Cricket

ട്വന്റി-20 ലോകകപ്പ്; സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; പാകിസ്താന് അഗ്നിപരീക്ഷണം, തോറ്റാല്‍ പുറത്ത്

ട്വന്റി-20 ലോകകപ്പ്; സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; പാകിസ്താന് അഗ്നിപരീക്ഷണം, തോറ്റാല്‍ പുറത്ത്
X

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ആവേശകരമായ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ഇന്ന് പാകിസ്താനെ നേരിടും. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഇരുടീമുകളുടെയും സ്പിന്‍ കരുത്താകും വിധിയെഴുതുക. സ്ലോ ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നര്‍മാരെ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇരു ക്യാംപുകളുടെയും നീക്കം.

ശ്രീലങ്കയ്ക്കെതിരായ ആദ്യ സൂപ്പര്‍ 8 മല്‍സരത്തില്‍ 51 റണ്‍സിന്റെ ഉജ്ജ്വല വിജയം നേടിയ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമതാണ്. കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ചിട്ടും ജോഫ്ര ആര്‍ച്ചറുടെ പേസിനൊപ്പം ആദില്‍ റഷീദ്, ലിയാം ഡോസണ്‍ എന്നീ സ്പിന്നര്‍മാരുടെ പ്രകടനം ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. ഓള്‍റൗണ്ടര്‍ വില്‍ ജാക്സിന്റെ ഫോം ഇംഗ്ലണ്ടിന് വലിയ കരുത്താണ്. നേപ്പാള്‍, സ്‌കോട്ട്ലന്‍ഡ്, ഇറ്റലി എന്നിവര്‍ക്കെതിരെ മികച്ച സ്‌കോര്‍ നേടിയ ജാക്സ് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്നുണ്ട്.

ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഫോമിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണെങ്കിലും നായകന്‍ ഹാരി ബ്രൂക്കിന്റേയും ജോസ് ബട്ട്ലറുടെയും ഫോം ഇംഗ്ലണ്ടിന് ആശങ്ക നല്‍കുന്നു. എന്നാല്‍, ഈ മാസം ആദ്യം ഇവിടെ നടന്ന ട്വന്റി-2020 പരമ്പര 3-0ന് തൂത്തുവാരിയതിന്റെ മുന്‍തൂക്കം ഇംഗ്ലണ്ടിനുണ്ട്.

അതേസമയം ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെ ഒരു പോയിന്റ് മാത്രമുള്ള പാകിസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഉസ്മാന്‍ താരിഖിന്റെ 'മിസ്റ്ററി' സ്പിന്നിനൊപ്പം സയിം അയ്യൂബ്, അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന കരുത്തുറ്റ നിരയിലാണ് പാക് പടയുടെ പ്രതീക്ഷ.

ബാറ്റിങില്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്‍ തകര്‍പ്പന്‍ ഫോമിലാണ്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ടോപ് സ്‌കോററായ ഫര്‍ഹാന്‍ 4 ഇന്നിംഗ്സുകളില്‍ നിന്നായി 220 റണ്‍സ് നേടിക്കഴിഞ്ഞു. എന്നാല്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ, സയിം അയ്യൂബ് എന്നിവര്‍ ബാറ്റിങില്‍ ഇനിയും താളം കണ്ടെത്തേണ്ടതുണ്ട്. സ്പിന്നിനെ നേരിടുന്നതിലെ പാക് ബാറ്റര്‍മാരുടെ പോരായ്മ ഇംഗ്ലണ്ട് മുതലെടുത്താല്‍ പാകിസ്താന് കാര്യങ്ങള്‍ പ്രയാസകരമാകും.




Next Story

RELATED STORIES

Share it