Latest News

കുണ്ടൂര്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതി കനാല്‍ പുതുക്കിപ്പണിയണം

കുണ്ടൂര്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതി കനാല്‍ പുതുക്കിപ്പണിയണം
X

സലിം എരവത്തൂര്‍

മാള: ഇറിഗേഷന്‍ കനാലില്‍ നിന്നും ചോരുന്ന വെള്ളം ഒരു പ്രദേശത്തെ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്നു. കുണ്ടൂര്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നുമുള്ള കനാലാണ് പഴക്കം മൂലം ചോര്‍ന്ന് റോഡുകളും വീടുകളും മറ്റും വെള്ളക്കെട്ടിലാക്കുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മാണം നടത്തിയ കനാല്‍ 10 വര്‍ഷം മുന്‍പ് മാത്രമാണ് അറ്റകുറ്റ പണികള്‍ നടത്തിയത്. കനാല്‍ ചോരുന്നത് മൂലം ജനങ്ങളില്‍ നിന്നുമുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് അന്ന് അറ്റകുറ്റ പണികള്‍ നടത്തിയത്. അറ്റകുറ്റ പണികള്‍ നടത്തി അടുത്ത വര്‍ഷം തന്നെ വീണ്ടും ലീക്കേജുണ്ടായി. അതിപ്പോഴും തുടരുകയാണ്.

മാളയിലെ മൈനര്‍ ഇറിഗേഷന്‍ ഓഫീസിലും മറ്റും പരാതി കൊടുത്ത് മടുത്തിരിക്കയാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി തുടരുന്ന പരാതികള്‍ക്ക് യാതൊരു വിലയും ബന്ധപ്പെട്ട അധികൃതരാരും കൊടുത്തിട്ടില്ലെന്നതിന്റെ സൂചനയാണ് ദുരിതം തുടരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുണ്ടൂര്‍ പള്ളിക്ക് ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം വീടുകളിലും വെള്ളക്കെട്ടാണ്. ഒട്ടനവധി വീടുകളിലേക്കുള്ള റോഡും വെള്ളക്കെട്ടിലാണ്. മഴക്കാലം പോലെയാണ് കനാലിലൂടെ വെള്ളം വരുന്ന സമയങ്ങളിലെന്നും ചില സമയങ്ങളില്‍ അതിനേക്കാളേറെ ദുരിതമാണെന്നുമാണ് നാട്ടുകാരുടെ പരാതി.

ദുരിതങ്ങള്‍ക്ക് പുറമേ വാഴയടക്കമുള്ള കാര്‍ഷിക വിളകളെല്ലാം വെള്ളക്കെട്ട് മൂലം നശിക്കുകയാണ്. പ്ലാക്കല്‍ കരീം, തട്ടില്‍ ഡേവീസ്, പ്ലാക്കല്‍ അഷറഫ്, ഐനിക്കല്‍ പോള്‍സണ്‍, ഐനിക്കല്‍ ജോണ്‍സന്‍, ഐനിക്കല്‍ ജോയ് തുടങ്ങിയവരുടെയും മറ്റനേകം വീട്ടുകാരുടെ പുരയിടങ്ങളിലേക്കും കനാലിലെ വെള്ളമെത്തുന്നുണ്ട്. സദാസമയവും വെള്ളം കെട്ടി കിടക്കുന്നതിനാല്‍ വളരെയേറെ ദുരിതങ്ങളാണ് നാട്ടുകാരനുഭവിക്കുന്നത്. അസഹ്യമായ കൊതുക് ശല്യവും ജലജന്യ രോഗങ്ങളും വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുകയാണ്.

വാര്‍ഡ് അംഗം മുഹമ്മദ് ഫൗസി അടക്കമുള്ളവര്‍ നിരന്തരം പരാതികളുന്നയിച്ചിട്ടും യാതൊരു നീക്കവും ബന്ധപ്പെട്ട അധികൃതരില്‍ നിന്നുമുണ്ടായിട്ടില്ല. വേനല്‍ കടുത്ത് ഒരുവശത്ത് ജനങ്ങള്‍ ജലത്തിനായി നെട്ടോട്ടമോടുമ്പോഴാണ് വിലപ്പെട്ട വെള്ളം ജനങ്ങളെ ദുരിതത്തിലാക്കുന്ന തരത്തില്‍ പാഴാകുന്നത്. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള കനാല്‍ പുതുക്കി പണിയുകയോ ആധുനിക രീതിയില്‍ കനാലിന്റെ ലീക്കേജൊഴിവാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Next Story

RELATED STORIES

Share it