Latest News

തൃശൂരിലും കോട്ടയത്തും കോണ്‍ഗ്രസ്-ബിജെപി സഖ്യം

തൃശൂരിലെ മറ്റത്തൂരിലും കോട്ടയത്തെ കുമരകത്തും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ കൈകോര്‍ത്തു

തൃശൂരിലും കോട്ടയത്തും കോണ്‍ഗ്രസ്-ബിജെപി സഖ്യം
X

കോട്ടയം: കോട്ടയത്ത് കുമരകം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ ഭരണം നേടാനാകുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷയാണ് തകര്‍ന്നത്. സ്വതന്ത്ര അംഗത്തിന് യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ നറുക്കെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച പി എ ഗോപി പ്രസിഡന്റായി. യുഡിഎഫിന്റെ നാല് അംഗങ്ങളും, ബിജെപിയുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡന്റ് സ്ഥാനം ഗോപിക്ക് കൈവന്നത്. മുന്‍പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഗോപി 2005ല്‍ പഞ്ചായത്തില്‍ മല്‍സരിച്ച് വിജയിച്ചു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2010ല്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി നില്‍ക്കുകയായിരുന്നു.

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടി. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു. ഡിഡിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രനും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പനും ബിജെപിയില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയാണ് ഈ നാടകത്തിന് കൂട്ടുനിന്നതെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. മറ്റത്തൂരില്‍ നടന്നത് ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഎം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളും ബിജെപി സംസ്ഥാന നേതാവും തിരഞ്ഞെടുപ്പ് ദിവസം പഞ്ചായത്തില്‍ ക്യാംപ് ചെയ്തു. ഇരു പാര്‍ട്ടികളും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് ജനാധിപത്യം അട്ടിമറിച്ചതെന്നും സിപിഎം ആരോപിച്ചു.

Next Story

RELATED STORIES

Share it