Big stories

ഹര്‍ത്താല്‍ അക്രമം: 745 പേര്‍ അറസ്റ്റില്‍; 622 പേര്‍ കരുതല്‍ തടങ്കലില്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ കാംപയിന്‍, ഹെയ്റ്റ് കാംപയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.

ഹര്‍ത്താല്‍ അക്രമം: 745 പേര്‍ അറസ്റ്റില്‍; 622 പേര്‍ കരുതല്‍ തടങ്കലില്‍
X

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി ബ്രോക്കണ്‍ വിന്റോ എന്ന പേരില്‍ പോലിസ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 വരെയുളള കണക്കനുസരിച്ച് വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 745 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 622 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമ സംഭവങ്ങളില്‍ സംസ്ഥാന വ്യാപകമായി 559 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലിസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലിസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തും.

ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പോലിസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.

സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ കാംപയിന്‍, ഹെയ്റ്റ് കാംപയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.




Next Story

RELATED STORIES

Share it