- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിന്റെ അവസാന യുദ്ധമാകുമോ ഇത്?

ഇറാനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായി കഴിഞ്ഞു. തെഹ്റാന്‍ കൂടുതല്‍ ശക്തമാകുകയാണെങ്കില്‍, അത് മധ്യപൂര്‍വദേശത്തെ അധികാര സന്തുലിതാവസ്ഥയെ പുനര്‍നിര്‍വചിക്കുമെന്നത് തീര്‍ച്ചയാണ്. അതിനെയാണ് അമേരിക്കയും ഇസ്രായേലും ഭയപ്പെടുന്നത്. ഇറാനില്‍ നേതൃത്വ മാറ്റം ഉണ്ടാവുക എന്നത് അവരുടെ അജണ്ടയായി മാറുന്നതിനും കാരണമതാണ്.
എതിരാളികളെ ദുര്‍ബലപ്പെടുത്താന്‍ അസ്ഥിരതയെയാണ് ഇസ്രായേല്‍ പലപ്പോഴും ആയുധമാക്കുന്നത്. എന്നാല്‍ ഇറാന്റെ പ്രതിരോധശേഷി പതിറ്റാണ്ടുകളായി ഇസ്രായേല്‍ പിന്തുടരുന്ന ഈ തന്ത്രത്തെ തുറന്നുകാട്ടുമെന്ന ഭീഷണി അയഥാര്‍ഥമായ ഒന്നല്ല താനും.
നയരൂപീകരണ വിദഗ്ധരും രാഷ്ട്രനേതാക്കളും 'സുരക്ഷ'യുടെയും 'പ്രതിരോധ'ത്തിന്റെയും ഭാഷ സംസാരിക്കുമ്പോള്‍, ചരിത്രം വ്യത്യസ്തമായ ഒരു മാതൃകയാണ് വെളിപ്പെടുത്തുന്നത്. മേഖലയില്‍ സമാധാനം പുലരുക എന്നതല്ല, മറിച്ച് മേഖലയില്‍ അസ്ഥിരതയും അശാന്തിയും വിഭജനവും നിലനിര്‍ത്തി നേട്ടം കൊയ്യുകയെന്നതാണ് ഇസ്രായേല്‍ എപ്പോഴും സ്വീകരിക്കുന്ന തന്ത്രം. അയല്‍ രാഷ്ട്രങ്ങളുടെ വിഘടനവും ശൈഥില്യവുമാണ് സയണിസ്റ്റ് അധിനിവേശകരുടെ ആയുധം. രാഷ്ട്രങ്ങളിലും ഭരണകൂടങ്ങളിലും അന്തര്‍ലീനമായ ആഭ്യന്തര വിഭജനം, സ്ഥാപനപരമായ തകര്‍ച്ച, രാഷ്ട്രീയ പക്ഷാഘാതം തുടങ്ങിയവ പലപ്പോഴും നിര്‍ണായകമായ യുദ്ധക്കള വിജയങ്ങളേക്കാള്‍ വളരെ ഫലപ്രദമായിത്തന്നെ ഇസ്രായേലിനെ സഹായിച്ചിട്ടുണ്ട്.
ഇത് അമൂര്‍ത്തമായ ഒരു കുഴപ്പമല്ല. ആസൂത്രിത്ര പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്ന അസ്ഥിരതയാണ്. ഒരു ഭൗമരാഷ്ട്രീയ രീതിയായി മനപ്പൂര്‍വം അസ്ഥിരത വളര്‍ത്തിയെടുത്തു കൊണ്ടാണ് ഇസ്രായേല്‍ ഇത് സാധിക്കുന്നത്.
രാഷ്ട്രീയ ശാസ്ത്രജ്ഞര്‍ ഈ രീതിയെ മാനേജ്ഡ് ഇന്‍സ്റ്റബിലിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരുതരം നിയന്ത്രിതമായ അസ്ഥിരത. എതിരാളികളെ പൂര്‍ണമായും കീഴടക്കിയല്ല, മറിച്ച് ഉള്ളില്‍ നിന്ന് അവരെ പൊള്ളയാക്കി ദുര്‍ബലപ്പെടുത്തുക എന്നതാണാ തന്ത്രം.
വിഘടിച്ച ഭരണകൂടങ്ങള്‍ക്ക് അധികാര ശക്തി പ്രകടിപ്പിക്കാന്‍ കഴിയില്ല. വിഭജിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് കൂട്ടായി അണിനിരക്കാനും സാധ്യമാവില്ല. ആഭ്യന്തര പ്രതിസന്ധികളാല്‍ വലയം ചെയ്യപ്പെട്ട സര്‍ക്കാരുകള്‍ക്ക് ബാഹ്യ ആക്രമണത്തെ നേരിടാന്‍ കഴിവുണ്ടാകുകയില്ലല്ലോ.
കുറഞ്ഞ ജനസംഖ്യയുള്ളതും സ്വതന്ത്രമായി നീണ്ടുനില്‍ക്കുന്ന ബഹുമുഖ യുദ്ധങ്ങളെ നേരിടാനുള്ള ശേഷിയില്ലാത്തതുമായ ഒരു ചെറിയ രാജ്യത്തിന്, ഈ തന്ത്രം തിരഞ്ഞെടുക്കപ്പെടാവതല്ല.
ഇസ്രായേലിന്റെ സൈനിക മേധാവിത്വം യഥാര്‍ഥമാണ്. പക്ഷേ, സോപാധികവുമാണ്. അമേരിക്കയുടെ സൈനിക സഹായം, നയതന്ത്ര സംരക്ഷണം, സാമ്പത്തിക സഹായം എന്നിവയുടെ സംരക്ഷണ കവചത്തിനുള്ളിലാണ് അത് നിലനില്‍ക്കുന്നത്. നൂതന ആയുധങ്ങള്‍ മുതല്‍ ഐക്യരാഷ്ട്രസഭയിലെ വീറ്റോ പ്രയോഗങ്ങള്‍ വരെയുള്ള വാഷിങ്ടന്റെ സ്ഥിരമായ പിന്തുണയില്ലെങ്കില്‍ ഇസ്രായേലിന്റെ തന്ത്രപരമായ പരിസ്ഥിതി തികച്ചും വ്യത്യസ്തമായി കാണപ്പെടുമായിരുന്നു.
സ്ഥിരമായ സൈന്യസംഭരണം, രാഷ്ട്രീയ ധ്രുവീകരണം, യുദ്ധാധിഷ്ഠിത ചെലവുകള്‍ എന്നിവയാല്‍ കൂടുതല്‍ ബുദ്ധിമുട്ടുന്ന അതിന്റെ സമ്പദ്വ്യവസ്ഥയ്ക്ക്, ബാഹ്യ പിന്തുണയില്ലാതെ അനന്തമായ, നേരിട്ടുള്ള ഏറ്റുമുട്ടല്‍ നിലനിര്‍ത്താന്‍ കഴിയില്ല. അതിന്റെ ജനസംഖ്യയിലെ വലുപ്പക്കുറവ് വലിയ തോതിലുള്ള ആക്രമണാത്മക യുദ്ധങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവിനെ പരിമിതപ്പെടുത്തുമെന്നത് വ്യക്തമാണ്.
ഈ ഘടനാപരമായ ദുര്‍ബലതയാണ് പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ തന്ത്രപരമായ ചിന്തയെ രൂപപ്പെടുത്തിയത്. 1950കളില്‍, ഡേവിഡ് ബെന്‍-ഗുരിയോണ്‍ പെരിഫറി ഡോക്ട്രിന്‍ എന്നറിയപ്പെടുന്ന ഒരു സിദ്ധാന്തം മുന്നോട്ടുവച്ചു. ചുറ്റുമുള്ള അറബ് രാജ്യങ്ങളെ സമതുലിതമാക്കുന്നതിന് അറബ് ഇതര കക്ഷികളുമായി സഖ്യങ്ങള്‍ കെട്ടിപ്പടുക്കുക. എന്നാല്‍ കാലക്രമേണ, ഈ യുക്തി സഖ്യങ്ങള്‍ക്കപ്പുറത്തേക്ക് വികസിച്ചു. കേന്ദ്രീകൃത അറബ് രാജ്യങ്ങളുടെ ദുര്‍ബലപ്പെടുത്തല്‍ തന്ത്രപരമായ നിലയില്‍ ഉപയോഗപ്രദമായി.
1982ലെ വിവാദപരമായ 'യിനോണ്‍ പദ്ധതി' വിഭാഗീയവും വംശീയവുമായ തലങ്ങളില്‍ മേഖലയിലെ ശൈഥില്യത്തിന്റെ ഒരു കാഴ്ചപ്പാട് ആവിഷ്‌കരിച്ചു. അതിന്റെ അടിസ്ഥാന ആശയം മേഖലയിലെ ഫലങ്ങളില്‍ ആവര്‍ത്തിച്ച് പ്രകടമായിട്ടുണ്ട്. വിഭജിക്കപ്പെട്ട അയല്‍ക്കാര്‍ അപകടകാരികള്‍ അല്ലാത്ത അയല്‍ക്കാരാണ് എന്നതാണ് സത്യം. ഇക്കൂട്ടത്തില്‍ ഇറാഖ് ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.
2003ലെ യുഎസ് അധിനിവേശം ഇറാഖിലെ ഭരണകൂടസ്ഥാപനങ്ങളെ തകര്‍ക്കുകയും സൈന്യത്തെ പിരിച്ചുവിടുകയും വിഭാഗീയ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇത് മേഖലയിലെ ശക്തി എന്ന നിലയിലുള്ള ബാഗ്ദാദിന്റെ ശേഷിയെ ശാശ്വതമായി തളര്‍ത്തി. ഒരുകാലത്ത് അറബ് ലോകത്തിലെ ഒരു പ്രധാന സൈനിക ഘടകമായിരുന്ന ഇറാഖ് ആഭ്യന്തര സംഘര്‍ഷത്താല്‍ വിഴുങ്ങപ്പെട്ടു. ഇറാഖ് പിന്നീടൊരിക്കലും ഇസ്രായേലിന് തന്ത്രപരമായ ഒരു വെല്ലുവിളിയായി മാറിയില്ല.
2011ല്‍ ലിബിയയും ഇതേ പാത പിന്തുടര്‍ന്നു.
പാശ്ചാത്യ ഇടപെടല്‍ കേന്ദ്രീകൃത ലിബിയന്‍ രാഷ്ട്രത്തെ നശിപ്പിക്കുകയും പരസ്പരം മല്‍സരിക്കുന്ന സായുധ സംഘങ്ങളെയും എതിരാളികളായ സര്‍ക്കാരുകളെയും അതിന് പകരം സ്ഥാപിക്കുകയും ചെയ്തു. ഒരുകാലത്ത് അറബ് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന രാജ്യം, നിഴല്‍ പോരാട്ടങ്ങളുടെ ഒരു വിഘടിത മേഖലയായി ചുരുങ്ങി. അതിന്റെ സൈനിക, രാഷ്ട്രീയ പ്രസക്തി അപ്രത്യക്ഷമായി.
ആഭ്യന്തരയുദ്ധത്തിലേക്കുള്ള സിറിയയുടെ പതനം ഈ രീതിയെ കൂടുതല്‍ ശക്തിപ്പെടുത്തി. യുദ്ധത്തിന്റെയും വിദേശ ഇടപെടലിന്റെയും ഭാരത്താല്‍ രാജ്യം തകര്‍ന്നപ്പോള്‍, അതിന്റെ പരമാധികാരം ഇല്ലാതായി. സിറിയന്‍ പ്രദേശത്തിനുള്ളില്‍ ഇസ്രായേല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തി. അധിനിവേശ ഗോലാന്‍ കുന്നുകളുടെ ചില ഭാഗങ്ങളില്‍ ഇസ്രായേലി നിയന്ത്രണം ക്രമേണ ശക്തിപ്പെടുന്നതിനെ ചെറുക്കാന്‍ അതിജീവനം കൊണ്ട് തളര്‍ന്നുപോയ ഒരു രാജ്യത്തിന് അസാധ്യമായിരുന്നു. അര്‍ഥവത്തായ ചെറുത്തുനില്‍പ്പില്ലാതെ അധിനിവേശം തുടര്‍ന്നു.
രാഷ്ട്രീയമായി തളര്‍ന്നുപോയതും ദീര്‍ഘകാലമായി ദുര്‍ബലവുമായ ലെബനാന്‍, ഏകീകൃത ദേശീയ ശക്തിയുടെ ആവിര്‍ഭാവത്തെ തടയുന്ന പ്രതിസന്ധികളുടെ ചക്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു.
ഓരോ സാഹചര്യത്തിലും, ഒരിക്കല്‍ മേഖലയിലെ സന്തുലിതാവസ്ഥ രൂപപ്പെടുത്തിയിരുന്ന കേന്ദ്രീകൃത ഭരണകൂടങ്ങള്‍ ആന്തരിക പ്രതിസന്ധികളില്‍ ചുറ്റിത്തിരിയുന്ന, വിഘടിച്ച സ്ഥാപനങ്ങളായി രൂപാന്തരപ്പെട്ടു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഇറാന്‍ ഈ തിരക്കഥയ്ക്ക് അനുസരിച്ചല്ല നീങ്ങിയത്. നാല് പതിറ്റാണ്ടിലേറെയായി, തെഹ്റാന്‍ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ സഹിച്ചുവരുകയാണ്. വ്യാപകമായ സാമ്പത്തിക ഉപരോധങ്ങള്‍, രഹസ്യ അട്ടിമറി, സൈബര്‍ യുദ്ധം, ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങള്‍, നയതന്ത്ര ഒറ്റപ്പെടല്‍, നിഴല്‍ യുദ്ധങ്ങള്‍ തുടങ്ങിയവ ഇറാനെ വിടാതെ പിടികൂടി. എന്നിട്ടും ഇറാന്‍ എന്ന രാഷ്ട്രം ശിഥിലമായില്ല.
അതിന്റെ സ്ഥാപനങ്ങള്‍ കേടുകൂടാതെ തുടര്‍ന്നു. അതിന്റെ സൈനിക ഘടനകള്‍ ഐക്യം സംരക്ഷിച്ചു. പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അതിന്റെ രാഷ്ട്രീയ വ്യവസ്ഥ വിഭാഗീയ ആഭ്യന്തര യുദ്ധത്തിലേക്ക് പതിച്ചില്ല. ആഭ്യന്തര അസ്വസ്ഥതയുടെ തിരമാലകള്‍ പോലും ഭരണകൂടത്തിന്റെ ശിഥിലീകരണത്തിലേക്ക് നയിച്ചില്ല.
ഈ പ്രതിരോധശേഷി ഇസ്രായേലിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകളെ വളരെയധികം താളം തെറ്റിക്കുകയും അവരെ അസ്വസ്ഥമാക്കുകയും ചെയ്തു.
2025 ജൂലൈയില്‍, ഇസ്രായേല്‍ ഇറാനെതിരേ 12 ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ ആരംഭിച്ചു. സൈനിക പ്രാധാന്യമുള്ളതും മറ്റു തരത്തില്‍ തന്ത്രപ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട്, പ്രതിരോധം പുനസ്ഥാപിക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള ശ്രമമായി ഇത് വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. ചില ഇസ്രായേലി ആസൂത്രകരുടെ പ്രതീക്ഷ ഇതോടെ വ്യക്തമായി. സ്ഥിരമായ ബാഹ്യ സമ്മര്‍ദ്ദം ഉള്ളില്‍നിന്ന് തന്നെ ഒരു വ്യവസ്ഥയില്‍ വിള്ളല്‍ വീഴ്ത്തിയേക്കാം.
പകരം, പരിധി, ഏകോപനം, തന്ത്രപരമായ അച്ചടക്കം എന്നിവ പ്രകടമാക്കുന്ന കൃത്യതയാര്‍ന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ ഇറാന്‍ തിരിച്ചടിക്കുകയാണ് ചെയ്തത്. ഇറാന്‍ രാഷ്ട്രം തകര്‍ന്നില്ല. അത് അതിന്റെ ഏകോപനം കൈവരിച്ചു.
പരസ്യമായ അമേരിക്കന്‍ പങ്കാളിത്തത്തോടെ ഇപ്പോഴുണ്ടായ സംഘര്‍ഷം ആണവ ഭീഷണി തടയലിന്റെ ഭാഷയിലൂടെ പരസ്യമായി ന്യായീകരിക്കപ്പെട്ടു. എന്നിരുന്നാലും, അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായി കര്‍ശനമായ ആണവ പരിമിതികള്‍ അംഗീകരിച്ചുകൊണ്ട് ഇറാന്‍ 2015ല്‍ സംയുക്ത സമഗ്ര പ്രവര്‍ത്തന പദ്ധതിയില്‍ (ജെസിപിഒഎ) ഒപ്പുവച്ചു. 2018ല്‍ വാഷിങ്ടണ്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയതിനുശേഷവും, ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത തെഹ്റാന്‍ ആവര്‍ത്തിച്ച് സൂചിപ്പിച്ചു.
അതിനാല്‍ ആണവ പ്രശ്‌നം ഇപ്പോഴത്തെ വിശാലമായ, തന്ത്രപരമായ ലക്ഷ്യത്തിന്റെ പ്രഥമ പരിഗണനയല്ലെന്ന് വ്യക്തമാകുന്നു. മേഖലയിലെ ബലതന്ത്രം പുനര്‍നിര്‍മിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ഇറാനെ ദുര്‍ബലപ്പെടുത്തുകയാണ് ഇപ്പോള്‍ തുടങ്ങിവച്ച യുദ്ധത്തിന്റെ ലക്ഷ്യം എന്നര്‍ഥം.
ഒരു ഏകീകൃത ഇറാന്റെ നിലനില്‍പ്പ് ഇസ്രായേല്‍ ആധിപത്യത്തെ സൈനികമായി മാത്രമല്ല, ഘടനാപരമായും വെല്ലുവിളിക്കുന്നു. ഭൂമിശാസ്ത്രപരമായി വിശാലവും ജനസംഖ്യാപരമായി വലുതും സ്ഥാപനപരമായി സ്ഥിരതയുള്ളതുമാണ് ഇറാന്‍. ഇത് മേഖലയിലെ സഖ്യങ്ങളെ ശക്തിപ്പെടുത്തുകയും ഒന്നിലധികം മുന്നണികളെ സ്വാധീനിക്കുകയും ചെയ്യുന്നു. 2003ലെ ഇറാഖില്‍നിന്നോ 2011ലെ ലിബിയയില്‍നിന്നോ വ്യത്യസ്തമായി, ഇതിന് പ്രത്യയശാസ്ത്രപരമായ യോജിപ്പും ഭരണകൂട തുടര്‍ച്ചയും ഉണ്ട്.
ഈ യാഥാര്‍ഥ്യം ഇസ്രായേലിന് അസഹനീയമാണ്.
ഇറാനെ സൈനികമായി വലിച്ചുനീട്ടുക, നയതന്ത്രപരമായി ഒറ്റപ്പെടുത്തുക, ആഭ്യന്തര ശൈഥില്യത്തിലേക്ക് തള്ളിവിടുക എന്നീ ലക്ഷ്യങ്ങളോടെ, വിഘടന മാതൃക പുനര്‍നിര്‍മിക്കുന്നതിനുള്ള അവസാന ശ്രമമാണ് ഏറ്റവും പുതിയ യുദ്ധം ലക്ഷ്യമാക്കുന്നത്.
പക്ഷേ, തെഹ്റാന്‍ ആ രീതി തിരിച്ചറിഞ്ഞു. ഉള്ളില്‍ തകരുന്നതിനുപകരം, ഇറാന്‍ തന്ത്രപരമായി യുദ്ധച്ചെലവ് പുറത്തേക്ക് വര്‍ധിപ്പിച്ചു. അവരുടെ പ്രതികരണങ്ങള്‍ അശ്രദ്ധമായല്ല, മറിച്ച് കണക്കുകൂട്ടിയുള്ളതാണ്. ഇസ്രായേലിന് അനുകൂലമായി സംഘര്‍ഷം അസമമായിരിക്കില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ട്. നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടല്‍ തെല്‍ അവീവിനെ മാത്രമല്ല, വാഷിങ്ടണെയും സമ്മര്‍ദ്ദത്തിലാക്കുമെന്ന് അവര്‍ സൂചന നല്‍കിക്കഴിഞ്ഞു.
ഇത് അമേരിക്കയെ സാധ്യതകളുടെ ഒരു ഇടനാഴിയിലേക്ക് തള്ളിവിടുന്നു. പ്രവചനാതീതമായ പ്രത്യാഘാതങ്ങളോടെ, വളരെയധികം ജനപ്രീതിയില്ലാത്ത ഒരു കരയുദ്ധത്തിലേക്ക് നീങ്ങുക, അല്ലെങ്കില്‍ ഇറാന്റെ പ്രതിരോധശേഷി അംഗീകരിക്കുന്ന യഥാര്‍ഥ ചര്‍ച്ചകള്‍ക്ക് മുതിരുക.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, ഏത് ഫലവും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ഒരു നീണ്ട യുദ്ധം സാമ്പത്തിക ദുര്‍ബലതയെയും സാമൂഹിക ക്ഷീണത്തെയും ക്ഷണിച്ചു വരുത്തും. ഇപ്പോള്‍ തന്നെ അത് വ്യക്തമാണ്. വിഘടന തന്ത്രത്തിന് പരിധികളുണ്ടെന്ന് ചര്‍ച്ചയിലൂടെയുള്ള ഒത്തുതീര്‍പ്പ് സ്ഥിരീകരിക്കുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, കൃത്രിമ അസ്ഥിരത എന്ന സിദ്ധാന്തം മധ്യപൂര്‍വദേശത്തിന്റെ ഭൂരിഭാഗത്തും പ്രയോഗിച്ചു. എന്നാല്‍ ഇറാന്റെ സഹിഷ്ണുത അതിന്റെ അടിസ്ഥാന പോരായ്മയെ തുറന്നുകാട്ടുമെന്ന ഭീഷണി ഉയര്‍ത്തുന്നു. കുഴപ്പങ്ങള്‍ രാഷ്ട്രങ്ങളെ ദുര്‍ബലപ്പെടുത്തും. പക്ഷേ, അത് അവയെ ഏകീകരിക്കാനും കാരണമാകും. ഇറാനില്‍ ഇപ്പോള്‍ അതാണ് കാണുന്നത്.
തെഹ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണെങ്കില്‍, ബാഗ്ദാദിനെയും ട്രിപ്പോളിയെയും ദമസ്‌കസിനെയും ഒരിക്കല്‍ ഛിന്നഭിന്നമാക്കിയ തന്ത്രം ഒടുവില്‍ തെഹ്റാനില്‍ അതിന്റെ അന്ത്യത്തിലെത്തിയേക്കാം.
മേഖലയിലെ എല്ലാ പ്രധാന പ്രക്ഷോഭങ്ങളില്‍ നിന്നും ഇസ്രായേല്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ചരിത്രം കാണിക്കുന്നു.
=2003ല്‍ ഇറാഖിന്റെ നാശം ഒരു ശക്തമായ അറബ് സൈനിക എതിരാളിയെ ഇല്ലാതാക്കി. ലിബിയയുടെ തകര്‍ച്ച മേഖലയിലെ മറ്റൊരു ഘടകത്തെ ഇല്ലാതാക്കി. സിറിയയുടെ വിഘടനം മറ്റൊരു കേന്ദ്രീകൃത രാഷ്ട്രത്തെ നിര്‍വീര്യമാക്കി. ഓരോ സാഹചര്യത്തിലും, ഇസ്രായേല്‍ കൂടുതല്‍ ഉറച്ചുനില്‍ക്കുകയും കൂടുതല്‍ സൈനിക ആത്മവിശ്വാസം നേടുകയും യുഎസ് വിദേശനയത്തില്‍ കൂടുതല്‍ ആഴത്തില്‍ ഉള്‍ച്ചേരുകയും ചെയ്തു.
മറ്റിടങ്ങളിലെ അസ്ഥിരത ഇസ്രായേലിന് നേട്ടമായി മാറി. എന്നാല്‍ ഇറാനെതിരായ യുദ്ധം ആ രീതിയില്‍ അവസാനിക്കണമെന്നില്ല.
ഇറാന്‍ അതിജീവിച്ചാല്‍, അതിലും പ്രധാനമായി, ഏകീകരിക്കപ്പെട്ടാല്‍, തന്ത്രപരമായ സമവാക്യം മാറും. സമ്മര്‍ദ്ദത്തെ മറികടന്ന് മേഖലയില്‍ നിഷേധിക്കാനാവാത്ത ഒരു ശക്തിയായി ഉയര്‍ന്നുവരുന്ന പ്രതിരോധശേഷിയുള്ള ഇറാന്‍, ഇസ്രായേല്‍ അമേരിക്കന്‍ പിന്തുണയോടെ പയറ്റിയ വിഘടന മാതൃകയുടെ ആദ്യത്തെ പ്രധാന പരാജയമായിരിക്കും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി, ഇസ്രായേല്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട ഒരു രാഷ്ട്രം ശിഥിലമാവാതെ നില്‍ക്കും. അതിന്റെ ഫലം ??ഇസ്രായേലി തന്ത്രത്തിന്റെ കേന്ദ്ര സ്തംഭത്തെ ഇല്ലാതാക്കും.
അമേരിക്കയ്ക്കുള്ളിലെ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയും ഒരുപോലെ പ്രധാനമാണ്. ഇസ്രായേലിനുള്ള നിരുപാധിക പിന്തുണ ഇനിയും ഒരു ഉറപ്പായ രാഷ്ട്രീയ സമവായമല്ല. ഇറാനുമായുള്ള ദീര്‍ഘമായതും ചെലവേറിയതുമായ ഏറ്റുമുട്ടല്‍ അമേരിക്കന്‍ ജനതയുടെ ക്ഷീണം വര്‍ധിപ്പിക്കുകയും ഇസ്രായേലിന്റെ നയവുമായുള്ള തുറന്ന യോജിപ്പിനെക്കുറിച്ചുള്ള സംശയം വര്‍ധിപ്പിക്കുകയും ചെയ്യും.
ഇറാന്‍ സഹിച്ചുനില്‍ക്കുകയും യുദ്ധം ഇസ്രായേലിന് നിര്‍ണായക നേട്ടങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്താല്‍, സ്ഥിരമായ ഏറ്റുമുട്ടലിന്റെ ആഭ്യന്തര ചെലവ് വാഷിങ്ടണ്‍ വീണ്ടും കണക്കാക്കാന്‍ തുടങ്ങിയേക്കാം.
ആ സാഹചര്യങ്ങളില്‍, ഇറാനെതിരായ യുദ്ധം മുമ്പൊന്നും കാണാത്ത ഒന്നായി മാറിയേക്കാം: മേഖലയിലെ അസ്ഥിരീകരണ ശ്രമങ്ങളിലെ മറ്റൊരു അധ്യായമല്ല, മറിച്ച് പശ്ചിമേഷ്യയെ ഛിന്നഭിന്നമാക്കുന്നതിലൂടെ പുനക്രമീകരിക്കാന്‍ രൂപകല്‍പ്പന ചെയ്ത അവസാനത്തെ പ്രധാന യുഎസ്-ഇസ്രായേല്‍ യുദ്ധവും ആയേക്കാമിത്.
ഇസ്രായേല്‍ ആധിപത്യം ഉപേക്ഷിക്കുമെന്നതുകൊണ്ടല്ല, മറിച്ച് അത് പിന്തുടരുന്നതിന്റെ വില സുസ്ഥിരമല്ലാതാകുമെന്നതുകൊണ്ടാണ്.
ഏകീകൃതമായ ഇറാന്‍, എളുപ്പത്തില്‍ വിഭജിക്കപ്പെടാത്ത ഒരു പ്രദേശം, യുദ്ധത്താല്‍ തളര്‍ന്നുപോയ അമേരിക്കന്‍ ജനത എന്നിവ മിഡില്‍ ഈസ്റ്റില്‍ ഘടനാപരമായ ഒരു മാറ്റത്തെ അടയാളപ്പെടുത്തും. കുഴപ്പങ്ങള്‍ ഇനി ഇസ്രായേലിന്റെ ശക്തി വികസിപ്പിക്കില്ല. അത് അതിന്റെ പരിധികളും പരിമിതികളും തുറന്നുകാട്ടും. ചിലര്‍ വാദിക്കുന്നത് ഇതിനകം തന്നെ അങ്ങനെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















