Big stories

യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെതിരേ മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പടെ ആകെ എട്ടു പേരാണ് വോട്ടു ചെയ്തത്.

യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. സംഘടനകള്‍ക്ക് പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിക്കും സര്‍ക്കാറിനും അധികാരം നല്‍കുന്നതാണ് യുഎപിഎ നിയമഭേദഗതി. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെതിരേ മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പടെ ആകെ എട്ടു പേരാണ് വോട്ടു ചെയ്തത്.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പോലിസിന്റെ സഹായമോ ഇടപെടലോ ഇല്ലാതെ എന്‍ഐഎക്ക് കണ്ടുകെട്ടാനുള്ള അനുവാദം നല്‍കുന്ന വ്യവസ്ഥകളും യുഎപിഎ നിയമഭേദഗതി ബില്ലിലുണ്ട്. ഭീകര പ്രവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് വിട്ടുകൊടുക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഈ നിയമം പൗരാവകാശങ്ങള്‍ക്ക നേരെയുള്ള കടന്നുകയറ്റമാണെന്ന് മുസ്‌ലിം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിരപരാധികളായ ആളുകള്‍ ഈ നിയമം കൊണ്ട് ഉപദ്രവിക്കപ്പെടുമെന്ന ആശങ്ക ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രന്‍ പ്രകടിപ്പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മെഹുവ മൊയ്ത്ര, അസദുദ്ദീന്‍ ഉവൈസി, എന്‍സിപി അംഗം സുപ്രിയ സുലെ എന്നിവരും ബില്ലിനെ വിമര്‍ശിച്ചിരുന്നു.




Next Story

RELATED STORIES

Share it