Big stories

യോഗി ഭരണത്തില്‍ 66 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ 138 ക്രിമിനല്‍ കേസുകള്‍; 48 ആക്രമണങ്ങള്‍

യോഗി ഭരണത്തില്‍ 66 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ 138 ക്രിമിനല്‍ കേസുകള്‍; 48 ആക്രമണങ്ങള്‍
X

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ മാധ്യമ സ്വാതന്ത്ര്യം കരിനിഴലിലെന്ന് റിപ്പോര്‍ട്ട്. 2017 ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ രണ്ടാമത്തെ സ്ഥലമായി യുപി മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദി ഭാഷാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാരാണ് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ടത്. ആദിത്യനാഥ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തിനിടെ 66 മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കേസുകള്‍ ചുമത്തി. 138 ക്രിമിനല്‍ കേസുകളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയത്. 48 പേര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു.

2022 ഫെബ്രുവരി 10 ന്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ (യുപി) മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സാക്കിര്‍ അലി ത്യാഗിയെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടു. വീട്ടില്‍ പോലിസ് പരിശോധന നടത്തി ലാപ്‌ടോപ്പ് പിടിച്ചെടുത്തതായി വീട്ടുകാര്‍ അറിയിച്ചു. പരിശോധനക്കുള്ള വാറണ്ടോ മറ്റു നടപടികളോ പൂര്‍ത്തിയാക്കാതെയാണ് പോലിസ് റെയ്ഡ് നടത്തി ലാപ്‌ടോപ്പ് പിടിച്ചെടുത്തത്.

'വാറന്റില്ലാതെ പോലീസ് എന്റെ വീട് പരിശോധിച്ചു, എന്റെ കംപ്യൂട്ടര്‍ കണ്ടുകെട്ടി,' 24 കാരനായ ത്യാഗി ആര്‍ട്ടിക്കിള്‍ 14നോട് പറഞ്ഞു.


യുപി പോലിസ് ഇതിന് മുമ്പും ത്യാഗിക്കെതിരേ കേസെടുത്തിട്ടുണ്ട്. 2017ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഇയാള്‍ക്കെതിരെ പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. 2020 ല്‍, പശുവിനെ കശാപ്പ് ചെയ്ത കേസില്‍ ഉള്‍പ്പെട്ടെന്ന് ആരോപിച്ച് അമീനബാദ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു.

ഒരു ഡസന്‍ പോലിസുകാര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും അകാരണമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ സമയത്ത്, 'രാഷ്ട്രീയ സമ്മര്‍ദത്തിന്' കീഴിലാണ് ത്യാഗിയെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് ഗ്രാമപഞ്ചായത്ത് (തെരഞ്ഞെടുക്കപ്പെട്ട വില്ലേജ് കൗണ്‍സില്‍) തലവനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ഒരു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ സഹോദരനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് ത്യാഗിയുടെ വീട്ടില്‍ പോയത് സംസ്ഥാന എസ്ഒജി (സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്) ആണെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഹാപൂര്‍ ജില്ലയിലെ പില്‍ഖുവ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) സുബോധ് സക്‌സേന പറഞ്ഞു.

വധശ്രമക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ വാറണ്ടിന്റെ ആവശ്യമില്ലെന്ന് എസ്എച്ച്ഒ അറിയിച്ചു. നടപടിക്രമങ്ങള്‍ക്കനുസൃതമായി പോലീസ് പ്രാദേശിക മജിസ്‌ട്രേറ്റിനെ പ്രത്യേക സാഹചര്യം അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തനിക്കറിയില്ലെന്ന് സക്‌സേന പറഞ്ഞു.

ത്യാഗിയുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. 2017ല്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം 48 മാധ്യമപ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കപ്പെടുകയും 138 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി 2022 ഫെബ്രുവരി 10ന് പുറത്തിറക്കിയ കമ്മറ്റി എഗെയിന്‍സ്റ്റ് അസാള്‍ട്ട് ജേണലിസ്റ്റ് (സിഎഎജെ) റിപ്പോര്‍ട്ട് പറയുന്നു.

2017 മുതല്‍, യുപിയിലെ 75 ജില്ലകളില്‍ ഓരോന്നിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സിഎഎജെയുടെ റിപ്പോര്‍ട്ട് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്കായ റൈറ്റ് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പ് ഇന്ത്യ അവരുടെ പ്രസ് ഫ്രീഡം 2022 റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. 2021ല്‍ യുപിയിലെ 23 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രണ്ടാമത്തെ സ്ഥലമാണ് യുപി. കശ്മീര്‍ ആണ് ഏറ്റവും അപകടകരമായ പ്രദേശം.

2015 മുതല്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തനവും ആക്രമിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കുകയും എഡിറ്റര്‍മാരെ പുറത്താക്കുകയും ചെയ്തു. 2020 മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചു. സിഎഎജെ റിപ്പോര്‍ട്ട് പ്രകാരം യുപിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആറുകളില്‍ 80 ശതമാനവും 2020ലും 2021ലും രജിസ്റ്റര്‍ ചെയ്തവയാണ്.

Next Story

RELATED STORIES

Share it