അസമില്‍ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം പടര്‍ന്നുപിടിക്കുന്നു

ബംഗ്ലാദേശി ഹിന്ദുക്കളുടെ ബാധ്യത ഏറ്റെടുക്കാന്‍ അസം തയ്യാറല്ലെന്നും നേതാക്കള്‍ പറഞ്ഞു.

അസമില്‍ പൗരത്വ ബില്ലിനെതിരേ പ്രതിഷേധം പടര്‍ന്നുപിടിക്കുന്നു

ഗുഹാവത്തി: പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍(ആസു) തീരുമാനിച്ചു. സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടേതാണ് തീരുമാനം. വടക്ക് കിഴക്കന്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ(നിസൊ) തീരുമാനം വന്നശേഷമായിരിക്കും ഭാവി പരിപാടികള്‍ തീരുമാനിക്കുക. നിസൊയിലെ ഘടകകക്ഷിയാണ് ആസു.

പൗരത്വ ഭേദഗതി നിയമത്തിന് അനുമതി നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം തീരുമാനമെടുത്തിരുന്നു. മുസ്ലിങ്ങള്‍ ഒഴികെയുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒരു നിശ്ചിത കാലപരിധിക്കുള്ളില്‍ പൗരത്വം നല്‍കുകയാണ് ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നത്.

ബില്ല് അടുത്ത ആഴ്ച പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും.

കേന്ദ്ര ആഭ്യന്തര മന്ത്രി തങ്ങളുടെ വിഷമം മനസ്സിലാക്കുമെന്നാണ് കരുതിയിരുന്നതെന്ന് ആസു ജന. സെക്രട്ടറി ലുറിന്‍ജ്യോതി ഗൊഗോയ് പറഞ്ഞു. ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച ഒരു നാടകം മാത്രമായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോട് എന്നും കേന്ദ്രത്തിന് ചിറ്റമ്മ നയമാണ് ഉള്ളതെന്ന കാര്യം ഇത് ഒരിക്കല്‍ കൂടി ഉറപ്പിച്ചു'- അസമിലെ ബില്ലിനെതിരായ വികാരത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ നല്‍കിയ അംഗീകാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉഡല്‍ഗുരി ജില്ലയിലെ തംഗ്ലയില്‍ ആസു അടക്കം 29 സംഘടനകള്‍ പങ്കെടുത്ത റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ 7 കിലോമീറ്റല്‍ നീളമുള്ള റാലിയില്‍ പങ്കെടുത്തുവെന്ന് ദേശീയദിനപത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അസം നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കുള്ള ഇടമല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് ആസു അസി. ജനറല്‍ സെക്രട്ടറി ജയന്ത കുമാര്‍ ഭട്ടാചാര്യ ഓര്‍മിപ്പിച്ചു. 1985 ലെ അസം കറാറിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനെയും ആസു അംഗീകരിക്കില്ല. ആ കരാറനുസരിച്ച് 1971 മാര്‍ച്ച് 24 വരെയുള്ള കുടിയേറ്റങ്ങള്‍ക്കു മാത്രമേ നിയമസാധുതയുള്ളൂ. ബംഗ്ലാദേശി ഹിന്ദുക്കളുടെ ബാധ്യത ഏറ്റെടുക്കാന്‍ അസം തയ്യാറല്ലെന്നും നേതാക്കള്‍ പറഞ്ഞു.
RELATED STORIES

Share it
Top