Big stories

കര്‍ണാടകയില്‍ സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ശക്തമാക്കി ഹിന്ദുത്വര്‍; എട്ട് മാസത്തിനിടെ 71 വര്‍ഗീയ ആക്രമണങ്ങള്‍ (റിപ്പോര്‍ട്ട്)

സൂറത്ത്കല്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട ഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

കര്‍ണാടകയില്‍ സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ശക്തമാക്കി ഹിന്ദുത്വര്‍; എട്ട് മാസത്തിനിടെ 71 വര്‍ഗീയ ആക്രമണങ്ങള്‍ (റിപ്പോര്‍ട്ട്)
X

മംഗളൂരു: 2021 ജനുവരി 3 ന്, തീരദേശ നഗരമായ മംഗലാപുരത്ത്, മുസ് ലിംകള്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണം ആരംഭിച്ചു. 'ഹിന്ദുക്കളെ കൊല്ലാന്‍ ബോധപൂര്‍വം വിഷം കലര്‍ത്തിയ ഉല്‍പ്പന്നങ്ങള്‍' വില്‍ക്കുന്നു എന്നാണ് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ച സന്ദേശങ്ങള്‍. ബ്യാരി(പ്രാദേശിക മുസ് ലിംകള്‍) വിഭാഗങ്ങള്‍ നടത്തുന്ന വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ഒന്നും വാങ്ങരുതെന്നും ഹിന്ദുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'ചൈനയുടെ ധനസഹായത്തോടെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനാണ് ശ്രമമെന്നും പ്രചരിപ്പിച്ചു.


ദിവസങ്ങള്‍ക്ക് ശേഷം മംഗളൂരുവിലെ പുത്തൂര്‍ ഏരിയയിലെ ഒരു കഫേയില്‍ ആര്‍എസ്എസ്സുകാരുടെ നേതൃത്വത്തില്‍ ആക്രമണം അഴിച്ചുവിട്ടു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ജന്മദിന പാര്‍ട്ടി നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആര്‍എസ്എസ് ആക്രമണം. മുസ് ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് ആര്‍എസ്എസ്സുകാരെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പോലിസ് ഇടപെട്ടെങ്കിലും വിദ്യാര്‍ഥികളെ മാത്രമാണ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയത്. പിന്നീട് അവരെ താക്കീത് നല്‍കി വീട്ടിലേക്ക് അയച്ചു.

ഈ വര്‍ഷം തന്നെ ആഗസ്തില്‍ സമാനമായ മറ്റൊരു സംഭവവും അരങ്ങേറി. ബംഗളൂരുവില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം പുത്തൂരിലേക്ക് പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ബസില്‍ ബഹളമുണ്ടാക്കി. മുസ് ലിം സമുദായത്തില്‍പ്പെട്ട ഒരു യുവാവ് പെണ്‍കുട്ടികളുടെ പുറകില്‍ ഇരുന്നു എന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ തടഞ്ഞു വയ്ക്കുകയും പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിക്കുകയുമായിരുന്നു. യുവാവിന്റെ മൊബൈല്‍ ഫോണും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. ഒടുവില്‍ വിവരമറിഞ്ഞ പോലിസെത്തി യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയായിരുന്നു. ഫോണില്‍ സന്ദേശങ്ങള്‍ കണ്ടെത്താതായതോടെ പോകാന്‍ അനുവദിച്ചു.

കര്‍ണാടകയിലെ തീരദേശമായ ദക്ഷിണ കന്നഡ ജില്ലയില്‍ ശക്തമായ സാമ്പത്തിക ബഹിഷ്‌കരണത്തിന്റെയും നിര്‍ബന്ധിത സാമൂഹിക വേര്‍തിരിവിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും പ്രകടമായ ഉദാഹരങ്ങളാണ് സംഭവങ്ങളെന്ന് വര്‍ഗീയ സംഘര്‍ഷങ്ങളെ കുറിച്ച് പഠിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, കര്‍ണാടക (പിയുസിഎല്‍-കെ), ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് (എഐഎല്‍എജെ), ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം (എഐപിഎഫ്), ഗൗരിലങ്കേഷ് ന്യൂസ് ഡോട്ട് കോം എന്നിവയുടെ നേതൃത്വത്തിലാണ് വസ്തുതാന്വേഷണം നടന്നത്.

പോലിസ് നടപടിയെടുക്കാതെ നോക്കി നില്‍ക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. പോലിസിന്റെ നിലപാടാണ് ആശങ്കാജനകമാണെന്നും അവര്‍ വിലയിരുത്തി.

ജനുവരി മുതല്‍ എട്ട് മാസത്തിനിടെ ദക്ഷിണ കന്നടയില്‍ 71 വര്‍ഗീയ ആക്രമണങ്ങള്‍ അരങ്ങേറിയതായി ആക്ടിവിസ്റ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂദായിക ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങളാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ വളര്‍ന്ന് വരുന്ന വര്‍ഗീയ അസഹിഷ്ണുതയുടെ നേര്‍ ചിത്രമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്. മേഖലയില്‍ എല്ലാ ദിവസവും വര്‍ഗീയ കലാപത്തിന്റെയും ഭീഷണിയുടെയും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഷബീര്‍ അഹമ്മദ് പറഞ്ഞു.

പരാതിക്കാരി മുന്നോട്ട് വരാന്‍ തയ്യാറാകാത്തതിനാല്‍ മിക്ക കേസുകളിലും നടപടിയെടുക്കുന്നതില്‍ നിന്ന് പോലിസ് ഒഴിഞ്ഞുമാറിയതായി ബംഗളൂരു ആസ്ഥാനമായുള്ള അഭിഭാഷകനും റിപ്പോര്‍ട്ടിലെ പ്രധാന ഗവേഷകയുമായ മൈത്രേയി കൃഷ്ണന്‍ പറഞ്ഞു.

കൃഷ്ണനോടൊപ്പം പിയുസിഎല്ലിന്റെ മാനവി അത്രി, എഐപിഎഫിലെ സ്വാതി ശേഷാദ്രി, ഗൗരി ലങ്കേഷ് ന്യൂസിലെ ശശാങ്ക് എസ് ആര്‍, വനിതാ അവകാശ പ്രവര്‍ത്തകയായ മനു ചൗധരി എന്നിവരും ഗവേഷണത്തില്‍ ഭാഗമായിരുന്നു.

മേഖലയില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ആറ് പ്രവണതകള്‍ റിപ്പോര്‍ട്ട് തരംതിരിച്ചു. കേസുകള്‍ താഴെ പറയുന്ന വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്: സാമൂഹിക ധ്രുവീകരണം നടപ്പിലാക്കല്‍; സാമൂഹിക ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുക; സാമ്പത്തിക ബഹിഷ്‌കരണം; ഗോരക്ഷയുടെ (കന്നുകാലി സംരക്ഷണം) പേരിലുള്ള ആക്രമണങ്ങള്‍; ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍, മത വിദ്വേഷം പടര്‍ത്തുക.

റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ 71 കേസുകള്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവയാണെന്ന് കൃഷ്ണന്‍ പറഞ്ഞു. 'മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി കേസുകള്‍ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'വര്‍ഗീയ പോലിസിംഗില്‍ നിന്ന് വിദ്വേഷ കുറ്റകൃത്യങ്ങളിലേക്ക്: അംബേദ്കറിന്റെ സാഹോദര്യം എന്ന സ്വപ്നത്തിനെതിരായ ആക്രമണം' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഹിന്ദുത്വ സംഘടനകള്‍ അധികാരത്തിന്റെ തണലില്‍ മുസ് ലിം വിരുദ്ധ ആക്രമണങ്ങള്‍ വ്യാപിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷാരംഭത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ കലാപ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് മേഖലയില്‍ വസ്തുതാന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഈ കേസുകള്‍, 'ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ സാധാരണവല്‍ക്കരണത്തിലേക്ക്' നയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു, അത് 'മുസ്‌ലിംകളെ അശക്തരാക്കുന്നതിലൂടെയും തുല്യ പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ പദവിയെ ചോദ്യം ചെയ്യുന്നതിലൂടെയും ഫലപ്രാപ്തിയിലെത്തി'. വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഭവങ്ങളുടെ ഫലം സാഹോദര്യം എന്ന സങ്കല്‍പ്പത്തിന്റെ ശിഥിലീകരണവും സാമൂഹിക വേര്‍തിരിവിന്റെ വേരറുക്കലുമാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

കനത്ത പോലീസ് സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സംഭവസ്ഥലത്ത് പോലിസ് സംഘത്തെ നിയോഗിച്ചു. പരിപാടിക്ക് വേദി കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തക വിദ്യാ ദിനകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന ഭരണകൂടത്തിന്റെ നിഷ്‌ക്രിയ സമീപനവും സര്‍ക്കാര്‍ പിന്തുണയും ഈ മേഖലയില്‍ ഹിന്ദുത്വ സംഘടനകളെ സഹായിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, വര്‍ഗീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെയും വര്‍ഗീയ പോലിസിംഗിന്റെയും വര്‍ദ്ധനവിനെ ന്യായീകരിച്ചുകൊണ്ട് പ്രസ്താവന നടത്തി. 'സമൂഹത്തില്‍ നിരവധി വികാരങ്ങളുണ്ട്. ഈ വികാരങ്ങളെ വ്രണപ്പെടുത്താത്ത രീതിയിലാണ് നാമെല്ലാവരും പെരുമാറേണ്ടത്. ഈ വികാരങ്ങള്‍ വ്രണപ്പെടുമ്പോള്‍, പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഉണ്ടാകുന്നു. ക്രമസമാധാനപാലനത്തിന്റെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തത്തോടൊപ്പം, സാമൂഹിക ഐക്യവും ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരും സഹകരിക്കണം. വികാരങ്ങള്‍ വ്രണപ്പെടുന്നില്ലെന്ന് യുവാക്കള്‍ ഉറപ്പാക്കണം. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. സമൂഹത്തില്‍ ധാര്‍മികത ഉണ്ടാകണം, അല്ലേ? ധാര്‍മ്മികത മറക്കുമ്പോള്‍, പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ഉണ്ടാകുന്നു, 'അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വര്‍ഷം ഏപ്രിലില്‍ സൂറത്ത്കല്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട ഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, മസ്ജിദ് ആക്രമിക്കാനുള്ള കാരണത്തെക്കുറിച്ച് പോലിസ് അവരെ ചോദ്യം ചെയ്തു. ഗണപതി ക്ഷേത്രത്തില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് മസ്ജിദ് ഉള്ളതെന്നും ക്ഷേത്രത്തിന് ഒരു നില മാത്രമുള്ളപ്പോള്‍ മസ്ജിദിന് രണ്ട് നിലകളാണുള്ളതെന്നും ആണ്‍കുട്ടികള്‍ മറുപടിയായി പറഞ്ഞു. മസ്ജിദ് ക്ഷേത്രത്തേക്കാള്‍ ഉയര്‍ന്ന് നിന്നത് തങ്ങളെ പ്രകോപിതരാക്കിയെന്നും കുട്ടികള്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളര്‍ന്ന് വരുന്ന തലമുറയില്‍ പോലും ഏത് തരത്തിലാണ് സ്വാധീനം ചെലുത്തുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ഹിന്ദുത്വ സംഘടനകളുടെ ആക്രമണം വര്‍ധിച്ചതോടെ പ്രതിരോധിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുസ് ലിം യുവാക്കള്‍ പ്രതികളായ ഇത്തരം കേസുകളില്‍ പോലിസ് വ്യത്യസ്ഥമായാണ് ഇടപെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേസുകള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പോലിസ് വര്‍ഗീയ ചേരിതിരിവ് കാണിക്കുന്നതായും ഉദാഹരണ സഹിതം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തീരദേശ ജില്ലയില്‍ മുസ് ലിംകള്‍ മാത്രമല്ല ദലിതുകളും ഹിന്ദുത്വരുടെ ആക്രമണത്തിന് വിധേയരാകുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2014 മുതല്‍ ഗോസംരക്ഷണത്തിന്റെ മറവില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ക്രൂരമായ അക്രമങ്ങളില്‍ രാജ്യവ്യാപകമായി വര്‍ദ്ധിച്ചപ്പോള്‍ കര്‍ണാടകയില്‍ അത് വളരെ മുമ്പേ ആരംഭിച്ചു. 1998 മുതല്‍ 2012 ജൂലായ് വരെ കന്നുകാലികളെ കടത്തുന്നതും ഗോമാംസം ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ 44 അക്രമ സംഭവങ്ങള്‍ പിയുസിഎല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it