Kannur

ഒരു കുടുംബത്തിന്റെ പിടിവാശി: ഭൂമി ഏറ്റെടുക്കാനാവാത്തതിനാല്‍ പാറാലില്‍ സര്‍വീസ് റോഡ് പ്രവൃത്തി ഇഴയുന്നു; അപകടങ്ങള്‍ തുടര്‍ക്കഥ

ഇവിടെ ഏറ്റെടുക്കേണ്ട സ്ഥലത്തിന് സെന്റിന് നിലവിലുള്ള വിലയില്‍നിന്നു അഞ്ചിരിട്ടയിലധികം വേണമെന്നാണ് ഇവരുടെ ആവശ്യം. തലശ്ശേരി കുറ്റിയാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് ഈ കുടുംബത്തിന്റെ ഭൂമിയുള്ളത്.

ഒരു കുടുംബത്തിന്റെ പിടിവാശി: ഭൂമി ഏറ്റെടുക്കാനാവാത്തതിനാല്‍ പാറാലില്‍ സര്‍വീസ് റോഡ് പ്രവൃത്തി ഇഴയുന്നു; അപകടങ്ങള്‍ തുടര്‍ക്കഥ
X

മാഹി: പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളജിലേക്കുള്ള റോഡ് മാഹി ബൈപ്പാസ് ഹൈവേയ്ക്കു വേണ്ടി അടച്ചിട്ടിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും ഇതോടനുബന്ധിച്ചുള്ള പാറാലിലെ സര്‍വീസ് റോഡ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ഒരു കുടുംബത്തിന്റെ പിടിവാശിയെതുടര്‍ന്നു ഭൂമി ഏറ്റെടുക്കാനാവാത്തതാണ് സര്‍വീസ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് വിഘാതമാവുന്നത്. മേല്‍പ്പാലത്തിന്റെ അനുബന്ധമായി മാഹി ബൈപ്പാസ് പദ്ധതി പ്ലാന്‍ അനുസരിച്ച് പണിയേണ്ടിയിരുന്ന 240 മീറ്റര്‍ സര്‍വീസ് റോഡ് കേരള അതിര്‍ത്തിവരെ പണി പൂര്‍ത്തിയായെങ്കിലും പുതുച്ചേരിയുടെ ഭാഗമായ മാഹി അതിര്‍ത്തിയിലുള്ള 40 മീറ്റര്‍ റോഡിന്റെ പ്രവര്‍ത്തിയാണ് പള്ളൂര്‍ കൊയ്യാട്ട് തെരുവിലെ ഒരു കുടുംബത്തിന്റെ പിടിവാശിയില്‍ തട്ടി തടസ്സപ്പെട്ടിരിക്കുന്നത്. ഇവിടെ ഏറ്റെടുക്കേണ്ട സ്ഥലത്തിന് സെന്റിന് നിലവിലുള്ള വിലയില്‍നിന്നു അഞ്ചിരിട്ടയിലധികം വേണമെന്നാണ് ഇവരുടെ ആവശ്യം. തലശ്ശേരി കുറ്റിയാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് ഈ കുടുംബത്തിന്റെ ഭൂമിയുള്ളത്.

നേരത്തേ, ബൈപ്പാസിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ കേരളത്തില്‍ ലഭിച്ചതിനേക്കാള്‍ അഞ്ചിരിട്ടയിലധികം വരുന്ന തുക കോടതി ഇടപെടലിലൂടെ പുതുച്ചേരിയുടെ ഭാഗമായ മാഹി അതിര്‍ത്തിയിലുള്ളവര്‍ക്ക് ലഭിച്ചിരുന്നു. കേരള അതിര്‍ത്തിയിലുള്ളവര്‍ക്ക് 1.45 ലക്ഷം രൂപ സെന്റിന് ലഭിച്ചപ്പോള്‍ ബൈപ്പാസ് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാഹി ഭാഗത്തുള്ളവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചാണ് സെന്റിന് പലിശയടക്കം ചേര്‍ത്ത് 5.34 ലക്ഷം രൂപ വാങ്ങിയത്.

ഇപ്പോള്‍ സര്‍വീസ് റോഡിനായി കേരളത്തില്‍ അഞ്ചു ലക്ഷം രൂപയും മാഹിയില്‍ 4.50 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. എന്നാല്‍, കഴിഞ്ഞ തവണത്തേതു പോലെ കേരളത്തില്‍ നല്‍കിയ തുകയുടെ അഞ്ചിരട്ടി ലഭിക്കണമെന്ന പിടിവാശിയിലാണ് ഈ കുടുംബം. മാഹിയില്‍ 22 കുടുംബങ്ങളുടെ സ്ഥലമാണ് സര്‍വീസ് റോഡിനായി ഏറ്റെടുക്കുന്നത്.

അതേസമയം, പ്രവൃത്തി പാതി വഴിയിലായ റോഡില്‍ അപകടം പതിവായിരിക്കുകയാണ്. ചളി കെട്ടി നില്‍ക്കുന്ന റോഡില്‍ സ്‌കൂട്ടര്‍ തെന്നി വീഴുന്നതും കാറും ലോറിയുമൊക്കെ ചളിയില്‍ പൂണ്ടുപോവുന്നതും ഇവിടെ പതിവാണ്.പാറാല്‍ അറബിക് കോളജിലെ അധ്യാപകന്‍ കഴിഞ്ഞ ദിവസം യാത്രക്കിടെ സ്‌കൂട്ടറില്‍നിന്ന് വഴുതി വീണ് കൈമുട്ടിന്റെ എല്ല് പൊട്ടിയിരുന്നു.

അതിനിടെ, സ്ഥലം ഉടമകള്‍ മോഹവിലയായ സെന്റിന് 20 ലക്ഷം വെച്ച് ലഭിക്കണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പണി മുടങ്ങിയതോടെ പ്രദേശവാസികളുടെയും വാര്‍ഡ് സഭയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥലമുടമകള്‍ക്ക് നോട്ടീസ് നല്‍കി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എന്നിട്ടും ഹൈവേ അതോറിറ്റി സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തീകരിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് പരാതി. പണി പാതിവഴിയില്‍ നിലച്ചതോടെ ആശുപത്രിയിലേക്കും ഡയാലിസിസ് സെന്ററിലേക്കും യാത്ര ചെയ്യുന്ന രോഗികളും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പരിസരവാസികളും കടുത്ത ദുരിതത്തിലാണ്. താത്കാലികമായി ചെളിയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വേണ്ടി മെറ്റല്‍ നിരത്തിയെങ്കിലും പ്രൊജക്റ്റ് പ്ലാന്‍ പ്രകാരമുള്ള ഡ്രൈനേജ് വര്‍ക്കും വീതിയും ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് യു ടേണ്‍ എടുത്ത് അറബിക് കോളേജ് റോഡിലേക്ക് പ്രവേശിക്കല്‍ ഏറെ ദുഷ്‌ക്കരമാണ്.

Next Story

RELATED STORIES

Share it