Top

'ഇതാ സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പട്ടിക' മലക്കം മറിഞ്ഞ മോഹനനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ആര്‍എസ്എസിനെ പോലും വെല്ലും വിധം മുസ്‌ലിം സമുദായത്തിനെതിരേ പൊതുസമൂഹത്തില്‍ സംശയവും ദുരൂഹതയും പരത്തുന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ സോഷ്യല്‍മീഡിയ അക്കമിട്ട് നിരത്തി.

പി സി അബ്ദുല്ല

കോഴിക്കോട്: മാവോ വാദി ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിച്ച് പി മോഹനന്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കെ ഇതു സംബന്ധിച്ച പുതിയ വിശദീകരണവും പാര്‍ട്ടിയെ വെട്ടിലാക്കി. കോഴിക്കോട് ജില്ലാ സെക്രട്ടറിക്കും പാര്‍ട്ടിക്കുമെതിരേ പ്രതിഷേധം ശക്തമായതോടെ, മുസ്‌ലിം സമുദായത്തെയല്ല പോപുലര്‍ ഫ്രണ്ടിനേയാണ് ഉദ്ധേശിച്ചതെന്നായിരുന്നു മോഹനന്റെ മലക്കം മറിച്ചില്‍. എന്നാല്‍, മാവോവാദി വിഷയത്തിലെന്ന പോലെ മുസ്‌ലിം സമുദായത്തെയപ്പാടെ പ്രതിക്കൂട്ടിലാക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ സിപിഎമ്മിന്റെ മുന്‍കാല ചെയ്തികളോരോന്നായി സജീവ ചര്‍ച്ചയായതോടെ പി മോഹനനടക്കമുള്ള നേതാക്കള്‍ക്ക് ഉത്തരം മുട്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ആര്‍എസ്എസിനെ പോലും വെല്ലും വിധം മുസ്‌ലിം സമുദായത്തിനെതിരേ സംശയങ്ങളുടേയും ആരോപണങ്ങളുടേയും പുകമറ ഉയര്‍ത്തി പ്രതിസന്ധികളെ അതി ജീവിക്കാനുള്ള സിപിഎം കുതന്ത്രത്തിന്റെ ഭാഗമാണ് മാവോവാദികളുമായി ബന്ധപ്പെട്ട് മോഹനന്‍ മുസ്‌ലിം സമുദായത്തിനെതിരെ ആരോപണമെന്ന് തെളിയിക്കുന്ന വസ്തുതകളാണ് മോഹനന്റെ വിശദീകരണത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പി മോഹനനേയും പാര്‍ട്ടിയേയും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ നിരവധി.

പി മോഹനന്‍ പ്രതിപ്പട്ടികയിലിടം നേടിയ, ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാന്‍ പാര്‍ട്ടിയുടെ സ്ഥിരം കൊലയാളികളെ അയച്ച ഇന്നോവ കാറില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ചത് പോപുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചോ മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ചോ എന്നാണ് ചോദ്യങ്ങളിലൊന്ന്.

ഒരു ചെറിയ പെരുന്നാള്‍ തലേന്ന് തലശ്ശേരിയിലെ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫസലിന്റെ ചോര പുരണ്ട തൂവാല ആര്‍എസ്എസ് നേതാവിന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ട് ഹിന്ദു മുസ്‌ലിം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത് പോപുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചോ മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ചോയെന്നാണ് സോഷ്യല്‍ മീഡിയയുടെ മറ്റൊരു ചോദ്യം.

കേരളം അടുത്ത 20കൊല്ലം കൊണ്ട് ഇസ്‌ലാമിക രാജ്യമാക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത് പോപുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചോ മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ചോയെന്നും ചോദ്യമുയരുന്നു.

മലപ്പുറത്തെ കുട്ടികളെല്ലാം കോപ്പിയടിച്ചാണ് റാങ്ക് നേടുന്നതെന്ന വിഎസ്സിന്റെ വിവാദ പ്രസ്താവന പോപുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചോ മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ചോ?

ഗെയില്‍ വിരുദ്ധ ജനകീയ സമരങ്ങള്‍ നടത്തിയവര്‍ തീവ്രവാദികളെന്നും ആറാം നൂറ്റാണ്ടിലെ പ്രാകൃത മതക്കാരെന്നും സംബോധന ചെയ്തു സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ പാഡില്‍ പ്രസ്താവന ഇറക്കിയത് പോപുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചോ മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ചോ?

പി മോഹനന്റെ നാടായ നാദാപുരത്തും തൂണേരിയിലും കാലങ്ങളായി മുസ്‌ലിം വീടുകളില്‍ മാത്രം കയറി കലാപം ഉണ്ടാക്കി സ്വത്തുക്കള്‍ കൊള്ളയടിക്കുന്നത് പോപുലര്‍ ഫ്രണ്ടിനെ ഉദ്ദേശിച്ചോ മുസ്‌ലിം സമുദായത്തെ ഉദ്ദേശിച്ചോ?

സ്വന്തം പാര്‍ട്ടിയുടെ ജീര്‍ണ്ണത മറച്ചു വെയ്ക്കാനും, ഇതേവരെ മറ്റുള്ളവരുടെ മേല്‍ ആരോപിച്ചിരുന്ന തീവ്രവാദപ്പേര് സ്വന്തം പാര്‍ട്ടിയിലേക്കും അണികളിലേക്കും വ്യാപിക്കുന്നതിന്റെ ജാള്യത മറക്കാന്‍ ആര്‍എസ്എസ്സിന്റെ നാവായി മാറി മുസ്‌ലിം സമുദായത്തിനെതിരേ ദുരാരോപണങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ലെന്നും സോഷ്യല്‍ മീഡിയ പി മോഹനനേയും പാര്‍ട്ടിയേയും ഓര്‍മിപ്പിക്കുന്നു.
Next Story

RELATED STORIES

Share it