തൊവരിമലയില്‍ നിന്ന് പോലിസ് തല്ലിയോടിച്ച ആദിവാസികള്‍ സമരവുമായി കലക്ടറേറ്റിന് മുന്നില്‍

സമരത്തിനെതിരായ പോലിസ് നടപടി വാര്‍ത്തയാകാതിരിക്കാനും പോലിസ് ശ്രമം നടത്തിയിരുന്നു. സമരഭൂമിയിലേക്കെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ പോലിസ് സമരം ചെയ്തവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളുമെല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു.

തൊവരിമലയില്‍ നിന്ന് പോലിസ് തല്ലിയോടിച്ച ആദിവാസികള്‍ സമരവുമായി കലക്ടറേറ്റിന് മുന്നില്‍

കല്‍പ്പറ്റ: തൊവരിമലയില്‍ പോലിസ് തല്ലിയോടിച്ച ഭൂരഹിതര്‍ അനിശ്ചിതകാല സമരവുമായി കല്‍പ്പറ്റ കലക്ടറേറ്റിന് മുന്നിലെത്തി. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ഭൂരഹിതര്‍ കലക്ടറേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്. വയനാട് തൊവരിമല വനഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്ത 13 പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികളേയാണ് പോലിസ് നിഷ്ഠൂരമായി തല്ലിയോടിച്ചത്. സമരഭൂമിയില്‍ നിന്ന് ചിതറിയോടിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആദിവാസികള്‍ കല്‍പ്പറ്റയിലേക്ക് ലോങ് മാര്‍ച്ച് നടത്തുകയായിരുന്നു.

വനംവകുപ്പിന് കീഴിലുള്ള മിച്ചഭൂമി ഹാരിസണ് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് ആയിരക്കണക്കിന് ഭൂരഹിതര്‍ ബത്തേരിക്ക് സമീപം തൊവരിമല ഹാരിസണ്‍ മലയാളം പ്ലാന്റേഷനോട് ചേര്‍ന്ന വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ 21ാം തിയതിയായിരുന്നു സമരം ആരംഭിച്ചത്. സിപിഐ(എംഎല്‍ റെഡ് സ്റ്റാര്‍), ആള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭാ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് കഴിയും വരേ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ഇന്ന് രാവിലെ പോലിസിനെ ഉപയോഗിച്ച് സമരക്കാരെ നേരിടുകയായിരുന്നു. സമരം ചെയ്യുന്ന നേതാക്കളെ ചര്‍ച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. സമരത്തിനെതിരായ പോലിസ് നടപടി വാര്‍ത്തയാകാതിരിക്കാനും പോലിസ് ശ്രമം നടത്തിയിരുന്നു. സമരഭൂമിയിലേക്കെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ പോലിസ് സമരം ചെയ്തവരുടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവസ്തുക്കളുമെല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു.

മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചവരടക്കം നൂറു കണക്കിന് ആദിവാസി കുടുംബങ്ങള്‍ക്കെതിരെയാണ് പോലിസ് ബലംപ്രയോഗിച്ചിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ആദിവാസികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
RELATED STORIES

Share it
Top