Latest News

വായുമലിനീകരണം: ആവശ്യം ശാസ്ത്രീയ സമീപനം, താല്‍ക്കാലിക നടപടികള്‍ ഗുണം ചെയ്യില്ലെന്ന് സുപ്രിംകോടതി

വായുമലിനീകരണം: ആവശ്യം ശാസ്ത്രീയ സമീപനം, താല്‍ക്കാലിക നടപടികള്‍ ഗുണം ചെയ്യില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വായുമലിനീകരണ നിയന്ത്രണത്തിന് താല്‍ക്കാലിക പരിഹാരം പോരെന്നും ശാസ്ത്രീയ സമീപനമാണ് ആവശ്യമെന്നും സുപ്രിംകോടതി. ഇപ്പോള്‍ മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ടെങ്കിലും മലിനീകരണവുമായി ബന്ധപ്പെട്ട കേസ് തുടര്‍ന്നും കേള്‍ക്കുമെന്നും നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

വയല്‍ കത്തിക്കല്‍ നിയന്ത്രിക്കാന്‍ നിയമം ലംഘിക്കുന്നവര്‍ എത്ര തുക പിഴയായി ഒടുക്കണമെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കുമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഡല്‍ഹിയും സമീപ നഗരങ്ങളും കടുത്ത വായുമലിനീകരണം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് രാജ്യ തലസ്ഥാനമാണ്. ലോകത്തിന് നാം നല്‍കുന്ന സന്ദേശം എന്താണെന്ന് നോക്കൂ. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വേണം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാന്‍. അത് നോക്കിവേണം ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. അങ്ങനെയെങ്കില്‍ പ്രശ്‌നം ഗുരുതരമാവില്ല- കോടതി പറഞ്ഞു.

ഇപ്പോള്‍ സൂപ്പര്‍ കംപ്യൂട്ടറുകള്‍ ലഭ്യമാണ്. നമുക്കൊരു സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ വേണ്ടിവരും- കോടതി സര്‍ക്കാരിനോട് പറഞ്ഞു.

ഇപ്പോഴും ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അപകടകരമായ നിലയിലാണ്. ഉല്‍സവകാലവുമായി ബന്ധപ്പെട്ട പടക്കം പൊട്ടിക്കല്‍ നഗരത്തിലെ മലിനീകരണത്തോത് കുറച്ചുകൂടെ വര്‍ധിപ്പിച്ചിരുന്നു.

നഗരത്തില്‍ തൃപ്തികരമായ മലിനീകരണത്തോത് ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.

മലിനീകരണം എന്തുകൊണ്ടാണ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഇതേക്കുറിച്ച് എയര്‍ ക്വാളിറ്റി കമ്മീഷന്‍ പഠനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മലിനീകരണ നിയന്ത്രണത്തിന് ഹ്രസ്വകാലവും ദീര്‍ഘകാലവുമായ നടപടികള്‍ വേണം. അത്തരം പദ്ധതികളുമായി വരുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി.

വയല്‍ കത്തിക്കല്‍ കണക്കിലെടുക്കണമെന്ന് അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞു. കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെങ്കില്‍ വയല്‍കത്തിക്കല്‍ നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്ന വൈക്കോലിന്റെ അളവിനെക്കുറിച്ച് എന്തെങ്കിലും പഠനമുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇത് വലിയൊരു പ്രശ്‌നമാണ്. ഇതെങ്ങനെയാണ് നിയന്ത്രിക്കുന്നത്? നാമിപ്പോള്‍ നമ്മുടെ സാമാന്യബോധം ഉപയോഗിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? അവര്‍ക്കെന്തുകൊണ്ട് കര്‍ഷകരെയും ശാസ്ത്രജ്ഞരെയും നേരിട്ട് കണ്ടുകൂടാ? -കോടതി ചോദിച്ചു.

മൂന്ന് മൂന്നാമത്തെ ആഴ്ചയാണ് ഇതേ വിഷയം കോടതി പരിഗണനയ്‌ക്കെടുക്കുന്നത്.

Next Story

RELATED STORIES

Share it