Big stories

പത്ത് വര്‍ഷത്തിനിടയില്‍ ബിജെപിക്കുള്ള സംഭാവന നൂറിരട്ടി വര്‍ധിച്ചു

ആദായനികുതി റിട്ടേണുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ യഥാക്രമം ഐടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ച സംഭാവനകളുടേയും വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ ബിജെപിക്കുള്ള സംഭാവന നൂറിരട്ടി വര്‍ധിച്ചു
X

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിനിടയില്‍ ബിജെപിക്ക് ലഭിക്കുന്ന സംഭാവന നൂറിരട്ടി വര്‍ധിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും കൈപ്പറ്റിയ 75 ശതമാനത്തിലധികം സംഭാവനകളുടെ സാമ്പത്തിക സ്രോതസ്സുകളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും റിപോര്‍ട്ട് പറയുന്നു.

ആദായനികുതി റിട്ടേണുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ യഥാക്രമം ഐടി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ച സംഭാവനകളുടേയും വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മൊത്തം സംഭാവനയുടെ 8.9 ശതമാനം മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിഞ്ഞതെന്ന് റിപോര്‍ട്ട് അടിവരയിടുന്നു. ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ 2.16 ശതമാനം തുകയും ലഭിച്ചത് ഇലക്ടറല്‍ ട്രസ്റ്റുകളില്‍ നിന്നാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ഭരിക്കുന്ന ബിജെപി 2008-09 വര്‍ഷത്തില്‍ 175 വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 30 കോടിയിലധികം രൂപയാണ് സംഭാവനയായി കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ 2017-18 വര്‍ഷത്തില്‍ ഇത് നൂറിരട്ടിയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്. 2977ലേറെ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 437ലധികം കോടി രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. പത്തുവര്‍ഷം കൊണ്ട് ബിജെപിക്ക് 1899 കോടിയിലധികം രൂപയാണ് ലഭിച്ചത്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിക്ക് ലഭിച്ചുകൊണ്ടിരുന്ന സംഭാവന കുത്തനെ വര്‍ധിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു.

ബിജെപിക്ക് ലഭിച്ചുവരുന്ന സംഭാവനയുടെ 73 ശതമാനവും സ്വമേധയാ നല്‍കുന്ന സംഭാവനയാണ്, ഇതിന്റെ സ്രോതസ് അഞ്ജാതമാണെന്ന് റിപോര്‍ട്ട് പറയുന്നു. അതേസമയം കോണ്‍ഗ്രസിന് ലഭിക്കുന്ന സംഭാവനയില്‍ കാര്യമായ വര്‍ധനയൊന്നും ഉണ്ടായിട്ടില്ല. 2008-09ല്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 27 കോടി രൂപ ലഭിച്ചപ്പോള്‍ 2017-18ല്‍ 26 കോടി രൂപ മാത്രമാണ് ലഭിച്ചത്. 2014-15ല്‍ മാത്രമാണ് 141 കോടിയിലധികം രൂപ സംഭാവന ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നത്.

സിപിഎംന് ലഭിക്കുന്ന സംഭാവനയുടെ കാര്യത്തിലും കാര്യമായ വര്‍ധനയൊന്നും ഉണ്ടായിട്ടില്ല. 2008-09ല്‍ 41 ലക്ഷം രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ 2017-18ല്‍ ഇത് 2 കോടിയിലെത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന ബിജെപിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവര കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it