍പ്പിച്ചതിനെതിരേ ഐ.എം.എ ഉള്‍പ്പെടെ പ്രതിഷേധിച്ചെങ്കിലും രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയായിരുന്നു. സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് പാര്‍പ്പിട പദ്ധതി ഉള്‍പ്പടെ വന്‍ അഴിമതിആരോപണങ്ങളാണ് സര്‍ക്കാരിനെതിരേ ഉയരുന്നത്. എല്ലാ പ്രതിഷേധങ്ങളെയും ലാത്തികള്‍ കൊണ്ടും അറസ്റ്റുകൊണ്ടും നേരിടാന്‍ പോലിസിനെ ഉപയോഗിക്കാനുള്ള മറയായി കൊവിഡ് മാറിയിരിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും റോയി അറയ്ക്കല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it