Big stories

എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തകൃതി, അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് സൂചന

അതിനിടെ, സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ നാളെ അഹമ്മാദബാദിലേക്ക് പോകുമെന്ന് മോദി അറിയിച്ചു. തിങ്കളാഴ്ച കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. വാരാണസിയിലെ വോട്ടര്‍മാരെ നന്ദി അറിയിക്കും. അതിന് ശേഷമാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍.

എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്;  മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തകൃതി, അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് സൂചന
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കാന്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകീട്ട് അഞ്ചിന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് യോഗം. ലോക്‌സഭ എംപിമാര്‍ക്ക് പുറമെ രാജ്യസഭാംഗങ്ങളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. അതിനിടെ, സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ നാളെ അഹമ്മാദബാദിലേക്ക് പോകുമെന്ന് മോദി അറിയിച്ചു. തിങ്കളാഴ്ച കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. വാരാണസിയിലെ വോട്ടര്‍മാരെ നന്ദി അറിയിക്കും. അതിന് ശേഷമാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍.

അതേസമയം, ബിജെപിയെയും നരേന്ദ്ര മോദിയെയും ചരിത്ര വിജയത്തിലേക്കു കൈ പിടിച്ചു നടത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയുടെ ഭാഗമായേക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാന്ധിനഗറില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച അമിത് ഷാ മോദി മന്ത്രിസഭയില്‍ അംഗമായാല്‍ ആഭ്യന്തര വകുപ്പായിരിക്കും കൈയ്യാളുക എന്നാണ് സൂചന. നിലവിലെ ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പ്രതിരോധം പോലെയുള്ള സുപ്രധാന വകുപ്പിലേക്ക് മാറാനാണ് സാധ്യത.

പ്രതിരോധം, അഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ ഗ്ലാമര്‍ വകുപ്പുകളില്‍ ആരെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അനാരോഗ്യം കാരണം അരുണ്‍ ജെയ്റ്റലി മന്ത്രിസഭയിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിതിന്‍ ഗഡ്കരിയെ സുപ്രധാന പദവിയില്‍ നിയമിക്കണമെന്ന് ആര്‍എസ്എസ് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണ്‍ ജെയ്റ്റലി ഇല്ലെങ്കില്‍ പീയൂഷ് ഗോയല്‍ തന്നെയായിരിക്കും അടുത്ത ധനമന്ത്രി.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മന്ത്രിസ്ഥാനത്തു തുടരാനാണ് സാധ്യത. മന്ത്രിപദത്തില്‍ തുടരാന്‍ സുഷമ സമ്മതം അറിയിച്ചതായെന്നാണ് വിവരം. നേരത്തെ ആരോഗ്യ കാരണങ്ങളാല്‍ ലോക്‌സഭയിലേക്കു മല്‍സരിക്കാന്‍ ഇല്ലെന്ന് സുഷമ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രിയും മോദിയുടെ വിശ്വസ്തയുമായ നിര്‍മല സീതരാമന്‍ മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്ത് തുടരുമെന്നു തന്നെയാണു നിലവിലെ സൂചനകള്‍.

രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, മനോജ് സിന്‍ഹ, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും താക്കോല്‍ സ്ഥാനങ്ങളിലെത്തും. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി താരമായി മാറിയ സ്മൃതി ഇറാനിയെ തേടി നിര്‍ണായക പദവി തന്നെ എത്തും എന്നാണ് വിവരം. എന്നാല്‍, സ്പീക്കര്‍ സ്ഥാനത്തേക്ക് അവരെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒഡീഷയ്ക്കും ബംഗാളിനും മന്ത്രിസഭയില്‍ കാര്യമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ തുടര്‍ന്നേക്കും.

Next Story

RELATED STORIES

Share it