Big stories

സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും സസ്‌പെന്‍ഷന്‍

ഔദ്യോഗിക അന്വേഷണം തുടങ്ങുന്നതിനു മുമ്പ് ഇരുവര്‍ക്കും വീണ്ടും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുടെ ഇന്റേണല്‍ കമ്മിറ്റിയോ അഡ്‌ഹോക്ക് ഒംബുഡ്‌സ്മാനോ ആയിരിക്കും അന്വേഷണം നടത്തുക.

സ്ത്രീവിരുദ്ധ പരാമര്‍ശം:  രാഹുലിനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും  സസ്‌പെന്‍ഷന്‍
X
മുംബൈ: സ്വകാര്യ ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെ അന്വേഷണ വിധേയമായ സസ്‌പെന്റ് ചെയ്തു. ഇതോടെ, ശനിയാഴ്ച ആരംഭിക്കുന്ന ആസ്‌ത്രേലിയക്കെതിരായ ഏകദിനത്തില്‍ ഇരുവരും പുറത്തിരിക്കേണ്ടിവരും.പാണ്ഡ്യയേയും രാഹുലിനേയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി ബിസിസിഐ ഭരണസമിതി (സിഒജി)ചെയര്‍മാന്‍ വിനോദ് റായി ആണ് അറിയിച്ചത്.

അതേസമയം, ഔദ്യോഗിക അന്വേഷണം തുടങ്ങുന്നതിനു മുമ്പ് ഇരുവര്‍ക്കും വീണ്ടും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുടെ ഇന്റേണല്‍ കമ്മിറ്റിയോ അഡ്‌ഹോക്ക് ഒംബുഡ്‌സ്മാനോ ആയിരിക്കും അന്വേഷണം നടത്തുക. ആരാണെന്നതില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

അതേസമയം, ഇരുവരെയും ടീമിനൊപ്പം നിര്‍ത്തണമോ അതോ നാട്ടിലേക്ക് തിരിച്ചയക്കണമോ എന്നത്ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കും. ഇരുവരെയും തിരിച്ചയക്കുകയാണെങ്കില്‍ റിഷബ് പന്തും മനീഷ് പാണ്ഡ്യയും ടീമില്‍ ഉള്‍പെട്ടേക്കും. വിജയ് ശങ്കറും ശ്രേയസ് അയ്യറും ടീമിലെത്തിയാലും അല്‍ഭുതപ്പെടാനില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

അന്വേഷണം കഴിയുന്നത് വരെ ഇരുവരെയും സസ്‌പെന്റ് ചെയ്യണമെന്ന് വിനോദ് റായിയുടെ ഭരണസമിതിയില്‍ അംഗമായ ഡയാന എദുല്‍ജി ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് രാഹുലിനും പാണ്ഡ്യയ്ക്കുമെതിരേ നടപടിയുണ്ടായത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് താരങ്ങളെ കുടുക്കിയത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചതിന് ഹര്‍ദ്ദിക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് ബിസിസിഐ വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ സംഭവം വിവാദമായതോടെ ഹര്‍ദ്ദിക്ക് ക്ഷമാപണം നടത്തിയിരുന്നു. കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറയുകയാണ്, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്' എന്നായിരുന്നു പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചത്. ഇന്നലെ ഇന്ത്യന്‍ നായകന്‍ കോഹ്ലിയും ഇരുവരെയും കൈവിട്ടിരുന്നു.

Next Story

RELATED STORIES

Share it