പശ്ചിമഘട്ടം തുരന്നു തീർക്കുന്നത് 5924 ക്വാറികൾ; അനുമതി 750 ക്വാറികൾക്ക്

കേരളത്തില്‍ 7,157 ഹെക്ടര്‍ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി 2015ല്‍ കെഎഫ്ആര്‍ഐ നടത്തിയ പഠനം പറയുന്നു. മലബാറില്‍ 2483, മധ്യകേരളത്തില്‍ 1969, തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും ഖനനം നടത്തുന്നത്. 89 അതിഭീമന്‍ ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

പശ്ചിമഘട്ടം തുരന്നു തീർക്കുന്നത് 5924 ക്വാറികൾ; അനുമതി 750 ക്വാറികൾക്ക്

കോഴിക്കോട്: സംസ്ഥാനത്ത് നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തുന്നത് അയ്യായിരത്തിലധികം ക്വാറികള്‍. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആര്‍ഐ) പഠന റിപോര്‍ട്ടുകളിലാണ് അനധികൃത കരിങ്കല്‍ ഖനനത്തിന്റെ ഞെട്ടിക്കുന്ന തെളിവുകൾ. സംസ്ഥാനത്ത് 5,924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത് 750 ക്വാറികള്‍ക്ക്‌ മാത്രമാണ്.

കേരളത്തില്‍ 7,157 ഹെക്ടര്‍ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി 2015ല്‍ കെഎഫ്ആര്‍ഐ നടത്തിയ പഠനം പറയുന്നു. മലബാറില്‍ 2483, മധ്യകേരളത്തില്‍ 1969, തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും ഖനനം നടത്തുന്നത്. 89 അതിഭീമന്‍ ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 20 ഹെക്ടറിന് മുകളില്‍ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ള 70 എണ്ണവും മൈനിങ് നടത്തുന്നുണ്ട്. വനാതിര്‍ത്തിയില്‍ നിന്നും 100 മീറ്റര്‍ പാലിക്കണമെന്ന 2015-ലെ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ നിബന്ധനകൾ അട്ടിമറിച്ച് 50 മീറ്ററായി വെട്ടിച്ചുരുക്കി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉത്തരവിറക്കിയിരുന്നു.


സംസ്ഥാനത്ത് 1983നും 2015നും ഇടയില്‍ 115 ഭൂമികുലുക്കങ്ങളുണ്ടായിട്ടുണ്ട്. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു. ഭൂമി കുലുക്കത്തിന് പുറമേ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും അനിയന്ത്രിതമായ കരിങ്കല്‍ ഖനനം കാരണമാകുന്നുണ്ട്. മേല്‍മണ്ണും സസ്യങ്ങളും അടങ്ങുന്ന ഉപരിതല ആവരണം മാറ്റിക്കളഞ്ഞ ശേഷമാണ് ക്വാറികള്‍ തയ്യാറാക്കുന്നത്. ഇത് മണ്ണിലേക്ക് വെള്ളമിറങ്ങുന്നത് ഇല്ലാതാക്കും. അനിയന്ത്രിതമായ പാറ പൊട്ടിക്കല്‍ ഭൂമിക്കടിയില്‍ വിള്ളലുകള്‍ രൂപപ്പെടാനും ഭൂഗര്‍ഭജലനിരപ്പ് താഴാനും ഇടയാക്കും. മലമുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഉരുള്‍പൊട്ടലിനും കാരണമാകുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംസ്ഥാനത്തെ ക്വാറികൾ ഭീഷണിയാകുന്നുണ്ടോ എന്ന റോജി എം ജോൺ എംഎൽഎയുടെ നിയമസഭയിലെ ചോദ്യത്തിന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ 2019 ഫെബ്രുവരി ഏഴിന് നൽകിയ മറുപടി, എല്ലാ ക്വാറികളിലും ജിയോളജി വകുപ്പ് നേരിട്ട് ചെന്ന് പരിശോധന നടത്തുന്നുണ്ടെന്നാണ്. അനധികൃത ക്വാറികൾ ഉദ്യോഗസ്ഥ സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെയാണ് നടക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കരിങ്കല്‍, മണ്ണ്, മണല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top