Latest News

സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് കനക്കും; ജാഗ്രത നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന താപനില സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാനിടയുള്ളതിനാല്‍ എല്ലാവരും പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏന്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കണമെന്നും നിര്‍ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും പുറത്തുപോകുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ഭക്ഷണക്രമം പിന്തുടരുകയും ഒആര്‍എസ് പോലുള്ള ദ്രാവകങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഗുണകരമാണ്. അതേസമയം, മാര്‍ക്കറ്റുകള്‍, മാലിന്യശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്ത സാധ്യത കൂടുന്നതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കണം. വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുതീ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധജലവും വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാകാലത്ത് പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്ന അസംബ്ലികള്‍ ഒഴിവാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും വേണം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ തുടങ്ങിയവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍, ഡെലിവറി തൊഴിലാളികള്‍ എന്നിവര്‍ ജോലി സമയം ക്രമീകരിച്ച് വിശ്രമം ഉറപ്പാക്കണം.

പൊതുപരിപാടികള്‍ നടത്തുമ്പോള്‍ കുടിവെള്ളവും തണലും ഉറപ്പാക്കണം. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ വെള്ളം കരുതുകയും ഇടവേളകളോടെ യാത്ര തുടരുകയും വേണം. വളര്‍ത്തുമൃഗങ്ങള്‍ക്കും ജലലഭ്യത ഉറപ്പാക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it