Big stories

ഹോപ് പ്രോബ് ഭ്രമണപഥത്തില്‍; ചൊവ്വ പര്യവേക്ഷണത്തില്‍ അറബിപ്പെരുമയുമായി യുഎഇ

ഹോപ് പ്രോബ് ഭ്രമണപഥത്തില്‍; ചൊവ്വ പര്യവേക്ഷണത്തില്‍ അറബിപ്പെരുമയുമായി യുഎഇ
X

അബൂദബി: ചൊവ്വ പര്യവേക്ഷണത്തില്‍ അറബ് രാഷ്ട്രങ്ങളുടെ പെരുമയുയര്‍ത്തി യുഎഇയുടെ ചരിത്രനേട്ടം. യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇതോടെ ചൊവ്വയിലേക്ക് ഉപഗ്രഹമയക്കുന്ന ആദ്യ അറബ് രാഷ്ട്രവും അഞ്ചാമത്തെ രാജ്യവുമായി യുഎഇ മാറി. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ യുഎഇ നേതാക്കള്‍ കണ്‍ട്രോള്‍ റൂമിലെത്തിയിരുന്നു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നേതാക്കള്‍ അഭിനന്ദിച്ചു. എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ പ്രൊജക്റ്റ് മാനേജര്‍ ഒമ്‌റാന്‍ ഷറഫാണ് ഹോപ് പ്രോബ് ഭ്രമണപഥത്തില്‍ പ്രവേശിച്ച കാര്യം ലോകത്തെ അറിയിച്ചത്. തന്റെ ആവേശവും ആഹ്ലാദവും ലോകത്തെ അറിയിച്ച അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുന്നതായും പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങള്‍ അയച്ചു തുടങ്ങും. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വര്‍ഷം കൊണ്ട് (അതായത് ഭൂമിയിലെ 687 ദിവസങ്ങള്‍) ഈ വിവരശേഖരണം ഏതാണ്ട് പൂര്‍ണമായി നടത്തും. ഇത്രയും ദിനങ്ങള്‍ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ തുടരും. ചുവപ്പന്‍ ഗ്രഹമായ ചൊവ്വയെ ഒന്നു ചുറ്റാന്‍ 55 മണിക്കൂറാണു ഹോപ് പ്രോബിന് വേണ്ടിവരിക. ആയിരം കിലോമീറ്റര്‍ അടുത്തുവരെ പോകാനാകും. 49,380 കിലോമീറ്ററാണ് ഭ്രമണപഥത്തിലെ ഏറ്റവും അകന്ന ദൂരം. 493 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിലെത്തിയത്. എമിറേറ്റ്‌സ് മാര്‍സ് സ്‌പെക്ട്രോ മീറ്റര്‍, എമിറേറ്റ്‌സ് മാര്‍സ് ഇമേജര്‍, എമിറേറ്റ്‌സ് മാര്‍സ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍ എന്നീ മൂന്ന് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് പര്യവേക്ഷണം. ഹോപ് പ്രോബിന് 73.5 കോടി ദിര്‍ഹമാണു ചെലവ്. 450ലേറെ ജീവനക്കാര്‍ 55 ലക്ഷം മണിക്കൂര്‍ കൊണ്ട് നിര്‍മിച്ചതാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് അറബ് ലോകത്തിന്റെ പര്യവേക്ഷണ പ്രതീക്ഷകളുമായി ഹോപ് പ്രോബ് കുതിച്ചുയര്‍ന്നത്.

UAE's Hope Mission enters Mars orbit

Next Story

RELATED STORIES

Share it