Big stories

റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപോര്‍ട്ട് ചെയ്തു; മ്യാന്‍മര്‍ തടവറയിലാക്കിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം

500 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുലിറ്റ്‌സര്‍ പുരസ്‌കാരജേതാക്കളായ വാ ലോണ്‍ (33), ക്യോ സോ ഓ (29) എന്നിവര്‍ മോചിതരായത്. മ്യാന്‍മറിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നാരോപിച്ചുള്ള കേസില്‍ 2017 സപ്തംബറില്‍ ഏഴുവര്‍ഷത്തെ തടവുശിക്ഷയാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാര്‍ക്ക് വിധിച്ചത്.

റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപോര്‍ട്ട് ചെയ്തു; മ്യാന്‍മര്‍ തടവറയിലാക്കിയ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം
X

യംഗൂണ്‍: റോഹിന്‍ഗ്യന്‍ കൂട്ടക്കൊല റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ മോചിപ്പിച്ചു. 500 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുലിറ്റ്‌സര്‍ പുരസ്‌കാരജേതാക്കളായ വാ ലോണ്‍ (33), ക്യോ സോ ഓ (29) എന്നിവര്‍ മോചിതരായത്. മ്യാന്‍മറിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നാരോപിച്ചുള്ള കേസില്‍ 2017 സപ്തംബറില്‍ ഏഴുവര്‍ഷത്തെ തടവുശിക്ഷയാണ് റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാര്‍ക്ക് വിധിച്ചത്.

ഒമ്പതുമാസത്തെ വിചാരണയ്ക്കുശേഷമായിരുന്നു ശിക്ഷാവിധി. 2017 ഡിസംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. മ്യാന്‍മറിലെ പരമ്പരാഗത പുതുവല്‍സര ദിനത്തോട് (ഏപ്രില്‍ 17) അനുബന്ധിച്ച് ആയിരത്തോളം തടവുകാരെ പൊതുമാപ്പ് നല്‍കി പ്രസിഡന്റ് വിന്‍ മിയന്റ് വിട്ടയച്ചതിന്റെ ഭാഗമായാണ് ഇവരും ജയില്‍മോചിതരായത്. മ്യാന്‍മറിലെ രാഖൈന്‍ പ്രവിശ്യയില്‍ 10 റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ബുദ്ധമത അക്രമികളും സൈന്യവും ചേര്‍ന്ന് കൂട്ടക്കൊല നടത്തിയ സംഭവം റിപോര്‍ട്ട് ചെയ്യവെയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നത്.

സൈന്യം നടത്തിവരുന്ന കൂട്ടക്കുരുതികളില്‍ ഭയന്ന് 7.3 ലക്ഷം റോഗിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തുവെന്നായിരുന്നു യുഎന്‍ റിപോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റുചെയ്തതിനെതിരേ പൗരാവകാശപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിവിധ വിദേശസര്‍ക്കാരുകളും യുഎന്നും ആവശ്യപ്പെട്ടിരുന്നു. വിധിക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ മ്യാന്‍മാര്‍ സുപ്രിംകോടതിയും തള്ളിയിരുന്നു. താനൊരിക്കലും മാധ്യമപ്രവര്‍ത്തനം നിര്‍ത്തില്ലെന്ന് ജയിലില്‍നിന്ന് പുറത്തുവന്ന ലോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഞാന്‍ മാധ്യമപ്രവര്‍ത്തകനാണ്. അത് തുടരുക തന്നെ ചെയ്യും. എന്റെ ന്യൂസ് റൂമിലേക്ക് പോവുന്നതിനായി ഇനിയും കാത്തിരിക്കാന്‍ കഴിയില്ല- കൂടിനില്‍ക്കുന്നവരോട് ലോണ്‍ പറഞ്ഞു. 'മ്യാന്‍മാര്‍ ഞങ്ങളുടെ ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. അവര്‍ ലോകമെമ്പാടുള്ള മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരിക്കുന്നു'- എന്നാണ് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ ജെ അഡ്‌ലര്‍ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it