Latest News

പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധം-എന്‍ആര്‍സിയ്ക്കും പൗരത്വ നിയമത്തിനുമെതിരേ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രമേയം

പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ നിയമവിരുദ്ധവും ന്യൂനപക്ഷങ്ങളെയും പാവപ്പെട്ടവരെയും ദലിത് ആദിവാസി ജനതയെയും ലക്ഷ്യം വയ്ക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.

പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും ഭരണഘടനാ വിരുദ്ധം-എന്‍ആര്‍സിയ്ക്കും പൗരത്വ നിയമത്തിനുമെതിരേ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രമേയം
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ പട്ടികയിലും ഉറച്ചുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമവുമായി ഇരുപത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അടക്കം 20 സംഘടനകളുടെ ദേശീയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പൗരത്വ പട്ടിക തയ്യാറാക്കുന്ന ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പൗരത്വ രജിസ്റ്ററിന്റെ അടിസ്ഥാനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ നിയമവിരുദ്ധവും ന്യൂനപക്ഷങ്ങളെയും പാവപ്പെട്ടവരെയും ദലിത് ആദിവാസി ജനതയെയും ലക്ഷ്യം വയ്ക്കുന്നതാണെന്നും പ്രമേയത്തില്‍ പറയുന്നു.

പൗരത്വ നിയമം തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ലന്ന് പ്രഖ്യാപിച്ച എല്ലാ മുഖ്യമന്ത്രിമാരാടും ജനസംഖ്യാ രജിസ്റ്റര്‍ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

കോണ്‍ഗ്രസ് ആണ് യോഗത്തിന് മുന്‍കൈ എടുത്തത്. നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി, സിപിഐഎം, സിപിഐ, ജെഎംഎം, ആര്‍ജെഡി, സിപിഐ, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു. ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസ്സുമാണ് വിട്ടുനിന്ന പ്രമുഖ പാര്‍ട്ടികള്‍.

സോണിയാ ഗാന്ധി, എ കെ ആന്റണി, രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, മന്‍മോഹന്‍ സിങ്, കെ സി വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ്സ് നേതാക്കളും ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ (എന്‍സിപി), സീതാറാം യച്ചൂരി(സിപിഎം), ഹേമന്ദ് സോറന്‍(ജെഎംഎം), മനോജ് ഝാ(ആര്‍ജെഡി), ഡി രാജ(സിപിഐ), കുഞ്ഞാലിക്കുട്ടി(ലീഗ്), തോമസ് ചാഴിക്കാടന്‍(കേരള കോണ്‍ഗ്രസ്സ് -മാണി), ഹസ്‌നെയ്ന്‍ മസൂദി(നാഷണല്‍ കോണ്‍ഫ്രന്‍സ്), സിറാജുദ്ദീന്‍ അജ്മല്‍(എഐയുഡിഎഫ്), ശത്രുജിത് സിങ്(ആര്‍എസ്പി)തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

മിര്‍മുഹമ്മദ് ഫായിസ്(പിഡിപി), ഡി കുപേന്ദ്ര റെഡ്ഡി(ആര്‍ഡി-എസ്), അജിത് സിങ്(ആര്‍എല്‍ഡി), റിതാന്‍ രാം മഞ്ജിഹി(ഹിന്ദുസ്താനി അവാമി മോര്‍ച്ച), ഉപേന്ദ്ര കുഷ്വാഹ(ആര്‍എല്‍എസ്പി), രാജു ഷെട്ടി (സ്വാഭിമാന്‍ പക്ഷ), ജി ദേവരാജന്‍(ഫോര്‍വേര്‍ഡ് ബ്ലോക്ക്), തോല്‍ തിരുമാളവന്‍(വിസികെ) തുടങ്ങിയവരാണ് പങ്കെടുത്ത മറ്റ് പാര്‍ട്ടി നേതാക്കള്‍.

ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള കോണ്‍ഗ്രസ്സ്- ഇടത് സമരം അക്രമാസക്തമായതിനാലാണ് മമത പങ്കെടുക്കാതിരുന്നത്. രാജസ്ഥാനില്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് തട്ടിയെടുക്കുന്നുവെന്നാരോപിച്ചാണ് ബിഎസ്പി വിട്ടുനിന്നത്. തങ്ങള്‍ക്ക് യോഗത്തിന്റെ അറിയിപ്പ് ലഭിച്ചില്ലെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു.





Next Story

RELATED STORIES

Share it