നൈനിറ്റാള്‍: വര്‍ഗീയ കലാപത്തില്‍ ആളിക്കത്തുകയാണ് നൈനിറ്റാള്‍. ഒരു കരാറുകാരനെതിരേയുള്ള ലൈംഗിക പീഡനാരോപണക്കേസ് എങ്ങനെയാണ് വര്‍ഗീയ കലാപത്തിനും മുസ് ലിം കടകള്‍ക്ക് നേരെയുള്ള ആക്രമണത്തിനും കാരണമാവുന്നത് ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ന് നൈനിറ്റാളില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളത്രയും.
ഏപ്രില്‍ 30 ന് രാത്രിയാണ് ഉത്തരാഖണ്ഡിലെ നെനിറ്റാളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഉസ്മാന്‍ എന്നയാളെ പോലിസ് കസ്റ്റഡിയിലെടുക്കുന്നു. കോണ്‍ട്രാക്ടറായ ഉസ്മാന്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാവാണ് പോലിസില്‍ ഉസ്മാനെതിരേ പരാതി നല്‍കുന്നത്.
എന്നാല്‍, ഏപ്രില്‍ 30ന് രാത്രിയില്‍ മുസ് ലിംകള്‍ക്കെതിരേ നടപടിയെടുക്കണമെന്നവശ്യപ്പെട്ടാണ് ഹിന്ദുത്വര്‍ തെരുവിലിറങ്ങിയത്. എസ്പി ജഗദീഷ് ചന്ദ്രയുടെ ഓഫീസും പ്രാദേശിക ജുമാ മസ്ജിദും സംഘങ്ങള്‍ 'ഘെരാവോ' ചെയ്തു.
'അബ് തക് ജിസ്‌കാ ഖൂന്‍ ന ഖൗല, വോ ഖൂന്‍ നഹി പാനി ഹേ (ആരുടെയെങ്കിലും രക്തം ഇപ്പോള്‍ തിളയ്ക്കുന്നില്ലെങ്കില്‍ അത് രക്തമല്ല, വെള്ളമാണ്)' 'ജയ് ശ്രീറാം', 'ഹര്‍ ഹര്‍ മഹാദേവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഹിന്ദുത്വര്‍ കലാപാഹ്വാനവുമായി തെരുവിലിറങ്ങി. ഹിന്ദുക്കള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നു എന്ന് ആക്രോശിച്ച അവര്‍ അങ്ങനെ വര്‍ഗീയ വിദ്വേഷത്തിനു വിത്തു പാകി. ഒറ്റ രാത്രി കൊണ്ട് നെനിറ്റാളിലെ മുസിലിം കള്‍ 'ആക്രമകാരികളും' പ്രത്യക 'ജീവി വര്‍ഗവ'ുമായി മാറ്റപ്പെട്ടു.
പ്രദേശത്തെ മുസ് ലിം കടകള്‍ തകര്‍ത്തെറിഞ്ഞ ഹിന്ദുത്വര്‍ മുസ് ലിംകളുടെ വീടുകള്‍ക്കും നാശ നഷ്ടം വരുത്തി. മുസ് ലിം ആയതിന്റെ പേരില്‍ മാത്രം പലരും ആക്രമിക്കപ്പെട്ടു. ഗാഡി പടവ് പ്രദേശത്തെ ബാര ബസാറില്‍ മുസ് ലിംകളുടെ 30 ഓളം കടകള്‍ നശിപ്പിക്കുകയും കടകള്‍ക്ക് മുന്നില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. ഗാഡി പടവ് മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. മാര്‍ക്കറ്റിലെ കടയുടമകളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവരില്‍ പലര്‍ക്കും പരിക്കേറ്റു. പലരും ആശുപത്രിയിലായി.
ഹിന്ദുത്വരെ കണ്ട് പേടിച്ച കടയുടമകളില്‍ പലരും കട അടച്ചു പൊയ്‌ക്കോളാം എന്നു പറഞ്ഞിട്ടും അടക്കാന്‍ പോലും സാവകാശം തരാതെ അടിച്ചു തകര്‍ത്തെന്ന് പ്രദേശവാസികളായ മുസ് ലിംകള്‍ പറഞ്ഞു. പോലിസ് ഇതിനോടകം 25ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും അക്രമസംഭവങ്ങള്‍ക്ക് നൈനിറ്റാളില്‍ യാതൊരു കുറവുമില്ലെന്ന് അവിടത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാകും. 'മുസ് ലിംകളെ വെട്ടുക, അവരെ അടിക്കുക, അവരുടെ കടകള്‍ നശിപ്പിക്കുക', എന്ന് ആക്രോശിച്ചുകൊണ്ട് കലാപം സൃഷ്ടിച്ച ഹിന്ദുത്വര്‍ അവിടെ നടത്തിയ അക്രമ സംഭവങ്ങളുടെ ആഴം എത്രത്തോളമുണ്ടെന്നത് വിവരണാതീതമാണ്.
'മറ്റൊരു സമുദായമാണ് നൈനിറ്റാളിനെ ഇങ്ങനെയാക്കി മാറ്റിയത്. ഞങ്ങള്‍ അധികാരികളുമായി സംസാരിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ പ്രതിയുടെ വീട് പൊളിച്ചുമാറ്റും. നൈനിറ്റാളില്‍ ഇത്തരമൊരു സാഹചര്യം അനുവദിക്കില്ല,'-പ്രാദേശിക ബിജെപി നേതാവ് മനോജ് ജോഷി പറഞ്ഞു. അതേസമയം, മറ്റൊരു ഹിന്ദുത്വ നേതാവായ വിവേക് വര്‍മ്മ സംഭവത്തില്‍ തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമല്ല, മു സ് ലിംകളുടെ ഇറച്ചിക്കടകളും ഒരു വിഷയമായി ചൂണ്ടിക്കാട്ടാന്‍ മറന്നില്ല.
'മൂന്ന് മാസമായി ആ പുരുഷന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയാണ്. ഇപ്പോള്‍ പെണ്‍കുട്ടി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മുസ് ലിംകളുടെ പ്രവര്‍ത്തികള്‍ ഒന്നും ഇവിടെ ആര്‍ക്കും ഇഷ്ടമല്ല, അവരുടെ പ്രവര്‍ത്തികള്‍ ഒന്നും ശരിയല്ല. ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൊക്കെ ഇവരുടെ ബിരിയാണി കടകളുണ്ട്. നവരാത്രി സമയത്ത് ഞങ്ങള്‍ വ്രതമനുഷ്ഠിച്ചിരുന്നു, ആ സമയത്ത്, ഞങ്ങളുടെ അമ്മമാരും സഹോദരിമാരും ആ വഴിയിലൂടെ കടന്നു പോകാന്‍ നന്നേ പാടു പെട്ടു. സ്ത്രീകള്‍ക്ക് മുഖം മൂടി കടന്നുപോകേണ്ട സ്ഥിതിയാണ്. ഹിന്ദു സമൂഹം ഇതില്‍ രോഷാകുലരാണ്. അതു കൊണ്ടു തന്നെ അവരുടെ കടകള്‍ അടച്ചുപൂട്ടുക എന്നതാണ് തങ്ങളുടെ നിലപാട്' ഹിന്ദുത്വ നേതാവ് വിവേക് വര്‍മ്മ പറഞ്ഞു.
പിറ്റേന്ന്, മെയ് 2 ന് ഹല്‍ദ്വാനിയില്‍, ഹിന്ദുക്കള്‍ പ്രതിഷേധം നടത്തിയത് കുറ്റാരോപിതനായ വ്യക്തിക്കെതിരേ കേസെടുക്കണം എന്നു പറഞ്ഞു മാത്രമല്ല, എല്ലാ മുസ് ലിംകളുടെയും കടകള്‍ അടപ്പിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു. റെസ്റ്റോറന്റില്‍ നിന്ന് രണ്ട് പുരുഷന്മാരെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോയും പുറത്തു വന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അവര്‍ രണ്ടു പേരും നാടുവിട്ടു പോയി എന്ന വാര്‍ത്തകളും വന്നു.
പേരിന്റെ അടിസ്ഥാനത്തില്‍ മാത്രം പോലിസുകാരും ആക്രമിക്കപ്പെട്ടു. സബ് ഇന്‍സ്‌പെക്ടര്‍ ആസിഫ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വിഡിയോ പ്രചരിച്ചത് അക്രമ സംഭവങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതായിരുന്നു. മുസ് ലിം എന്നത് മാത്രമായിരുന്നു അവിടെ വിഷയം.
लोकेशन : मल्लीताल,नैनीताल,उत्तराखंड
— The Muslim (@TheMuslim786) May 3, 2025
मुस्लिम पुलिसकर्मी पर दंगाइयों ने किया हमला।
मल्लीताल थाने में एक ईमानदार पुलिसकर्मी सब-इंस्पेक्टर आसिफ खान पर दंगाइयों ने हमला कर दिया। उनकी वर्दी खींची गई, गाली-गलौज की गई, जान से मारने की धमकी दी गई। और सबसे दिल दहला देने वाली बात? वहां… pic.twitter.com/oz3r8fPHFZ
ബലാല്‍സംഗ കേസിന് ശേഷം നൈനിറ്റാളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ സ്വമേധയാ കേസെടുത്ത ഉത്തരാഖണ്ഡ് ഹൈക്കോടതി, ക്രമസമാധാനം പാലിക്കാനും, അക്രമം തടയാനും പോലിസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അക്രമങ്ങള്‍ കുറഞ്ഞില്ല എന്നു മാത്രമല്ല, മുസ് ലിംകളില്‍ പലരും സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയിലേക്കു വരെയെത്തി കാര്യങ്ങള്‍.
സംഘര്‍ഷങ്ങള്‍ക്കിടെ ഉസ്മാന്റെ വീട് പൊളിച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടം നോട്ടിസയച്ചു. ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍രാജ് നയത്തിന്റെ ഭാഗമാണിതെല്ലാം എന്ന് തെളിഞ്ഞു വന്ന സമയമായിരുന്നു അത്. ജീവിതം വഴിമുട്ടിയ ഉസ്മാന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണെേ്രത ഉസ്മാന്‍ വീട് പണിതിരിക്കുന്നത്.
വീട് 'നിയമവിരുദ്ധമാണെന്ന്' ഒരു ദിവസത്തിനുള്ളില്‍ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ച കോടതി മുനിസിപ്പല്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. കുറഞ്ഞത് 15 ദിവസത്തിന് പകരം മൂന്ന് ദിവസത്തെ നോട്ടിസ് നല്‍കി പൊളിക്കല്‍ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച ജില്ലാഭരണകൂടത്തിന് സുപ്രിം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയില്ലേ എന്നും കോടതി ആരാഞ്ഞു. കോടതിക്കു മുന്നില്‍ അടിയറവു പറഞ്ഞ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടിസ് പിന്‍വലിച്ചു.
പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധത്തിന്റെ ആവശ്യകത എന്തായിരുന്നുവെന്ന് ചോദിച്ച കോടതി എന്തിനാണ് ഒരു വിഷയത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത് എന്ന് ആവര്‍ത്തിച്ചു. കോടതിയുടെ ഈ ആവര്‍ത്തനത്തിലുണ്ട്, പെണ്‍കുട്ടിക്ക് നീതി വാങ്ങി കൊടുക്കലായിരുന്നില്ല മറിച്ച് മുസ് ലിം സമുദായത്തെ ഒറ്റു തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു ഹിന്ദുത്വരുടെ ലക്ഷ്യം എന്ന വസ്തുത.

