Latest News

ജനതയുടെ പുരോഗതി വിലയിരുത്തുന്നത് വിദ്യാഭ്യാസത്തിലൂടെ: മന്ത്രി കെ രാധാകൃഷ്ണന്‍

ജനതയുടെ പുരോഗതി വിലയിരുത്തുന്നത് വിദ്യാഭ്യാസത്തിലൂടെ: മന്ത്രി കെ രാധാകൃഷ്ണന്‍
X

തൃശൂര്‍: ഒരു ജനതയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ചേലക്കര, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പുതിയ കാംപസ് പ്രവര്‍ത്തനാരംഭവും മുന്‍ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ വിജയോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി എം ആര്‍ എസിന്റെ പുതിയ കാംപസ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പുറകില്‍ രണ്ട് ദശാബ്ദക്കാലത്തെ ശ്രമങ്ങളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2011ല്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച ജി എം ആര്‍ സ്‌കൂള്‍ 2013 മുതല്‍ വടക്കാഞ്ചേരിയിലെ എം ആര്‍ എസിന്റെ ഒഴിഞ്ഞുകിടന്ന ഹയര്‍ സെക്കന്ററി വിഭാഗം ഹോസ്റ്റല്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാലയത്തിന് സ്വന്തമായ കെട്ടിടം എന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് പൂര്‍ത്തീകരിച്ച് ഈ വര്‍ഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. തിരുവില്ല്വാമല, കണിയാര്‍ക്കോട് വില്ലേജില്‍ 6 ഏക്കര്‍ 82 സെന്റ് സ്ഥലത്ത് 10.50 കോടി രൂപ ചെലവഴിച്ച് പണി പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. പുതിയ സ്‌കൂള്‍ കെട്ടിടത്തിനൊപ്പം ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലായി 85 വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠനം നടത്തുന്നത്.

201516 ആദ്യ എസ്എസ്എല്‍സി ബാച്ച് മുതല്‍ തുടര്‍ച്ചയായി 100% വിജയം കൈവരിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നാടിനും പട്ടികജാതി വികസന വകുപ്പിനും അഭിമാനമാണ്. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും 2021ല്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. എസ്എസ്എല്‍സി പരീക്ഷ എഴുതിയ 15 പേരില്‍ ഏഴു പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുകയും രണ്ടുപേര്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയും സ്‌കൂളിന്റെ വിജയത്തിളക്കത്തിന് നാന്ദി കുറിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള റസിഡന്‍ഷ്യല്‍ പഠനം ലഭ്യമാക്കുന്നതിന് അധ്യാപര്‍ക്ക് പുറമേ മാനേജര്‍ കം റെസിഡന്റ് ട്യൂട്ടര്‍, റെസിഡന്റ് ട്യൂട്ടര്‍ എന്നിവരുടെ സേവനം, യൂണിഫോം, ഷൂ, ചെരിപ്പ് എന്നിവ സൗജന്യമായും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക്, കൗണ്‍സിലിങ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ്, കലാപഠനം, മെഡിക്കല്‍ പരിശോധന തുടങ്ങി കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള എല്ലാ സൗകര്യവും സ്‌കൂളിലുണ്ട്.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ ആശാദേവി, ഡിഡിഇ ടി വി മദനമോഹനന്‍, ചേലക്കര ജി എം ആര്‍ എസ് ഹെഡ്മാസ്റ്റര്‍ ടി ജി സജി, സീനിയര്‍ സൂപ്രണ്ട് പി ആര്‍ സജില്‍ കുമാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it