Top

മോദി, പിണറായി ഭരണകൂടങ്ങളും ശക്തിപ്പെടുന്ന ഹിന്ദുത്വ സായുധവല്‍ക്കരണവും

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് കടുത്ത സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാരം. ഹലാല്‍, ലൗ ജിഹാദ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തിപ്പെട്ടിട്ടും പോലിസ് മൗനം പാലിക്കുകയാണ്.

മോദി, പിണറായി ഭരണകൂടങ്ങളും    ശക്തിപ്പെടുന്ന ഹിന്ദുത്വ സായുധവല്‍ക്കരണവും
X

ന്യൂഡല്‍ഹി: രാജ്യത്ത് മോദി ഭരണകൂടത്തിന് കീഴില്‍ ഹിന്ദുത്വ സായുധ വല്‍ക്കരണം ശക്തിപ്പെട്ടുവരുന്നതായി റിപ്പോര്‍ട്ട്. സംഘപരിവാര്‍ അനുഭാവികളായ ആള്‍ക്കൂട്ടത്തെ സായുധ വല്‍കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഉള്‍പ്പടെ ബിജെപി ഇതര സംസ്ഥാനങ്ങളിലും സമാനമായ സ്വഭാവത്തിലാണ് ഹിന്ദുത്വരുടെ സായുധ വല്‍കരണം.


മുസ് ലിം, ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ പുസ്തകം കൈവശം വച്ചതിന്റെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിന്റേയും സമരങ്ങളില്‍ പങ്കെടുത്തതിന്റേയും പേരില്‍ അറസ്റ്റിലാവുന്ന രാജ്യത്ത്, പരസ്യമായി ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം നടത്തുന്ന ഹിന്ദുത്വ നേതാക്കള്‍ സുരക്ഷിതരായി കഴിയുന്നു എന്നതാണ് വിരോധാഭാസം.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ കൈയ്യില്‍ പിടിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. യുവവാഹിനിയുടെ ഓഫിസില്‍ വാളുകള്‍ ഉയര്‍ത്തിപ്പിപ്പിടിച്ച് നില്‍ക്കുന്ന ഹിന്ദുത്വരുടെ ചിത്രമാണ് പുറത്ത് വിട്ടത്.


യോഗിയുടെ യുപിയിലും ആര്‍എസ്എസ്സിന്റെ പരീക്ഷണ ശാലയായ ഗുജറാത്തിലും ഇത്തരം സായുധ വല്‍കരണം വ്യാപകമാണെങ്കിലും കേരളത്തില്‍ ഇത്തരം നീക്കങ്ങള്‍ പരസ്യമായിരുന്നില്ല. എന്നാല്‍, പിണറായി ഭരണത്തില്‍ കേരളത്തിലും തീവ്ര ഹിന്ദുത്വ നേതാക്കള്‍ പരസ്യമായ കലാപാഹ്വാനവുമായി രംഗത്തെത്തിയിരിക്കയാണ്.മാസങ്ങള്‍ക്ക് മുന്‍പ് മാരകായുധങ്ങള്‍ പൂജക്ക് വെക്കുന്ന ചിത്രം പരസ്യപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്ത് വന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും അയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറായില്ല. തോക്കുകള്‍, വാളുകള്‍, റിവോള്‍വറുകള്‍, മഴു, കത്തി തുടങ്ങിയ മാരകായുധങ്ങളാണ് പ്രതീഷ് വിശ്വനാഥ് പൂജക്ക് വെച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

'ആയുധ പൂജ-ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും തണലിലാണ്. ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്.ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ. ജയ് ശിവാജി, ജയ് ഭവാനി'. പ്രതീഷ് ഫേസ്ബുക്കില്‍ പരസ്യമായി കലാപാഹ്വാനം നടത്തി.

നിരന്തരം സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്. എന്നാല്‍, ഇതുവരെ യാതൊരു നടപടിയും ഇതിന്റെ പേരില്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇത്രയും ആയുധങ്ങള്‍ കൈവശം വെക്കാനും പ്രദര്‍ശിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ആയുധം പ്രദര്‍ശിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയുമാണ് ഹിന്ദുത്വ നേതാവ് ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യക്ക് സമാനമായി ഹിന്ദുത്വര്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവവും സൗഹൃദ ഇടങ്ങളിലും പൊതു ഇടങ്ങളിലും സായുധ ആക്രമണം നടത്തുന്ന സംഭവങ്ങളും അരങ്ങേറി. എന്നാല്‍, ഇത്തരം അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ല.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് കടുത്ത സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാരം. ഹലാല്‍, ലൗ ജിഹാദ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തിപ്പെട്ടിട്ടും പോലിസ് മൗനം പാലിക്കുകയാണ്.

കഴിഞ്ഞ ദിവസം കാസര്‍കോട് സ്ത്രീയെ അപമാനിച്ചുവെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ആള്‍ക്കൂട്ട മര്‍ദനത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട വ്യക്തിയെ പിന്തുടര്‍ന്ന് പിടികൂടുകയും പൊതുജനമധ്യത്തില്‍ മര്‍ദിക്കുകയുമായിരുന്നു. മധ്യവയസ്‌കനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മര്‍ദന വിവരം ഉള്‍പ്പെടുത്താതെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആള്‍ക്കൂട്ട മര്‍ദനത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടിട്ടും ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി വിവരണങ്ങളും ഉണ്ടായിട്ടും എഫ്‌ഐആറില്‍ ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച പരാമര്‍ശം ഇല്ലാത്തത് ഏറെ വിവാദമായിട്ടുണ്ട്.

Next Story

RELATED STORIES

Share it