Big stories

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതസ്വാതന്ത്ര്യം, സിഎഎ വിഷയങ്ങളില്‍ മോദിയെ ആശങ്ക അറിയിക്കും

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യുഎസിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് വൈറ്റ്ഹൗസ് പ്രതിനിധി പറഞ്ഞു.

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതസ്വാതന്ത്ര്യം, സിഎഎ വിഷയങ്ങളില്‍ മോദിയെ ആശങ്ക അറിയിക്കും
X

വാഷിങ്ടണ്‍: അടുത്ത ആഴ്ചത്തെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുമ്പില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പൗരത്വ ഭേദഗതി നിയമം, മതസ്വാതന്ത്ര്യം എന്നിവയിലുള്ള തങ്ങളുടെ ആശങ്ക അറിയിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യുഎസിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് വൈറ്റ്ഹൗസ് പ്രതിനിധി പറഞ്ഞു.പൊതുവായും വ്യക്തിപരമായും ലഭിക്കേണ്ട മതസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ കാര്യങ്ങള്‍ ട്രംപ് സംസാരിക്കും. ഇത്തരം വിഷയങ്ങളെല്ലാം, പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളോട് ബഹുമാനം യുഎസിനുണ്ട്.

അതുകൊണ്ട് അത് തുടരാന്‍ ഇന്ത്യയെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരും. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎസിന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പുതിയ ആണവ കരാര്‍ പരിഗണനയിലുണ്ട്. ആറ് ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ പുതിയ കരാര്‍ ഇന്ത്യ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദര്‍ശനത്തിനിടെ വന്‍ കരാറുകള്‍ക്ക് ശ്രമിക്കുന്നതായി ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ ആണവകരാറും അതില്‍ ഉള്‍പ്പെടുന്നതാണെന്നാണ് വിവരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ചേര്‍ന്നാണ് നേരത്തെ ആദ്യ ആണവ കരാര്‍ ഒപ്പുവെച്ചത്. 2006 ലായിരുന്നു ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള ആദ്യ കരാര്‍. കരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ പിന്നീട് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്ക് അടക്കം എത്തി.

ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനായിരുന്നു അന്നത്തെ കരാരെങ്കിലും യാഥാര്‍ത്ഥ്യമാകുന്നത് പിന്നെയും നീണ്ടുപോയി. ആ സാഹചര്യത്തിലാണ് ആറ് റിയാക്ടറുകള്‍ കൈമാറുന്നതിനുള്ള പുതിയ ഒരു കരാറിലേക്ക് ഇന്ത്യയും അമേരിക്കയും എത്തുന്നതെന്നാണ് വിവരം.

ഞായറാഴ്ച ഇന്ത്യയിലേക്ക് എത്തുന്ന യുഎസ് പ്രസിഡന്റിന് ഒപ്പം ഭാര്യ മെലാനിയ ട്രംപ്, മരുമകന്‍ ജറദ് കുഷ്‌നര്‍, മകള്‍ ഇവാങ്ക എന്നിവരും ഉണ്ടാകും. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ മെലാനിയ സന്ദര്‍ശിക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ എന്നിവരുമായി മെലാനിയ കൂടിക്കാഴ്ച നടത്തുമെന്ന് റിപോര്‍ട്ടുകളുണ്ട്.


Next Story

RELATED STORIES

Share it