Big stories

പോപുലര്‍ ഫ്രണ്ടിനെതിരേ തീവ്രവാദ പരാമര്‍ശവുമായി പി മോഹനന്‍

കാലങ്ങളായി സിപിഎം പുലര്‍ത്തുന്ന ഇസ്‌ലാം വിരുദ്ധതയുടെ ഭാഗമാണ് പ്രസ്താവനയെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം പറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെതിരേ തീവ്രവാദ പരാമര്‍ശവുമായി പി മോഹനന്‍
X

കോഴിക്കോട്: തീവ്രവാദ പരാമര്‍ശവുമായി പോപുലര്‍ ഫ്രണ്ടിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയാണ് തീവ്രവാദ പരാമര്‍ശം നടത്തിയത്. മുസ്‌ലിം സമുദായത്തെ താന്‍ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപുലര്‍ ഫ്രണ്ടിനെയുമാണെന്ന് പി മോഹനന്‍ പറഞ്ഞു. അറസ്റ്റിലായ അലനും താഹക്കും മാവോവാദി ബന്ധം ഉണ്ടെന്ന് കരുതുന്നില്ല എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പി മോഹനന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് താന്‍ പറഞ്ഞത്, അത് വ്യക്തിപരമായ നിലപാടല്ലെന്ന് ആവര്‍ത്തിക്കുകയാണ് പി മോഹനന്‍. പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്തമായി ഞാനൊന്നും പറഞ്ഞിട്ടില്ല. ഇത് പൊതുനിലപാടാണ്. പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. കോഴിക്കോട്ടെ സാഹചര്യത്തില്‍ ഇത് ശരിയുമാണെന്ന് പി മോഹനന്‍ പറയുന്നു.

പന്തീരങ്കാവില്‍ മാവോവാദി ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ രംഗത്തെത്തിയതിന് പിറ്റേന്നാണ് വിശദീകരണവുമായി പി മോഹനന്‍ രംഗത്തു വരുന്നത്. പരോക്ഷമായി സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ തന്നെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയാണ് കാനം ചെയ്തത്.

അതേസമയം പി മോഹനന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിയിരിക്കുന്നത്. കാലങ്ങളായി സിപിഎം പുലര്‍ത്തുന്ന ഇസ്‌ലാം വിരുദ്ധതയുടെ ഭാഗമാണ് പ്രസ്താവനയെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍ എളമരം പറഞ്ഞു. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം മതവിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമാണ് അതിന്റെ തുടര്‍ച്ച മാത്രമാണ് പി മോഹനന്റെ പ്രസ്താവന. സിപിഎമ്മിന്റെ പഠനകേന്ദ്രങ്ങളുടെ നേതൃതലങ്ങളിലിരിക്കുന്നവര്‍ മുന്‍ നക്‌സലേറ്റുകളാണ്. അവരുടെ ക്ലാസുകൾ കേട്ട് സിപിഎം അണികള്‍ മാവോവാദികളായതിന് പോപുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. യുഎപിഎ ഇവിടെ ആദ്യമായി പ്രയോഗിച്ചത് സിപിഎം ഭരിക്കുമ്പോഴാണ്. ബിജെപിയുടെ കയ്യടി നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോവാദികളും മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പോലിസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട പി മോഹനന്‍ മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നതും കൊണ്ടു നടക്കുന്നതും ഇത്തരം ശക്തികളാണെന്നും ആരോപിച്ചിരുന്നു. താമരശ്ശേരിയില്‍ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിന്റെ ഇടയിലായിരുന്നു പി മോഹനന്റെ വിവാദ പരാമര്‍ശം.

Next Story

RELATED STORIES

Share it