Latest News

കൊവിഡ്, കൃഷി, നിര്‍മാണ മേഖല: ലോക്ക് ഡൗണ്‍ സമയ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍

കൊവിഡ്, കൃഷി, നിര്‍മാണ മേഖല: ലോക്ക് ഡൗണ്‍ സമയ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍
X

തിരുവനന്തപുരം: വിശാഖപട്ടണത്തുണ്ടായ വിഷവാതകച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാസവസ്തുശാലകളിലും ലോക്ക് ഡൗണിനുശേഷം തുറക്കേണ്ട ഇതര വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ വ്യവസായവകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണസംവിധാനത്തെ സഹായിക്കാന്‍ സീനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിര്‍ദേശിച്ചത് വിവേചനപൂര്‍വം നടപ്പാക്കേണ്ടതാണ്. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങളുണ്ടാകും. അവയ്ക്ക് ഇളവുനല്‍കും. അവശ്യം വേണ്ട ഭക്ഷണശാലകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുകയാണ്.

704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിങ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്‌നീഷ്യന്‍മാര്‍, 292 ജെഎച്ച്‌ഐമാര്‍, 317 ക്ലീനിങ് സ്റ്റാഫുകള്‍ തുടങ്ങി 34ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചുവരുന്നു.

നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. ഇതുകൂടാതെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിനുപുറമെ നിലവിലുള്ള ഒഴിവുകള്‍ അഡ്‌ഹോക്ക് നിയമനം വഴി നികത്തുന്നുമുണ്ട്.

പെന്‍ഷന്‍, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ വീതം സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കും. മെയ് 25നകം വിതരണം പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് കൊവിഡ് കാലത്തിനുശേഷമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ള 'സുഭിക്ഷ കേരളം' പദ്ധതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷം കൊണ്ട് 3,860 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ ഒന്നിച്ച് നടപ്പാക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിക്കുന്നു.

തരിശുനിലങ്ങളില്‍ കൃഷിയിറക്കുക, ഉല്‍പാദനവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഈ ബൃഹദ് പദ്ധതിയിലൂടെ നമുക്ക് ഇന്നത്തെ പ്രയാസങ്ങളെ അതിജീവിക്കാന്‍ കഴിയണം.

സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിചച് പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ നമ്മുടെ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുകയുള്ളു.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്‌സിന്‍, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാന്‍ കുത്തക കമ്പനികള്‍ ശ്രമിച്ചുവരികയാണ്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഉല്‍പന്നങ്ങള്‍ പേറ്റന്റ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വന്‍ വിലയ്ക്കായിരിക്കും മാര്‍ക്കറ്റ് ചെയ്യുക.

Next Story

RELATED STORIES

Share it