പുല്‍വാമ ആക്രമണം നടത്താനുള്ള ശേഷി ജെയ്‌ഷെ മുഹമ്മദിനുണ്ടോയെന്ന് സംശയമെന്ന് പാക് മന്ത്രി

ജെയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ക്ഷയിച്ചെന്നും ഇത്രയും വലിയ ഒരാക്രമണം നടത്താന്‍ അവര്‍ക്ക് ശക്തിയില്ലെന്നും പാക് മന്ത്രി പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു ബലിയാടിനെ വേണം. ഈ സംഘടനകള്‍ ക്ഷയിച്ചുകഴിഞ്ഞു. അവര്‍ തങ്ങളുടെ നിയന്ത്രണത്തിലുമാണ്. പാകിസ്ഥാന്‍ സര്‍ക്കാരും പട്ടാളവും തമ്മില്‍ യോജിച്ചാണ് മുന്നോട്ടുപോവുന്നത്.

Update: 2019-02-17 19:58 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 ലധികം ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദിന് പ്രാപ്തിയുണ്ടോയെന്ന് തനിക്ക് സംശയമാണെന്ന് പാകിസ്ഥാന്‍ ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രി ഫവാദ് ചൗധരി. ജെയ്‌ഷെ മുഹമ്മദ് പോലുള്ള സംഘടനകള്‍ ക്ഷയിച്ചെന്നും ഇത്രയും വലിയ ഒരാക്രമണം നടത്താന്‍ അവര്‍ക്ക് ശക്തിയില്ലെന്നും പാക് മന്ത്രി പറഞ്ഞുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു ബലിയാടിനെ വേണം. ഈ സംഘടനകള്‍ ക്ഷയിച്ചുകഴിഞ്ഞു. അവര്‍ തങ്ങളുടെ നിയന്ത്രണത്തിലുമാണ്. പാകിസ്ഥാന്‍ സര്‍ക്കാരും പട്ടാളവും തമ്മില്‍ യോജിച്ചാണ് മുന്നോട്ടുപോവുന്നത്.

സര്‍ക്കാരിന്റെ സമാധാനശ്രമങ്ങളെ പട്ടാളം പിന്തുണയ്ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. സാമ്പത്തികഞെരുക്കം നേരിടുന്ന പാകിസ്ഥാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു സംഭവമായിരുന്നു പുല്‍വാമയിലേത്. ഇന്ത്യയുമായുള്ള സമാധാനത്തിന് താല്‍പര്യമില്ലാത്ത ഇരുരാജ്യങ്ങളിലെയും കക്ഷികള്‍ക്കാണ് ഈ ആക്രമണംകൊണ്ട് നേട്ടമുണ്ടായത്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യയിലെ ഭരണനേതൃത്വങ്ങള്‍ മനസ്സിലാക്കണം. ഒരു യുദ്ധമുണ്ടായാല്‍ കശ്മീരില്‍ നിരവധി മനുഷ്യരാണ് കൊല്ലപ്പെടുക. തങ്ങള്‍ അതിന് തയ്യാറല്ല. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢവും സുസ്ഥിരമാവുമെന്നുമായിരുന്നു തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, പുല്‍വാമ ആക്രമണം അതിനുള്ള സാധ്യതകള്‍ കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദേശീയ മാധ്യമത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News