Big stories

ജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?

ഇത്ര കാലവും വിവേചനവും അസമത്വവും അസന്തുലിതത്വവും അനീതിയും സമൂഹത്തില്‍ നിലനിന്നിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലും സനാതന ധര്‍മങ്ങളുടെ പിന്‍ബലത്തിലുമായിരുന്നില്ലേ?. അടിസ്ഥാന ജനവിഭാഗങ്ങളും അധസ്ഥിതരും അടിച്ചമര്‍ത്തപ്പെട്ടവരും അവകാശ നിഷേധത്തിന് ഇരയായവരും ഇന്ന് ജാതി പ്രശ്‌നം ഉയര്‍ത്തുമ്പോള്‍ എന്തിനാണ് നിങ്ങള്‍ക്കു പൊള്ളുന്നത്.

ജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?
X

കെ എച്ച് നാസര്‍


1881ല്‍ ബ്രിട്ടിഷ് ഭരണത്തിലാണ് ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ആദ്യമായി ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. പിന്നീട് 1931ലും നടന്നു. സ്വതന്ത്ര ഇന്ത്യയില്‍ 1951ല്‍ സെന്‍സസ് ആരംഭിച്ചെങ്കിലും അത് ജാതിയുടെ അടിസ്ഥാനത്തിലായിരുന്നില്ല. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നു. കുറേനാളുകളായി രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന മുറവിളി ഉയരുന്നുണ്ട്. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഇതിനോട് കണ്ണടയ്ക്കുകയായിരുന്നു. പല പിന്നാക്ക രാഷ്ട്രീയ സംഘടന നേതാക്കളുടെയും നിരന്തമായ ആവശ്യത്തെ തുടര്‍ന്ന് 2011ല്‍ ജാതി തിരിച്ചുള്ള കണക്ക് കൂടി സെന്‍സസില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് പ്രസിദ്ധീകരിക്കാതെ ജനസംഖ്യാ കണക്ക് മാത്രം പുറത്തുവിട്ടു. കണക്കുകള്‍ കൃത്യമായിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞ ന്യായം. 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചു.


ബിഹാറിലെ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പുറത്തുവിട്ടതോടെ ഈ ആവശ്യം ഒരിക്കല്‍ കൂടി ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ ഒഡീഷയും തമിഴ്‌നാടും ജാതി സെന്‍സസിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അധികാരത്തില്‍ വന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. ജാതി സെന്‍സസ് വേണമെന്ന ശക്തമായ ആവശ്യം കേരളത്തിലും ചില രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ ഉന്നയിച്ചതിനോട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചതായി കണ്ടിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ജാതിയടിസ്ഥാനത്തില്‍ 1968ല്‍ ഇഎംഎസിന്റെ കാലത്ത് സര്‍വേ നടത്തിയ സംസ്ഥാനമാണ് കേരളം. ഇടതുമുന്നണി ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനം നിഗൂഢമാണ്.



ഇന്ത്യയിലെ ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന സവര്‍ണ വിഭാഗം ജാതിവ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളെ ശതകങ്ങളായി അടിച്ചമര്‍ത്തി ഭരിക്കുകയാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഭൂമി അടക്കമുള്ള വിഭവങ്ങള്‍ക്കു മേലുള്ള ആധിപത്യത്തിലും രാഷ്ട്രീയാധികാരത്തിലുള്ള പ്രാതിനിധ്യത്തിലും അവര്‍ണ പിന്നാക്ക ജനവിഭാഗങ്ങളുടെ അവസ്ഥ അതിദയനീയമാണ്. കാക്കാ കലേല്‍ക്കര്‍ കമ്മീഷന്‍ റിപോര്‍ട്ടും മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടും ഏറ്റവുമൊടുവില്‍ ബിഹാറിലെ ജാതി സെന്‍സസും പുറത്തു കൊണ്ടുവന്നത് അല്‍പ്പവും ന്യായീകരണം അര്‍ഹിക്കാത്ത കൊടിയ സാമൂഹിക വിവേചനത്തിന്റെ ആധികാരിക വസ്തുതകളാണ്.

പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കും മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി പി സിങ് സര്‍ക്കാര്‍ പിന്നാക്കക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം അനുവദിച്ചതിന്റെ അനുകൂലാന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കില്‍ സാമൂഹിക നീതി എന്ന പദം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് തിരസ്‌കൃതമാവുമായിരുന്നു. ഇതിനു നാം കടപ്പെട്ടിരിക്കുന്നത് ഭരണഘടനാ ശില്‍പ്പിയായ ഡോ. ബാബാ സാഹേബ് അംബേദ്കറോടാണ്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാനും നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ വയ്ക്കാനും പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ഭരണഘടനയുടെ അനുഛേദങ്ങളായ 340, 15 (4), 16 (4), 38 (2), 46 എന്നിവയുടെ ശക്തമായ പിന്‍ബലമുള്ളതു കൊണ്ടു മാത്രമാണ് സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കാനെങ്കിലും ഇന്നു കഴിയുന്നത്.




മേല്‍ജാതി വിഭാഗങ്ങള്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അധികാരവും ആധിപത്യവും ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് ജാതി സെന്‍സസിനെ എതിര്‍ക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത് എന്നതു മനസ്സിലാക്കാം. മറ്റൊന്ന് ഇതിലൂടെ പിന്നാക്കക്കാര്‍ക്കാടയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ഐക്യവും സമര മനോഭാവവും രാഷ്ട്രീയമായി തങ്ങള്‍ക്ക് ദോഷകരമാവുമെന്ന തിരിച്ചറിവും മേല്‍ജാതി ആധിപത്യം നിലനില്‍ക്കുന്ന ബിജെപിയെ പോലൊരു പാര്‍ട്ടിക്ക് ജാതി സെന്‍സസിനെ എതിര്‍ക്കാന്‍ കാരണമാവുന്നുണ്ട്. അധികാരം പിടിക്കാനായി ഇതുവരെ അവര്‍ അവലംബിച്ചു പോന്ന രാമക്ഷേത്രം, പൗരത്വ നിയമ ദേദഗതി, യൂനിഫോം സിവില്‍ കോഡ് തുടങ്ങി വിദ്വേഷ വിളവെടുപ്പിലൂടെ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടല്‍ ജാതി സെന്‍സസ് പുറത്തുവന്നാലുണ്ടാകാവുന്ന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തില്‍ തട്ടിത്തകര്‍ന്നു തരിപ്പണമാവുമെന്നും അവര്‍ ഭയപ്പെടുന്നുണ്ടാവും. എന്നാല്‍ സിപിഎമ്മിനെ പോലുള്ള ചില പാര്‍ട്ടികള്‍ക്ക് എതിര്‍പ്പിനുള്ള ന്യായീകരണമെന്താണ്? അധികാര ദുര മൂലമുള്ള വോട്ട് ബാങ്ക് രാഷ്ട്രീയവും മുന്നാക്ക പ്രീണനവുമല്ലാതെ മറ്റൊന്നുമല്ല. സംവരണ സമുദായങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരി മുന്നാക്ക സംവരണം നടപ്പാക്കിക്കൊടുക്കുന്നവര്‍ സാമൂഹിക നീതിയെക്കുറിച്ച് എന്തുതരം സങ്കല്‍പ്പമാണ് വച്ചുപുലര്‍ത്തുന്നത്. സമൂഹത്തെ അസമത്വത്തിന്റെയും അസന്തുലിതത്വത്തിന്റെയും ചെളിക്കുണ്ടില്‍ തളച്ചിടുന്ന അതിഭീകരമായ മേല്‍ജാതി വാഴ്ചയെ അറപ്പില്ലാതെ പിന്താങ്ങുകയാണ് ഇവര്‍. ഈ കുളിമുറിയില്‍ തീവ്രവലതുപക്ഷവും സോ കോള്‍ഡ് ഇടതുപക്ഷവും ഒരുപോലെ നഗ്‌നരായി നില്‍ക്കുന്ന ഭ്രമകരമായ കാഴ്ചയാണ് നാം കാണുന്നത്.


ജാതി നിര്‍വചിക്കുകയെന്നത് സങ്കീര്‍ണമാണെന്നും അത് കൂടുതല്‍ ആശയക്കുഴപ്പത്തിനും പുതിയ തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കും, ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തും, കൂടുതല്‍ സാമൂഹിക വിഭജനങ്ങളിലേക്കു നയിക്കും എന്നു തുടങ്ങിയ തടസ്സവാദങ്ങളാണ് ജാതി സെന്‍സസിനെതിരായി തല്‍പ്പര കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. അപ്പോള്‍ ലളിതമായ ഒരു മറുചോദ്യം ഇതാണ്. ഇത്ര കാലവും വിവേചനവും അസമത്വവും അസന്തുലിതത്വവും അനീതിയും സമൂഹത്തില്‍ നിലനിന്നിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലും സനാതന ധര്‍മങ്ങളുടെ പിന്‍ബലത്തിലുമായിരുന്നില്ലേ?. അടിസ്ഥാന ജനവിഭാഗങ്ങളും അധസ്ഥിതരും അടിച്ചമര്‍ത്തപ്പെട്ടവരും അവകാശ നിഷേധത്തിന് ഇരയായവരും ഇന്ന് ജാതി പ്രശ്‌നം ഉയര്‍ത്തുമ്പോള്‍ എന്തിനാണ് നിങ്ങള്‍ക്കു പൊള്ളുന്നത്. വിഭവങ്ങളുടെ സന്തുലിതവും നീതിപൂര്‍വകവുമായ വിതരണവും അധികാരമേഖലയിലെ ആനുപാതിക പ്രാതിനിധ്യവും പ്രയോഗത്തില്‍ വരുമ്പോഴല്ലേ സാമൂഹിക നീതി പുലരുകയുള്ളൂ. ജാതി അടിമത്തം അനുഭവിച്ചവര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവര കണക്കുകള്‍ മുന്നിലുണ്ടെങ്കിലേ അതുവച്ച് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനാവൂ. അതു പറയുമ്പോള്‍ എന്തിനാണ് നിങ്ങള്‍ക്ക് പൊള്ളുന്നത്?.

Next Story

RELATED STORIES

Share it