Latest News

സംസ്ഥാനത്ത് ചൂടും യുവി കിരണങ്ങളും വര്‍ധിക്കുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ചൂടും യുവി കിരണങ്ങളും വര്‍ധിക്കുന്നു; നാലിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ചൂട് കുത്തനെ ഉയരുന്നതിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തീവ്രതയും വര്‍ധിച്ചതായി മുന്നറിയിപ്പ്. ദീര്‍ഘസമയം യുവി കിരണങ്ങള്‍ ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇന്‍ഡക്‌സ് കണക്കുകള്‍ പ്രകാരം കോട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍, കളമശേരി, ഒല്ലൂര്‍, തൃത്താല , പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. പകല്‍ പത്തു മുതല്‍ മൂന്നു വരെയുള്ള സമയങ്ങളില്‍ യുവി സൂചിക ഉയര്‍ന്നതായിരിക്കും രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി.

പുറത്തുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, കാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മൂടുന്ന ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം എന്നിവ ഒഴിവാക്കാന്‍ മതിയായ ജലസേവനം ഉറപ്പാക്കണം. ദാഹമില്ലെങ്കിലും ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും ഒആര്‍എസ് ലായനി പോലുള്ള ദ്രാവകങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധജലവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. അങ്കണവാടികളിലും ചൂട് നിയന്ത്രണ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് പഞ്ചായത്തുകളോട് നിര്‍ദേശം നല്‍കി.

നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ കുടിവെള്ളവും തണലും ഒരുക്കണം.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തി സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കണം. വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ കാട്ടുതീ സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പകല്‍ 11 മുതല്‍ മൂന്നു വരം നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it