Big stories

പ്രക്ഷോഭം കത്തുന്നു; ഇറാഖ് പ്രധാനമന്ത്രി പ്രധാനമന്ത്രി രാജിവച്ചു

കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

പ്രക്ഷോഭം കത്തുന്നു; ഇറാഖ് പ്രധാനമന്ത്രി പ്രധാനമന്ത്രി രാജിവച്ചു
X

ബഗ്ദാദ്: ഇറാഖില്‍ ആഴ്ചകളായി നടന്നുവരുന്ന പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവച്ചു. ഇറാന്‍ കോണ്‍സുലേറ്റിനു തീയിട്ടതിനെ തുടര്‍ന്നു ഇറാഖി സൈന്യം നടത്തിയ വെടിവയ്പില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജിസന്നദ്ധത അറിയിച്ചത്. ഇറാഖ് പ്രധാനമന്ത്രി രാജിവെക്കുമെന്ന് അറിയിച്ചതോടെ ഇറാഖിലെ തഹ്‌രിര്‍ സ്‌ക്വയറില്‍ ആഘോഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. രണ്ട് മാസത്തോളമായി തമ്പടിച്ചിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

'രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക മെമ്മോറാണ്ടം ഞാന്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കും. പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്'. പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തഹ്‌രിറിലെ പ്രതിഷേധക്കാര്‍ പാട്ടും നൃത്തവുമായി ആഘോഷം തുടങ്ങി.

വ്യാഴാഴ്ച അര്‍ധരാത്രി പ്രതിഷേധവുമായെത്തിയവര്‍ തെക്കന്‍ നഗരമായ നസിറിയ്യയില്‍ പാലം തടഞ്ഞതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായത്. പ്രക്ഷോഭകര്‍ക്കെതിരേ ഇറാഖി സുരക്ഷാ സൈന്യം ശക്തമായ നടപടി ആരംഭിച്ചു. രണ്ട് പാലങ്ങളില്‍ കുത്തിയിരുന്ന് ഉപരോധം തീര്‍ത്തവര്‍ക്കു നേരെയുണ്ടായ വെടിവയ്പിലാണ് 29 പേര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് പ്രക്ഷോഭകര്‍ നജഫിലുള്ള ഇറാന്‍ കോണ്‍സുലേറ്റിനു തീയിട്ടത്. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി പോലിസും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു. ടൈഗ്രീസ് നദിക്കു സമീപമുണ്ടായ ആക്രമണത്തില്‍ നാലുപേരും നജഫില്‍ 14 പേരുമാണ് കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ മാസം തുടങ്ങിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 375 കടന്നു. 15,000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി ആദില്‍ അബ്ദല്‍ മഹ്ദി സമാധാനം പുന സ്ഥാപിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുതിര്‍ന്ന സേനാ കമാന്‍ഡര്‍മാരെ അയച്ചിരുന്നു. നസിറിയയില്‍ 25 പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇവിടേക്ക് നിയോഗിച്ച സൈനിക കമാന്‍ഡര്‍ ജാമില്‍ ഷമ്മറിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആദില്‍ അല്‍ ദാഖിലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമാന്‍ഡറെ പിന്‍വലിച്ചു. നജാഫിലെ കോണ്‍സുലേറ്റ് കത്തിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച ഇറാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ആദ്യത്തില്‍ തുടങ്ങിയ പ്രക്ഷോഭം ആരംഭിച്ചശേഷമുള്ള ഏറ്റവും അക്രമാസക്തമായ ദിവസങ്ങളിലൊന്നായിരുന്നു ഇത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ ഇറാന്‍ അതിര്‍ത്തിയായ മെഹറാന്‍ അടച്ചതായി പ്രാദേശിക അതിര്‍ത്തി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it