Big stories

ഹിജാബ്: സംഘര്‍ഷം തെരുവിലേക്ക്; കര്‍ണാടകയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചു

ഹിജാബ്: സംഘര്‍ഷം തെരുവിലേക്ക്;  കര്‍ണാടകയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചു
X

ബംഗളൂരു: കര്‍ണാടകയിലെ വിവിധ കോളജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം തെരുവിലേക്ക്. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ നേതൃത്വത്തില്‍ ഹിജാബ് ധരിച്ച് വരുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ കയ്യേറ്റത്തിന് ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. കോളജുകളില്‍ കാവി ഷാള്‍ അണിഞ്ഞെത്തിയ ഹിന്ദുത്വര്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെ ജയ് ശ്രീരാം വിളികളുമായി എത്തി. വിവിധ കോളജുകളില്‍ ആരംഭിച്ച സംഘര്‍ഷം തെരുവിലേക്ക് നീങ്ങിയതോടെ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളും കോളജുകളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടും. 'സമാധാനവും ഐക്യവും നിലനിര്‍ത്താന്‍' എല്ലാ ഹൈസ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു. ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്.

കേസ് ഇന്ന് പരിഗണിച്ച ഹൈക്കോടതി നാളെ വാദം കേള്‍ക്കും. വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ ജ്ഞാനത്തിലും പുണ്യത്തിലും ഈ കോടതിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.

'എല്ലാ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്‌മെന്റുകളോടും കര്‍ണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരോടും സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'. ഇന്ന് കോടതി നടപടികള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ശിരോവസ്ത്രം ധരിച്ചതിന് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയ ആറ് വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവണ്‍മെന്റ് ഗേള്‍സ് പിയു കോളജില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും ഹിന്ദുത്വ സംഘടനകളാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ എബിവിബി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫ് ധരിച്ച് അവരുടെ കോളജിലേക്ക് മാര്‍ച്ച് നടത്തി.

ഇന്ന് പ്രതിഷേധക്കാരുടെ സംഘങ്ങള്‍ പരസ്പരം കല്ലെറിയുകയും ഒരു കോളജില്‍ വിദ്യാര്‍ത്ഥികള്‍ കാവി പതാക ഉയര്‍ത്തുകയും ചെയ്തതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

Next Story

RELATED STORIES

Share it