Big stories

കെ എം മാണിക്ക് രാഷ്ട്രീയകേരളത്തിന്റെ ആദരാഞ്ജലി

പുഷ്പാലംകൃതമായ കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസ്സിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരുന്നത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോവുന്ന വഴിയോരങ്ങളില്‍ പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ കൈയില്‍ പൂക്കളുമായി പതിനായിരങ്ങളാണ് കാത്തുനിന്നത്.

കെ എം മാണിക്ക് രാഷ്ട്രീയകേരളത്തിന്റെ ആദരാഞ്ജലി
X

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ അതികായനുമായ കെ എം മാണിക്ക് രാഷ്ട്രീയകേരളം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പുഷ്പാലംകൃതമായ കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ളോര്‍ ബസ്സിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരുന്നത്. എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോവുന്ന വഴിയോരങ്ങളില്‍ പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ കൈയില്‍ പൂക്കളുമായി പതിനായിരങ്ങളാണ് കാത്തുനിന്നത്. രാവിലെ മുതല്‍ ആശുപത്രിയിലും നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയതോടെ വിലാപയാത്രയുടെ സമയക്രമമെല്ലാം തെറ്റി. രാവിലെ 9.30നാണ് ലേക് ഷോറില്‍ നിന്നും വിലാപയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ജനത്തിരക്ക് മൂലം 10.15നാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന് നീങ്ങാന്‍ സാധിച്ചത്. പിന്നീട് വാഹനം വരുന്ന വഴിയോരത്തെല്ലാം ജനം തിങ്ങിനിറഞ്ഞു. ഉച്ചയ്ക്ക് 12ന് കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) ആസ്ഥാനത്ത് മൃതദേഹമെത്തിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് 12.30ന് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം തുടങ്ങി വൈകീട്ട് നാലോടെ മൃതദേഹം പാലായിലേക്ക് കൊണ്ടുപോവാനായിരുന്നു പദ്ധതി. എന്നാല്‍, രാത്രി 11 മണിയോടെ മാത്രമേ മൃതദേഹം കോട്ടയത്തെത്തിക്കാന്‍ കഴിയൂ. വിലാപയാത്ര വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും വി എസ് അച്യുതാനന്ദനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ആപ്പാഞ്ചിറയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തൃപ്പൂണിത്തുറ, വൈക്കം, ചെമ്പ്, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങളിലെല്ലാം വലിയ ജനക്കൂട്ടം മാണിയെ അവസാനമായി കാണാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അര്‍ധരാത്രിയോടെ മാത്രമേ മൃതദേഹം പാലായിലെത്തിക്കാന്‍ കഴിയൂ. വിലാപയാത്ര നേരെ കോട്ടയം തിരുനക്കര മൈതാനത്തേക്കാണെത്തുന്നത്.

കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതും മാണിയുടെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണായകവുമായ ഇടമാണ് തിരുനക്കര മൈതാനം. ആയിരങ്ങള്‍ കാത്തുനില്‍ക്കുന്നതില്‍ ഇവിടെ മണിക്കൂറുകള്‍ വേണ്ടിവന്നേക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ മാണിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെത്തുന്നത് കാത്തിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുനക്കരയിലുണ്ട്. കോട്ടയത്തെ പൊതുദര്‍ശനത്തിനുശേഷം മണാര്‍കാട്- അയര്‍കുന്നം- കിടങ്ങൂര്‍ വഴി മാണിയുടെ ജന്‍മനാടായ മരങ്ങാട്ടുപിള്ളിയിലേക്ക് മൃതദേഹമെത്തിക്കും.

അതേസമയം, നേരം വൈകിയതിനാല്‍ പാല ടൗണ്‍ ഹാളിലെ പൊതുദര്‍ശനം ഒഴിവാക്കി. പകരം ടൗണ്‍ ഹാളിന് താഴെ വാഹനം അല്‍പസമയം നിര്‍ത്തിയിടും. രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടുവരിക. ഭാര്യ കുട്ടിയമ്മ, മകന്‍ ജോസ് കെ മാണി, മക്കള്‍, മരുമക്കള്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്, എംഎല്‍എമാരായ സി എഫ് തോമസ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പ്രഫ. എന്‍ ജയരാജ്, കേരള കോണ്‍ഗ്രസ് നേതാക്കളായ തോമസ് ചാഴിക്കാടന്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. നാലുമണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകല്ലറയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അടക്കം നടക്കും.

Next Story

RELATED STORIES

Share it