പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം; അത്യാസന്ന നിലയിലെന്ന് റിപോർട്ട്

Update: 2019-08-11 14:11 GMT

ബറേലി: പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം. ഉത്തർപ്രദേശിലെ ബറേലിയിൽ പൈഗ ഗ്രാമത്തിലാണ് സംഭവം. റൂപ്പുർ സൈഗ ഗ്രാമവാസിയായ മുസമ്മിൽ (40) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുസമ്മിലിനെ പോലിസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ബോധം വരാത്തതിനാൽ മൊഴി രേഖപ്പെടുത്താൻ പോലിസിന് ആയിട്ടില്ല.

മുസമ്മിലിന്റെ പരിക്കുകൾ ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അത്യാസന്ന നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ആന്തരികാവയവങ്ങൾ പ്രവർത്തന രഹിതമായതായാണ് റിപോർട്ടുകൾ. മുഖത്ത് മാരകമായ പരിക്കുകളുണ്ട്. ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം ഏത് കള്ളനാണ് രാവിലെ പത്ത് മണിക്ക് പശുക്കളെ മോഷ്ടിക്കാൻ ഇറങ്ങുകയെന്നാണ് മുസമ്മിലിന്റെ സഹോദരൻ പുട്ടാന ചോദിച്ചത്.ഡൽഹിയിൽ പഴം വിൽപ്പനക്കാരനാണ് മുസമ്മിലെന്നും അസുഖം ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹം നാട്ടിലേക്ക് വന്നതെന്നും പുട്ടാന പറഞ്ഞു. മുസമ്മിലിനെ മർദിച്ചതിന് ആർക്കെതിരെയും പോലിസ് കേസെടുത്തിട്ടില്ല. എന്നാൽ മുസമ്മിലിനും അജ്ഞാതനായ മറ്റൊരാൾക്കുമെതിരെ പിടിച്ചുപറിക്കും വീട്ടിനകത്ത് അതിക്രമിച്ച് കടന്നതിനും കേസെടുത്തിട്ടുണ്ട്. 

Tags:    

Similar News