Big stories

കോവിഡ്-19: പ്രവാസി വിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണം; കേന്ദ്രസര്‍ക്കാരിനെതിരേ മുഖ്യമന്ത്രി

കോവിഡ്-19: പ്രവാസി വിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണം;  കേന്ദ്രസര്‍ക്കാരിനെതിരേ മുഖ്യമന്ത്രി
X

തിരുവനന്തപുരം: കോവിഡ് 19 സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ നല്‍കിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ പൗരന്‍ രോഗിയായിപ്പോയെന്ന് വച്ച് ഇങ്ങോട്ടുവരാന്‍ പാടില്ലെന് പറയാമോയെന്നും നമ്മുടെ രാജ്യത്തെ പൗരന്‍മാര്‍ ഇങ്ങോട്ടുവരാന്‍ പാടില്ലെന്ന കേന്ദ്രസമീപനം അപരിഷ്‌കൃതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

പ്രശ്‌നം സംബന്ധിച്ച് നിയമസഭാ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐക്യകണ്‌ഠ്യേന പ്രമേയം പാസ്സാക്കാവുന്നതാണെന്നും പറഞ്ഞു.

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികള്‍ നിരവധി പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതുകാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവധി കഴിഞ്ഞ് തിരികെ പോകേണ്ടവരുടെയും പുതുതായി തൊഴില്‍വിസ ലഭിച്ച് പോകേണ്ടവരുടെയും തൊഴില്‍ നഷ്ടപ്പെടാതെ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ദേശീയതലത്തില്‍ തന്നെ ഇതൊരു പ്രധാന പ്രശ്‌നമായതിനാല്‍ പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ (പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.ഈ അവസരത്തില്‍ ഇത്തരത്തിലുള്ള യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മാര്‍ച്ച് 10ന് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.



Next Story

RELATED STORIES

Share it