അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണയെന്ന് വ്യാജ പ്രചരണം: ആരോഗ്യ വകുപ്പ് പോലിസില്‍ പരാതി നല്‍കി

ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പോലിസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 9 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച അഞ്ചു പേരെ ഇന്നലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ നിലവില്‍ ഉള്ള ആളുകളുടെ എണ്ണം 336 ആണ്. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല

Update: 2020-02-14 03:57 GMT

കൊച്ചി:അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊറോണ റിപോര്‍ട് ചെയ്തു വെന്ന തരത്തില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് പോലിസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് പോലിസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 9 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച അഞ്ചു പേരെ ഇന്നലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ നിലവില്‍ ഉള്ള ആളുകളുടെ എണ്ണം 336 ആണ്. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരുടെ രക്തം,സ്രവം സാമ്പിളുകള്‍ ആലപ്പുഴ എന്‍ ഐ വിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

രോഗം സംശയിക്കുന്നവരെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നത്.30 കിടക്കകള്‍ അടങ്ങിയ ഐസൊലേഷന്‍ വാര്‍ഡാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. ഒരു ഷിഫ്റ്റില്‍ ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു അറ്റന്‍ഡര്‍,ഒരു ക്ലീനിംഗ് സ്റ്റാഫ്, ഒരു എക്‌സറേ ടെക്‌നീഷ്യന്‍ എന്നിവരാണ് ഡ്യൂട്ടിയില്‍ ഉള്ളത് . കൊറോണ പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ധരിച്ച് 4 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ 6 ഷിഫ്റ്റുകളിലായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആര്‍ എം ഓ ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കൊഴികെ മറ്റാര്‍ക്കും ഇവിടെ പ്രവേശനം ഇല്ല . എയര്‍പോര്‍ട്ടില്‍ നിന്നും രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ മെഡിക്കല്‍ കോളേജിലേക്ക് നേരിട്ടും വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് നല്‍കുന്നതനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സില്‍ ഐസോലേഷന്‍ വാര്‍ഡിലെ ട്രയാജ് ഏരിയയില്‍ എത്തിച്ച് സാംപിള്‍ എടുക്കും.

തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്കായി അയക്കും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അഡ്മിറ്റ് ചെയ്യേണ്ട വ്യക്തികളാണെങ്കില്‍ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റും അല്ലാത്തവരെ ആബുംലന്‍സില്‍ തന്നെ വീടുകളില്‍ എത്തിച്ച് നിരീക്ഷണത്തില്‍ തുടരുവാന്‍ നിര്‍ദ്ദേശിക്കും.ഇതുവരെ മെഡിക്കല്‍ കോളേജിലെ ഐസോലെഷന്‍ വാര്‍ഡില്‍ പ്രവശിപ്പിച്ചത് 19 പേരെയാണ്. . ഈ പത്തൊന്‍പത് പേരുടെയും പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആണ്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ഐസൊലേഷന്‍ വാര്‍ഡിന്റെ നോഡല്‍ ഓഫീസര്‍ ആയ ആര്‍ എം ഒ ഡോ. ഗണേഷ് മോഹന്‍, എ. ആര്‍. എം. ഒ ഡോ മനോജ് ആന്റണി , കമ്മ്യൂണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍, സാമ്പിള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നോഡല്‍ ഓഫിസര്‍ ആയ ഡോ. നിഖിലേഷ് മേനോന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു 

Tags:    

Similar News