Big stories

പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രം ഹാളിലേക്ക് പ്രവേശനം; ക്രമക്കേട് തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്‌സി

അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍പോയിന്റ്) എന്നിവ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കൈവശമുണ്ടാവാന്‍ പാടുള്ളൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ച സീറ്റുകളില്‍ മാത്രമേ ഇരിക്കാവൂ.

പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രം ഹാളിലേക്ക് പ്രവേശനം; ക്രമക്കേട് തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്‌സി
X

തിരുവനന്തപുരം: പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്എഫ്‌ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയത് പുറത്തുവന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്‌സി. പരീക്ഷാ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാളിനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചതായി അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താനുള്ള പിഎസ്‌സിയുടെ തീരുമാനം. അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനും 15 മിനിറ്റ് മുമ്പ് മുതല്‍ മാത്രമായിരിക്കും ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയെന്നതാണ് പ്രധാന നിര്‍ദേശം.

നേരത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് എപ്പോള്‍ വേണമെങ്കിലും ഹാളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാര്‍ഥികളെയല്ലാതെ അവരുടെ കൂടെവരുന്ന ആരെയും പരീക്ഷാകേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍പോയിന്റ്) എന്നിവ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കൈവശമുണ്ടാവാന്‍ പാടുള്ളൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ച സീറ്റുകളില്‍ മാത്രമേ ഇരിക്കാവൂ.

പാഠ്യവസ്തുക്കള്‍ (അച്ചടിച്ചതോ, എഴുതപ്പെട്ടതോ), കടലാസ് തുണ്ടുകള്‍, ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്‌സുകള്‍, പ്ലാസ്റ്റിക് കവര്‍, റബ്ബര്‍, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പേഴ്‌സ്, പൗച്ച്, പെന്‍ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ഇലക്ട്രോണിക് പേന, സ്‌കാനര്‍, ഹെല്‍ത്ത് ബാന്‍ഡ്, കാമറ പെന്‍, മൊബൈല്‍ഫോണ്‍, ബ്ലൂ ടൂത്ത്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, റിസ്റ്റ് വാച്ച്, സ്മാര്‍ട്ട് വാച്ച്, കാമറാ വാച്ച്, പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണവസ്തുക്കള്‍, കുപ്പിവെള്ളം എന്നിവ യാതൊരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് പിഎസ്പി വ്യക്തമാക്കി. കാമറ, ബ്ലൂ ടൂത്ത് പോലുള്ള വിനിമയ ഉപകരണങ്ങള്‍ ഒളിപ്പിക്കാന്‍ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഹാളില്‍ നിരോധനമുണ്ട്. മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗാര്‍ഥികളെ പിഎസ്‌സിയുടെ തിരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് സ്ഥിരമായി വിലക്കേര്‍പ്പെടുത്തും.

Next Story

RELATED STORIES

Share it