Malappuram

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി
X

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച ഒരാള്‍കൂടി രോഗമുക്തനായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് വിദഗ്ധ ചികില്‍സക്കു ശേഷം വൈറസ്ബാധയില്‍ നിന്ന് മുക്തനായതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇയാള്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാവുന്ന മുറയ്ക്ക് വൈകാതെ ഇയാള്‍ വീട്ടിലേയ്ക്ക് മടങ്ങുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 13 ആയി. ഇതില്‍ ഒരാള്‍ രോഗമുക്തനായ ശേഷം പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 11 പേരാണ് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടിയ കന്മനം തൂവ്വക്കാട് സ്വദേശി നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്‌റ്റെപ് ഡൗണ്‍ ഐസിയുവിലാണ്. ഐസൊലേഷനില്‍ ആറുപേര്‍ രോഗബാധിതരായി ചികില്‍സയില്‍ തുടരുന്നുണ്ട്.

ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 5,727 പേരാണ്. ഇന്ന് മുതല്‍ 90 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്നലെ 23 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 21, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 1,047 പേരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 5,616 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 88 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. കോവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.


Next Story

RELATED STORIES

Share it