സംവരണവിരുദ്ധ നിലപാട് ബിജെപിയുടെ 'വിചാരധാര' : കൊടിക്കുന്നില്‍ സുരേഷ്

ബിജെപി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ മുഖമാണ് ഈ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുല്‍ രോഹ്തഗി, പിഎസ് നരസിംഹയും വഴി വെളിവായത്.

Update: 2020-02-10 13:20 GMT

ന്യൂഡല്‍ഹി: പൊതുമേഖലാ നിയമനങ്ങളിലും പ്രൊമോഷനിലും സംവരണം ഏര്‍പ്പെടുത്താന്‍ അല്ലെങ്കില്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും അത്തരത്തില്‍ ഒരു നിര്‍ദേശം കോടതികള്‍ക്ക് സംസ്ഥാനങ്ങള്‍ക്കുമേല്‍ നിര്‍ബന്ധിക്കാനോ കഴിയില്ലെന്ന് സുപ്രിംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായം പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവിച്ചു .

ആര്‍ട്ടിക്കിള്‍ 16(4)യും 16(4A)യും വ്യാഖാനിച്ച സുപ്രിംകോടതി ജസ്റ്റിസ് നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയുടെയും രണ്ടംഗ ബെഞ്ച് എസ്‌സി/ എസ്ടി, വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ തൊഴിലവസരങ്ങളിലും സ്ഥാനക്കയറ്റത്തിലും സംവരണം മൗലികമായ അവകാശം ഇല്ലായെന്ന് പ്രസ്താവിക്കുക വഴി രാജ്യത്തെ പട്ടികജാതി പട്ടികവര്‍ഗ മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ഇടയില്‍ വ്യാപരിച്ച  ഭയത്തെ സാധൂകരിക്കുയാണ് ചെയ്തതെന്നും ഈ വിധിന്യായം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

എസ്‌സി / എസ്ടി പീഢന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ത്ത് മനുവാദികളുടെ ചട്ടുകമാകാനും ഉപരിവര്‍ഗങ്ങളുടെ ദലിതര്‍ക്കു മേലുള്ള ഹിംസാത്മക അധികാരത്തെ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിച്ച മുന്‍ കോടതി വിധിയെ ശക്തമായി നേരിട്ട ദലിത് പിന്നാക്ക വിഭാഗം സാമൂഹ്യനീതിക്ക് എതിരെയുള്ള കോടതികളുടെ വിധിന്യായങ്ങളെ ആശങ്കയോടെ മാത്രമാണ് കാണുന്നതെന്നും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനടി പരിഹാരം കാണുകയും എല്ലാ നിയമപരമായ സാധ്യതകളും തേടണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ മുഖമാണ് ഈ കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുകുല്‍ രോഹ്തഗി, പിഎസ് നരസിംഹയും വഴി വെളിവായത്. അവര്‍ വാദിച്ചത് പൊതുമേഖല നിയമനങ്ങളിലും പ്രൊമോഷനിലും സംവരണം മൗലിക അവകാശമല്ല എന്നും അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത്തരത്തില്‍ സംവരണം നല്‍കുന്നതിന് യാതൊരു ഭരണഘടനാ ബാധ്യതയും ഇല്ലെന്നുമാണ്. ബിജെപി സര്‍ക്കാരിന്റെ കാലയളവില്‍ പല പ്രമുഖ സ്ഥാനങ്ങളും വഹിച്ച ഈ അഭിഭാഷകരില്‍ കൂടി പുറത്തുവരുന്നത് ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റേയും സംവരണ വിരുദ്ധ, ദലിത് ആദിവാസി വിരുദ്ധ മുഖമാണ്, ഇത് ബിജെപിയുടെ അടിസ്ഥാന വിചാരവും വിചാരധാരയുമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

Full View

Tags:    

Similar News