Latest News

ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരേ പരസ്യപ്രതികരണവുമായി ഇറാന്‍

ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയവയാണ് ഇറാനു മുമ്പ് ഡല്‍ഹി അക്രമങ്ങളെ അപലപിച്ച മറ്റു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍

ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരേ പരസ്യപ്രതികരണവുമായി ഇറാന്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരേയുള്ള സംഘടിതമായ അക്രമങ്ങളെ അപലപിച്ച് ഇറാന്‍. വിദേശകാര്യ മന്ത്രി ജാവദ് സരിഫ് ആണ് ഡല്‍ഹിയില്‍ നടന്ന സംഘപരിവാര്‍ അക്രമങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ചത്. ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിവേകശൂന്യമായ അതിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ ഡല്‍ഹി അക്രമങ്ങള്‍ക്കെതിരേ പരസ്യപ്രതികരണം നടത്തുന്ന നാലാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായി ഇറാന്‍ മാറി.

നയതന്ത്രരംഗത്ത് ഏറെ പരിചയ സമ്പന്നനായ സാഫിര്‍ ട്വിറ്ററിലൂടെയാണ് ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരേ പ്രതികരിച്ചത്. ''ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരേ അരങ്ങേറുന്ന സംഘടിത കുറ്റകൃത്യങ്ങളെ ഇറാന്‍ അപലപിക്കുന്നു. എത്രയോ നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യന്‍ മുസ്ലിങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. അവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം. സംവാദവും നിയമവാഴ്ചയുമാണ് സമാധാനത്തിലേക്കുള്ള പാത''- തിങ്കളാഴ്ച രാത്രി ചെയ്ത ട്വീറ്റില്‍ സാഫിര്‍ പറഞ്ഞു.

ഇന്തോനേഷ്യ, തുര്‍ക്കി, പാകിസ്താന്‍ തുടങ്ങിയവയാണ് ഇറാനു മുമ്പ് ഡല്‍ഹി അക്രമങ്ങളെ അപലപിച്ച മറ്റു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍. തുര്‍ക്കിയുടേയും പാകിസ്താന്റെയും പ്രതിഷേധങ്ങളെ സര്‍ക്കാര്‍ തള്ളിയിരുന്നു. അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിച്ചിരുന്നെങ്കിലും ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

മലേഷ്യയും ബംഗ്ലാദേശും നേരത്തെത്തന്നെ സിഎഎയെയും എന്‍ആര്‍സിയെയും വിമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it